ടീം എമ്പുരാൻ്റെ മാർക്കറ്റിങ് സ്ട്രാറ്റർജിയാണ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്. റിലീസായി 5 ദിവസം കൊണ്ട് മാത്രം 200 കോടി ക്ലബിലാണ് എമ്പുരാൻ എത്തിയിരിക്കുന്നത്. സിനിമയ്ക്ക് എതിരെ ഉയർന്ന വിവാദങ്ങളാണ് ഇത്തരമൊരു നേട്ടത്തിന് കളമൊരുക്കിയിരിക്കുന്നത്. 2002 – ലെ ഗുജറാത്ത് കലാപത്തെ ഏകപക്ഷീയമായി തെറ്റായി ചിത്രീകരിച്ചു എന്ന് ആരോപിച്ച് ആർ.എസ്.എസും സംഘപരിവാർ സംഘടനകളും പരസ്യമായി രംഗത്ത് വന്നതും, ഈ വാദം ഏറ്റെടുത്ത് അവരുടെ അനുഭാവികൾ സോഷ്യൽ മീഡിയകൾ കേന്ദ്രീകരിച്ച് എമ്പുരാന് എതിരെ നടത്തിയ പ്രചരണങ്ങളുമാണ് എമ്പുരാൻ്റെ തലയിലെഴുത്ത് മാറ്റി മറിച്ചിരിക്കുന്നത്.
ശരാശരി സിനിമ എന്ന രീതിയിൽ മാത്രം പരിഗണിക്കപ്പെടേണ്ട ഒരു സിനിമയായിരുന്നു എമ്പുരാൻ, സിനിമ കണ്ടിറങ്ങിയ പൊതുസമൂഹത്തിൻ്റെ നിലപാടും അതു തന്നെയായിരുന്നു. എന്നാൽ, സിനിമയ്ക്ക് എതിരെ സംഘപരിവാറും ആർ.എസ്.എസ് മുഖപത്രവും രംഗത്ത് വന്നതോടെയാണ് സംഘവിരുദ്ധരായവർ എല്ലാം തന്നെ സംഘടിക്കുകയും, അത് വിവാദം ആളിക്കത്തിക്കാൻ ഇടവരുത്തുകയും ചെയ്തിരുന്നത്. സിനിമ പുറത്തിറങ്ങിയത് മുതൽ മുഖ്യധാര മാധ്യമങ്ങളിലെ പ്രധാന വാർത്തയും ചർച്ചയുമെല്ലാം എമ്പുരാനും ഗുജറാത്ത് കലാപവുമായിരുന്നു.
ഇത് പരസ്യ ചിലവ് ഇനത്തിൽ കണക്കാക്കിയാൽ, എമ്പുരാൻ ഇപ്പോൾ നേടിയ 200 കോടിയിൽ നല്ലൊരു പങ്കും ആ ഇനത്തിലാണ് വകയിരുത്തപ്പെടുമായിരുന്നത്. ഇവിടെയാണ് ഒരു പണചിലവുമില്ലാതെ ഇത്രയും ദിവസം ഫുൾടൈം സ്ക്രീൻ സ്പെയ്സ് എമ്പുരാന് ലഭിച്ചിരിക്കുന്നത്. ചാനലുകളുടെ അവസ്ഥ ഇതാണെങ്കിൽ, പത്രങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. എമ്പുരാൻ വിവാദമില്ലാതെ ഒരു ദിവസവും പത്രങ്ങൾ ഇറങ്ങിയിട്ടില്ല. സോഷ്യൽ മീഡിയകളിലെ അവസ്ഥയും വ്യത്യസ്തമല്ല. സംഘപരിവാർ പ്രാഫൈലുകളുടെ എമ്പുരാൻ ബഹിഷ്ക്കരണത്തിന് എതിരെ, സംഘപരിവാറിൻ്റെ രാഷ്ട്രീയ എതിരാളികൾ സംഘടിച്ചാണ് പ്രതിരോധം തീർത്തിരുന്നത്. അതിപ്പോൾ പാർലമെൻ്റിൽ വരെ എത്തിയിരിക്കുകയാണ്.മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും പരിഹസിക്കുന്ന ദൃശ്യങ്ങൾ എമ്പുരാനിൽ ഉണ്ടായിട്ടും അതെല്ലാം മറന്നാണ് ഇടതുപക്ഷം എമ്പുരാന് വേണ്ടി നിറഞ്ഞാടിയിരുന്നത്. മുഖ്യമന്ത്രി തന്നെ സിനിമ കണ്ട് നടത്തിയ പ്രതികരണവും സംഘപരിവാർ വിരുദ്ധ മനസ്സുകളെ സ്വാധീനിച്ചിട്ടുണ്ട്. ഇത് സിനിമയുടെ കളക്ഷൻ വർദ്ധിപ്പിക്കുന്നതിനും ഒരു വഴിത്തിരിവായിട്ടുണ്ട്. സി.പി.എമ്മിന് പുറമെ കോൺഗ്രസ്സ് – യു.ഡി.എഫ് നേതാക്കൾ കൂടി എമ്പുരാന് വേണ്ടി രംഗത്ത് വന്നതും എമ്പുരാൻ്റെ വലിയ സാമ്പത്തിക നേട്ടത്തിന് കാരണമായിട്ടുണ്ട്.
200 ഓളം കോടി രൂപ ചിലവിട്ട് നിർമ്മിച്ചതായി വിലയിരുത്തപ്പെടുന്ന എമ്പുരാൻ്റെ അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചത് തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്നത് വ്യക്തം. സിനിമയുടെ വൻ വാണിജ്യ വിജയം ലക്ഷ്യമിട്ട് മാത്രമാണ് 23 വർഷം മുൻപ് നടന്ന ഗുജറാത്ത് കലാപത്തെ സിനിമയിലേക്ക് വലിച്ചിഴച്ചിരിക്കുന്നത്. അതല്ലാതെ ഗുജറാത്ത് കലാപത്തിൽ ഇരയായവരുടെ കണ്ണീരിൽ 22 വർഷത്തിനിപ്പുറം വേദന തോന്നിയിട്ടല്ല. പ്രിഥ്വിരാജിൻ്റെയും മുരളീ ഗോപിയുടെയും മുൻകാല നിലപാടുകൾ പരിശോധിച്ചാൽ തന്നെ, അവർക്ക് രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളിലുള്ള ആഴത്തിലുള്ള അറിവ് മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ടാണ് മോഹൻലാലിൻ്റെ ഖേദപ്രകടനമൊന്നും ഏശാതെ പോയത്.
ഗുജറാത്ത് കലാപം ഇത്തരത്തിൽ ചിത്രീകരിച്ചത് താനറിഞ്ഞില്ല എന്ന് മോഹൻലാലോ, അദ്ദേഹത്തിൻ്റെ അടുപ്പക്കാരോ പറഞ്ഞത് കൊണ്ട് മാത്രം ഉത്തരവാദിത്വത്തിൽ നിന്നും മോഹൻലാലിന് ഒഴിഞ്ഞുമാറാൻ കഴിയുകയില്ല. മോഹൻലാലും പൃഥ്വിരാജും മുരളി ഗോപിയുമെല്ലാം ഇക്കാര്യത്തിൽ ഒരു പോലെ കുറ്റക്കാരാണ്. ഈ സിനിമയുടെ പ്രധാന പ്രമേയവുമായി ഒരു ബന്ധവും ഇല്ലാത്ത കലാപരംഗങ്ങളാണ് നിങ്ങൾ ചിത്രീകരിച്ച് വച്ചിരിക്കുന്നത്.
കേരളം ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ സാഹസത്തിന് മുതിരില്ലെങ്കിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രീതി വ്യത്യസ്തമാണ്. വർഗ്ഗീയ പ്രചരണം നടത്തുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചു എന്ന ഒറ്റക്കാരണത്താൽ അനവധി പേരെ ജയിലിലടച്ച സംസ്ഥാന ഭരണകൂടങ്ങളാണ് അവിടെയുള്ളത്. എമ്പുരാൻ ഒരു പാൻ ഇന്ത്യൻ സിനിമ ആയതിനാൽ എവിടെ വേണമെങ്കിലും കേസ് രജിസ്റ്റർ ചെയ്യാനും തടസ്സമുണ്ടാകുകയില്ല. അത്തരം ഒരു കടുത്ത നീക്കത്തിലേക്ക് ബി.ജെ.പി – ആർ.എസ്.എസ് നേതൃത്വം പോകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
ഗുജറാത്ത് കലാപത്തിൻ്റെ തുടക്കവും ഒടുക്കവും മതേതര ഇന്ത്യയുടെ കടയ്ക്കലാണ് കത്തിവച്ചിരുന്നത്. മനസാക്ഷിയുള്ള ആരും തന്നെ ഈ കലാപത്തെ ന്യായീകരിക്കുകയുമില്ല. എന്നാൽ, ഈ കലാപത്തെ കേവലം വാണിജ്യ താൽപ്പര്യത്തിനായി മാത്രം സിനിമയിൽ ചിത്രീകരിച്ച് വിളവെടുപ്പ് നടത്തുന്നത് ആരായാലും എതിർക്കുക തന്നെ വേണം. പ്രേക്ഷക മനസ്സിൽ വർഗ്ഗീയതയുടെ വിഷം കുത്തിവയ്ക്കാൻ ആര് ശ്രമിച്ചാലും അവർ രാജ്യ ദോഹികളാണ്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും സമാധാനത്തോടെ കഴിയുന്ന കേരളത്തിൽ തന്നെ, ഇത്തരം ഒരു പ്രമേയം ഈ ഘട്ടത്തിൽ അവതരിപ്പിച്ചതിന് പിന്നിൽ, എമ്പുരാൻ്റെ സാമ്പത്തിക താൽപ്പര്യത്തിനും അപ്പുറം മറ്റെന്തെങ്കിലും ഉണ്ടോ എന്നതും അന്വേഷിക്കപ്പെടേണ്ടതാണ്.
സത്യൻ അന്തിക്കാട് സിനിമയായ സന്ദേശം പോലെയോ മറ്റേതെങ്കിലും രാഷ്ട്രീയ സിനിമകൾ പോലെയോ നിസാരവൽക്കരിക്കേണ്ട പ്രമേയമല്ല എമ്പുരാൻ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു തീപ്പൊരി വീണാൽ ആളിക്കത്തുന്ന വിഷയമാണ് അവർ എടുത്ത് പ്രയോഗിച്ചിരിക്കുന്നത്. സംഘപരിവാർ രാഷ്ട്രീയത്തെ ശക്തമായി എതിർക്കുമ്പോൾ തന്നെ, ഈ യാഥാർത്ഥ്യവും പറയാതിരിക്കാൻ കഴിയുകയില്ല.
ഇത്രയും സെൻസിറ്റീവായ വിഷയം ചിത്രീകരിച്ചിട്ടും സെൻസർ ബോർഡിന് ഗൗരവം മനസ്സിലായില്ലങ്കിൽ, സെൻസർ ബോർഡ് അംഗങ്ങളെയും എമ്പുരാൻ ടീം വിലയ്ക്ക് വാങ്ങിയോ എന്നതും, പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്. വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും ഉള്ള ഭാഗങ്ങൾ കട്ട് ചെയ്യാൻ നിർദ്ദേശിക്കാനുള്ള അധികാരം സെൻസർ ബോർഡിനാണുള്ളത്. ആ ചുമതല നടപ്പാക്കാത്തതിന് പിന്നിലെ ‘അജണ്ട’യും ദുരൂഹമാണ്. അതേസമയം, കലാപ ദൃശ്യത്തിൽ ഗർഭിണിയെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന സീൻ ഉൾപ്പെടെ ചില ഭാഗങ്ങൾ വിവാദത്തെ തുടർന്ന് സിനിമയിൽ നിന്നും ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. 24 മാറ്റങ്ങൾ വരുത്തിയ പുതിയ പതിപ്പാണ് ഇനി മുതൽ തിയറ്ററുകളിൽ ദൃശ്യമാകുക.
