പ്രത്യേക ലേഖകന്‍
കൊച്ചി: സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായി തന്നെ തുടരുകയാണ്. കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ഒട്ടേറെ പേരാണ് ഏറ്റെടുത്തിരിക്കുന്നത്. യുവാക്കള്‍ക്ക് കേരളത്തില്‍ ജോലി ലഭിക്കുന്നില്ലെന്നാണ് ബിജെപി നേതാവും, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവദേക്കര്‍ തുറന്നടിച്ചത്. ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്കോ, രാജ്യങ്ങളിലേക്കോ യുവാക്കള്‍ക്ക് പോകേണ്ടി വരുന്നുവെന്നും ജാവദേക്കര്‍ പറഞ്ഞു. ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കവെ ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ട സംഭവം പരാമര്‍ശിച്ചാണ് ജാവദേക്കര്‍ ഇക്കാര്യം പറഞ്ഞത്. ആ സംഭവം വെറും വിസ തട്ടിപ്പല്ലെന്നും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ എല്‍ഡിഎഫും, യുഡിഎഫും പൂര്‍ണമായി പരാജയപ്പെട്ടെന്നും ജാവദേക്കര്‍ വിമര്‍ശിച്ചു.
അതേസമയം, കേരളത്തിലെ സ്ത്രീകളില്‍ 47.1% ഉം പുരുഷന്മാരില് 19.3% ഉം തൊഴില്‍രഹിതരാണ്. പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സംസ്ഥാനത്ത് വരുന്നില്ല. തന്മൂലം യുവാക്കള്‍ തൊഴില്‍ തേടി മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്. അവിടെ അപകട സാധ്യതയുള്ളതും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളിലാണ് പലരും ജോലി ചെയ്യുന്നത്. യോഗ്യതയുള്ള യുവാക്കള്‍ക്കുള്ള സര്‍ക്കാര്‍ തസ്തികകള്‍ പോലും നികത്തപ്പെടുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. രാജ്യത്തെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കിന്റെ പട്ടികയില്‍ കേരളം ഒന്നാംനിരയിലാണ്. ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്ക്കുമൊന്നും യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് കേരളം.
ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്നത്. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോയി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എത്തുന്നവര്‍ വേറെയും. ഇവര്‍ക്കെല്ലാം തൊഴില്‍ എന്ന സ്വപ്നം ഏറെ വിദൂരത്തില്‍ ആണെന്നതാണ് യാഥാര്‍ത്ഥ്യം. പഠന സര്‍ട്ടിഫിക്കറ്റുകള്‍ കയ്യില്‍ പിടിച്ച് തൊഴില്‍ തേടി യുവാക്കള്‍ തലങ്ങും വിലങ്ങും നടക്കുകയാണെന്നര്ത്ഥം. കോവിഡിന്റെ ആഘാതം കേരളത്തിലെ തൊഴില്‍ മേഖലയെ വലിയ രീതിയിലാണ് ബാധിച്ചത്. കോവിഡിനെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍നിന്ന് പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ നിന്ന് ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയതോടെ തൊഴിലില്ലായ്മയുടെ ആഘാതം ഇരട്ടിയായി.
തൊഴിലില്ലായ്മയുടെ രൂക്ഷത വെളിവാക്കുന്നതാണ് കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക്. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് ഓഫീസും റീജ്യണല്‍ ഡെപ്യൂട്ടി ഡയക്ടറേറ്റ് ഓഫീസും അടക്കം 110 സംസ്ഥാന എംപ്ലോയ്മെന്റ് ഓഫീസുകളാണ് കേരളത്തിലുള്ളത്. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷങ്ങളായി ശരാശരി 15,000 ത്തില്‍ താഴെ നിയമനങ്ങള്‍ മാത്രമാണ് ഓരോ വര്‍ഷവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി നടക്കുന്നത്.
എന്‍ജീനീയറിംഗ് ബിരുദധാരികളും ബിരുദാനന്തര ബിരുദം നേടിയവരുമെല്ലാം തൊഴില്‍ രഹിതരുടെ കാര്യത്തില്‍ മുന്‍പന്തിയിലുണ്ട്. വിദ്യാഭ്യാസ-സാമൂഹ്യ മേഖലകളില്‍ കൈവരിച്ച വലിയ നേട്ടംമുലം സാധാരണ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ മടിക്കുന്നതാണ് കേരളത്തില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നവര്‍ പറയുന്നത്. വൈറ്റ് കോളര്‍ ജോലിവേണമെന്ന നിര്‍ബന്ധ ബുദ്ധിയുള്ളവരാണ് വിദ്യാസമ്പന്നരില്‍ വലിയ വിഭാഗവും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ തൊഴില്‍ ശാലകളുടെ എണ്ണത്തിലുള്ള വലിയ കുറവും തൊഴിര്‍ രഹിതരെ സൃഷ്ടിക്കുന്നുണ്ട്.
നിര്‍മാണ മേഖലയിലും പരമ്പരാഗത തൊഴില്‍ മേഖലകളിലും ജോലിയെടുക്കാന്‍ കേരളത്തിലെ ചെറുപ്പക്കാര്‍ വലിയ തോതില്‍ വിമുഖത കാണിക്കുന്നുണ്ട്. ഈ അവസരങ്ങള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ മുതലെടുക്കുകയാണ്. അതുകൊണ്ടാണ് കേരളത്തില്‍ വലിയ തോതില്‍ തൊഴിലില്ലായ്മ രേഖപ്പെടുത്തുമ്പോഴും ലക്ഷക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികള്‍ ഇവിടെ ജോലിക്കെത്തുന്നത്.
ചെന്നെ, ബംഗളൂരു, മുംബൈ പോലുള്ള മെട്രോ നഗരങ്ങളില്‍ ജോലി ചെയ്യാനാണ് കേരളത്തില്‍ നിന്നുള്ള വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ ഇപ്പോള്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നതെന്ന് സ്വകാര്യ എംപ്ലോയ്മെന്റ് റിക്രൂട്ടിംഗ് ഏജന്‍സി ഉടമകള്‍ പറയുന്നു. സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികള്‍ കേരളത്തില്‍ തഴച്ച് വളരുകയാണ്. പഠനത്തിന് വേണ്ടിയും മലയാളി യുവത്വം കേരളം വിട്ട് അന്യ രാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ മലയാളികള്‍ ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും കുടിയേറ്റം നടത്തി അവിടെ ഒരു മിനി കേരളം സൃഷ്ടിക്കുകയാണ്. ലോകത്തുള്ള 95 ശതമാനം രാജ്യങ്ങളിലും ഇന്ന് മലയാളികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നോര്‍ക്ക റൂട്ട്സ് പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തിലെ 195 രാജ്യങ്ങളില്‍ 182 ഇടങ്ങളിലും മലയാളികളുണ്ടെന്നാണ് പറയുന്നത്.
ഇനി വരും വര്‍ഷങ്ങളിലും മലയാളികള്‍ നമ്മുടെ നാട് വിട്ട വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ്. മലയാളികളുടെ ഈ ആഗോള കുടിയേറ്റം രണ്ട് തരത്തിലാണ് കേരളത്തെ ബാധിക്കുന്നത്. അതില്‍ ഒന്ന്, നമ്മുടെ സമ്പദ് വ്യവസ്ഥയെ സഹായിച്ചിരുന്ന വിദേശ പണത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നു. മറ്റൊന്ന്, വിദേശത്ത് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ കാര്യം വരുമ്പോള്‍ ഫണ്ടിന്റെ ഒഴുക്ക് അങ്ങോട്ടേക്ക് പോകുന്നു. മറ്റൊരു ദുഖസത്യം എന്താണെന്ന് വച്ചാല്‍, കേരളത്തിലെ ലക്ഷക്കണക്കിന് വീടുകള്‍ അടഞ്ഞു കിടക്കുമ്പോള്‍ ആയിരക്കണക്കിന് കോളേജ് സീറ്റുകളില്‍ വിദ്യാര്‍ത്ഥികളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. പ്രകൃതി ഭംഗിയെടുത്താലും സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍ എടുത്താലും കേരളം ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് യുവാക്കള്‍ കേരളം വിടുന്നതെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ചകളും അമിത രാഷ്ട്രീയ ഇടപെടലുകളും ഇതിന് കാരണമാണെന്ന് പൊതുവേ ചൂണ്ടിക്കാട്ടപ്പെടുന്നു.
