സ്വന്തം ലേഖകൻ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപത്ത് ഒരുകാലത്ത് ഈ സർക്കാർ തന്നെ സംസ്ഥാനത്തിന് അഭിമാനമെന്ന് ഏറെ വാഴ്ത്തു പാട്ടുകൾ പാടിയ ആശാവർക്കർമാർ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. അവരുടെ ഐതിഹാസികമായ സമരം ഒരു മാസത്തോട് അടുക്കുകയാണ്. ആത്മാഭിമാനത്തോടെ ജീവിക്കുവാൻ വേണ്ടിയാണ് ഒരു കൂട്ടം സ്ത്രീകൾ ഭരണസിരാകേന്ദ്രത്തിനു മുൻപിൽ പോരാട്ടം നയിക്കുന്നത്. തൊഴിലാളി സമരങ്ങളുടെ പേരിൽ അധികാരത്തിലേക്ക് വന്നവർ കാമ്പുള്ള ഒരു തൊഴിലാളി സമരത്തെ പരിപൂർണ്ണമായും തള്ളിക്കളയുകയാണ്. അധികാരത്തിന്റെ എല്ലാ ശക്തിയും ഉള്ളപ്പോഴും സർക്കാരും സിപിഎമ്മും സമരത്തെ പരമാവധി അധിക്ഷേപിച്ച് ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. വർഗങ്ങളെയും വർഗസമരങ്ങളെയും സംബന്ധിച്ച സിപിഎമ്മിന്റെ പിഴച്ച കാഴ്ചപ്പാടുകളാണ് തൊഴിൽ സമരങ്ങളെ തള്ളിപ്പറയാൻ അവരെ പ്രേരിപ്പിക്കുന്നത്.
തങ്ങൾക്ക് ആഭിമുഖ്യമോ നേതൃത്വമോ ഇല്ലാത്ത സമരങ്ങളെ അവഹേളിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നത് സിപിഎമ്മിന്റെ രീതിയാണ്. സമരം സ്ത്രീപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണെങ്കിൽ അതിനെ അശ്ലീലം കലർന്ന രീതിയിൽ പരിഹസിക്കുന്നതും ഇതിന്റെ ഭാഗം തന്നെ. രണ്ടാഴ്ചയോളമായി സമരം ചെയ്യുന്ന ആശാ വർക്കർമാർക്കെതിരെ സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം നടത്തിയ അധിക്ഷേപങ്ങൾ വേദനാജനകമാണ്. മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടുന്നത് ഹരമായി കാണുന്ന ചില സ്ത്രീകളാണ് സെക്രട്ടേറിയറ്റിനു മുമ്പിലിരിക്കുന്നതെന്നും മാധ്യമങ്ങളുടെ ശ്രദ്ധ കുറഞ്ഞാൽ സമരക്കാർ തനിയെ എഴുന്നേറ്റു പോകുമെന്നായിരുന്നു കരീമിന്റെ വിമർശനം. എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും മുൻ മന്ത്രി തോമസ് ഐസക്കും ഇതേ രീതിയിൽ തന്നെയായിരുന്നു സമരത്തെ പരിഹസിച്ചത്.
രാഷ്ട്രീയ സംഭവങ്ങൾക്ക് സിപിഎം മാധ്യമങ്ങളെ കുറ്റപ്പെടുത്താറുണ്ടെങ്കിലും സമരം മാധ്യമ സൃഷ്ടിയാണെന്ന ആരോപണം ഇതാദ്യമായാണ്. തീഷ്ണമായ അവകാശ പോരാട്ടത്തിന്റെയും സഹനത്തിന്റെയും സമരങ്ങളുടെയും ചോരയിൽ ചുകപ്പിച്ച പതാക ഉപേക്ഷിക്കാതെ തന്നെ സിപിഎം കോർപ്പറേറ്റ് പ്രസ്ഥാനമായും സിഐടിയു കോർപ്പറേറ്റ് ട്രേഡ് യൂണിയനുമായി മാറിയിരിക്കുന്നു. ബിജെപി കഴിഞ്ഞാൽ ഏറ്റവും സമ്പന്ന പാർട്ടിയും സ്വത്തുക്കളുള്ള പാർട്ടിയും സിപിഎം തന്നെ. പാർട്ടി മാത്രമല്ല പാർട്ടിയുടെ നേതാക്കളും നയിക്കുന്ന ജീവിതം ആഡംബരത്തിന്റെയും തൊഴിലാളി വിരുദ്ധതയുടേതുമാണ്. സിപിഎം സമരങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ചങ്ങാത്ത മുതലാളിത്തത്തിന്റെ ഇക്കാലത്ത് ദീർഘപോരാട്ടത്തിലൂടെ നേടിയ അവകാശങ്ങളെ സർക്കാരിനും കുത്തക മുതലാളിമാർക്ക് പണയപ്പെടുത്തുകയല്ല, മറിച്ചുവിൽക്കുകയാണ്.
സിപിഎമ്മിനും സിഐടിയുവിനും സമരം ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള അവകാശമുണ്ട്. അതേ അവകാശങ്ങൾ മറ്റു തൊഴിലാളി പ്രസ്ഥാനങ്ങൾക്കുമുണ്ട്. പക്ഷെ, തങ്ങളുടെ നേതൃത്വമില്ലാത്ത ഒരു സമരം നടക്കുകയോ വിജയിക്കുകയോ ചെയ്യുന്നതിൽ എന്തിനിത്ര അസഹിഷ്ണുതയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. സമക്കാരെ സംഘടനാപരമായി മാത്രമല്ല വ്യക്തിപരമായും സിപിഎം നേതാക്കൾ ആക്രമിക്കുന്നു. അപവാദങ്ങൾ പ്രചരിപ്പിക്കുന്നു. സമര നായിക എസ്.മിനിയെ സാംക്രമിക രോഗം പരത്തുന്ന കീടമാണെന്നാണ് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ വിശേഷിപ്പിച്ചത്. സമരത്തിന്റെ തണലിൽ അവർ തിന്ന് കുടിച്ചു തടിച്ചു കൊഴുത്തിരിക്കുക യാണെന്നുള്ള നിന്ദ്യമായ വാക്കുകളിലൂടെ ആ സ്ത്രീയെ അധിക്ഷേപിക്കുകയുണ്ടായി. ഇതിന് മുമ്പ് നടന്ന പല സമരങ്ങളെയും സിപിഎം ഹീനമായി അധിക്ഷേപിച്ചിട്ടുണ്ട്. സി.കെ.ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പന്തൽ കെട്ടി രാപകൽ സമരം നടത്തിയപ്പോൾ തെരുവിൽ മുഴുവൻ മലമൂത്ര വിസർജനം നടത്തിയെന്ന് പരിഹസിച്ചത് വി.എസ്.അച്യുതാനന്ദനായിരുന്നു.
മൂന്നാറിലെ തേയില തൊഴിലാളികൾ വിവിധ യൂണിയനുകളിൽ നിന്ന് രാജിവെച്ച പെമ്പിളൈ ഒരുമൈ രൂപീകരിച്ചു സമരം നടത്തിയപ്പോൾ അതിനെ പുച്ഛിച്ചതും അധിക്ഷേപിച്ചതും എം.എം. മണിയായിരുന്നു. ആണും പെണ്ണും ഒന്നിച്ചു കിടന്നുറങ്ങുകയും ഇരുട്ടിന്റെ മറവിൽ പോയി വേണ്ടാത്തത് ചെയ്തുവെന്ന് അധിക്ഷേപിച്ച മണി അശ്ലീല ഭാഷയിലും ശരീര ഭാഷയിലും കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. കേരളത്തിൽ നടന്നുവന്ന പല സമരങ്ങളെയും പല തരത്തിലാണ് സിപിഎം അധിക്ഷേപിച്ചത്. കെ റെയിൽ സമരവും ടോൾ വിരുദ്ധ സമരവും ഖനന വിരുദ്ധ സമരവുമൊക്കെ തീവ്രവാദികൾ നടത്തുന്ന സമരമാണെന്നായിരുന്നു സിപിഎമ്മിന്റെ ആക്ഷേപം.
