കേരളം പലതരം മനോരോഗങ്ങളുടെയും മാനസിക വൈകൃതങ്ങളുടെയും പിടിയിലാവുകയാണോ? നിത്യമെന്നോണം പുറത്തു വരുന്ന വാര്‍ത്തകളില്‍ ബഹുഭൂരിഭാഗവും ഇങ്ങനെയൊരു തോന്നല്‍ ഉളവാക്കുന്നുണ്ട്. അടുത്ത കാലങ്ങളില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ പൊതുവിടങ്ങളിലെ പെരുമാറ്റം, ഭാഷ, എഴുത്ത്, സിനിമ, രാഷ്ട്രീയ – സാംസ്കാരിക വിനിമയങ്ങള്‍ തുടങ്ങിയവയിലെല്ലാം ഇരുണ്ടതും ഇടുങ്ങിയതുമായ മാനസികാവസ്ഥകളാണ് കാണാനാവുന്നത്.
തിരുവനന്തപുരത്ത് രണ്ടാഴയ്ക്കുള്ളില് നടന്ന രണ്ടു കൊലപാതകങ്ങള്‍ മനോനില വികൃതമായ രണ്ടു വ്യക്തിത്വങ്ങളെ കാണാനാവും.വെള്ളറട കിളിയൂരില്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രജിന് ജോസിന്റെ പെരുമാറ്റത്തിലും ജീവിതത്തിലും അടിമുടി നിഗൂഢതയുണ്ടെന്ന് ബന്ധുക്കള്‍. പ്രജിനെ ഭയന്നാണ് മാതാപിതാക്കള്‍ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഇവരെ മകന് മര്‍ദിക്കുന്നത് പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.കഴിഞ്ഞ അഞ്ചാംതീയതി രാത്രിയാണ് ചാരുവിള ബംഗ്ലാവില്‍ എഴുപതുകാരനായ ജോസിനെ പ്രജിന് ജോസ് ക്രൂരമായി കൊലപ്പെടുത്തിയത്.സോഫയില്‍ കിടക്കുകയായിരുന്ന അച്ഛന്റെ കഴുത്തിലും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്ന്നെത്തി അടുക്കളയില്‍വെച്ച് തലയിലും നെഞ്ചിലും 28 തവണ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടിലെ മുകള്‍നിലയിലെ മുറിയിലായിരുന്നു പ്രജിന് അധികസമയവും ചെലവഴിച്ചിരുന്നത്. ഇവിടേക്ക് മാതാപിതാക്കളെ പോലും പ്രവേശിപ്പിച്ചിരുന്നില്ലെന്നും മൊഴിയുണ്ട്.
ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ സഹോദരന് ഹരികുമാറാണ് അറസ്റ്റിലായത്. വീട്ടിലുറങ്ങുകയായിരുന്ന കുഞ്ഞിനെ പുലര്‍ച്ചെ ആറരയ്ക്ക് എടുത്ത് കിണറ്റില്‍ ഇട്ട് കൊലപ്പെടുത്തുകയായിരുന്നു. ഹരികുമാറിന് സഹോദരിയോടുള്ള വഴിവിട്ട ബന്ധവും വൈരാഗ്യവുമാണ് കുഞ്ഞിന്റെ ജീവനെടുക്കാനുള്ള കാരണമെന്ന് പോലീസ് പറയുന്നു. കൊലപാതകത്തില്‍ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പങ്കിന് തെളിവില്ലെങ്കിലും കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ അവരുടെ സാന്നിധ്യം പോലീസ് തള്ളിക്കളയുന്നില്ല.
പാലക്കാട് സ്കൂളില്‍ മൊബൈല്‍ ഉപയോഗം ചോദ്യം ചെയ്ത പ്രധാനാധ്യാപകനെ വിദ്യാര്‍ത്ഥി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് സമീപകാലത്ത് കേരളത്തെ നടുക്കിയ സംഭവമാണ്. കോട്ടയം ഗാന്ധിനഗറില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി ദേഹമാസകലം കോംപസും ഡിവൈഡറും ബ്ലയ്ഡുമുപയോഗിച്ച് ചിത്രപ്പണി ചെയ്തതും കൂട്ടം കൂടി ആഹ്ലാദിച്ചും റാഗിംഗെന്ന പേരില്‍ പേക്കൂത്ത് നടത്തിയത് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
മലയാളത്തിലെ പുതുതലമുറയിലെ ഒരു നടന് സ്വന്തം ഫ്ലാറ്റിലിരുന്ന് നാട്ടുകാരെ നഗ്നത കാട്ടിയത് കഴിഞ്ഞയാഴ്ചയാണ്.വഴിയേ പോയ മീന്‍ കവടക്കാരന്റെ മീന്‍ വിളി ഇഷ്ടമാകാതെ ഒരാള്‍ അയാളെ പട്ടിക കൊണ്ട് മര്‍ദിക്കുന്നു. ഇഷ്ട വിഭവം കിട്ടാത്തതിന് അമ്മയെ വെട്ടിയ മകനെയും സാധാരണ മരണത്തെ സമാധിയാക്കിയ കുടുംബത്തെയും കുറിച്ചുള്ള വാര്‍ത്തകളും നമ്മള് കേട്ടു.
നമ്മുടെ സാംസ്കാരിക ബോധത്തിലും കുടുംബ ബന്ധങ്ങളിലുമെല്ലാം താളപ്പിഴകള്‍ പ്രതിഫലിക്കുകയാണ്. ഒരു മകന് കഴിഞ്ഞ എത്രയോ നാളുകളായി മുറിക്കുള്ളില്‍ ഒറ്റപ്പെട്ട് കഴിയുമ്പോള്‍, അവന് മാനസിക ചികിത്സ ആവശ്യമാണെന്ന് തോന്നാതെ, സമൂഹത്തിനു മുന്നില്‍ നിന്ന് അവനെ മറച്ച് പേടിച്ചിരുന്ന മാതാപിതാക്കളെ ഭരിച്ചത് ഏത് മനോനിലയാണ്? സൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം കുടുംബത്തെയുപേക്ഷിച്ച് ഇറങ്ങിച്ചെല്ലാല് വിസമ്മതിച്ച വീട്ടമ്മയെ കൊല ചെയ്തതിലൂടെ കാമുകന് നേടാന്‍ ശ്രമിക്കുന്നത് എന്താണ്?
മദ്യവും മയക്കുമരുന്നും കഴിച്ചും ഗൂഢ ശാസ്ത്രങ്ങളില്‍ അഭിരമിച്ചും ഉന്മാദികളാക്കുന്നവര് ഒറ്റയ്ക്കും കൂട്ടായും പ്രകടിപ്പിക്കുന്ന ഇത്തരം മനോവൈകൃതങ്ങള്‍ക്ക് എന്താണ് പരിഹാരം?
ആഴത്തിലുള്ള ശാശ്വത ചികിത്സ അടിയന്തിരമായി ആവശ്യപ്പെടുകയാണ് നമ്മുടെ സ്വന്തം ഭ്രാന്താലയം.
