175 സെന്റിമീറ്റർ വരെ ഉയരത്തിൽ കരുത്തോടെ പടർന്നു വളരുന്ന ഇനമാണ് പൊന്നി. ഇലകൾക്ക് വയലറ്റ് രാശിയിലുളള ഞെട്ടും കടുത്ത ലൈലാക്വർണത്തിലുള്ള പൂക്കളും ഇവയുടെ പ്രത്യേകതയാണ്. തണ്ടുകളിലും ഇലകളിലും മുള്ളില്ല. ഇളം പച്ചനിറത്തിൽ അൽപം വളഞ്ഞതാണ് ഘടന. ഇളം പച്ചനിറത്തിൽ വളഞ്ഞ കായ്കളാണ് ഉളളത്. ശരാശരി 24.40 സെന്റിമീറ്റർ നീളവും 162 ഗ്രാം തൂക്കവുമുണ്ട്.
കേരള കാർഷിക സർവകലാശാല മുമ്പ് പുറത്തിറക്കിയ സൂര്യ, ശ്വേത, ഹരിത, നീലിമ വഴുതന ഇനങ്ങളെപ്പോലെ ബാക്ടീരിയൽ വാട്ട രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനമാണ് പൊന്നിയും. കായ്, തണ്ട് തുരപ്പൻ പുഴുവിനെതിരെയും പ്രതിരോധശേഷിയുണ്ട്. ഓണാട്ടുകരയും കുട്ടനാടും ഉൾപ്പെടെ കേരളത്തിന്റെ ദക്ഷിണഭാഗങ്ങളിലേക്കാണ് പൊന്നി ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത്. വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനും ഒരുപോലെ കൃഷിചെയ്യാം.
18 മുതൽ 20 വരെ മാസമാണ് ശരാശരി ആയുസ്. ഹരിത, സൂര്യ എന്നീ ഇനങ്ങളെക്കാൾ വിളവിലും ഗുണമേന്മയിലും മികവ് പുലർത്തുന്ന പൊന്നിയുടെ ശരാശരി വിളവ് ഹെക്ടറിന് 31.6 ടൺ ആണ്. അനുകൂല സാഹചര്യങ്ങളിൽ ശാസ്ത്രീയ കൃഷിരീതികൾ പിന്തുടർന്നു വളർത്തിയാൽ ഹെക്ടറിനു 40 ടൺ വരെ വിളവു ലഭിക്കും. പ്രാദേശിക വഴുതന ഇനത്തിൽ നിന്നും നിർധാരണത്തിലൂടെയാണ് പൊന്നി വികസിപ്പിച്ചെടുത്തത്. വെള്ളക്കെട്ടിനെ ചെറുക്കാനും ശേഷിയുണ്ട്.
തണ്ടു മൂപ്പെത്തി പ്രായപൂർത്തിയായ ചെടികൾക്ക് വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഒരാഴ്ച വരെ പിടിച്ചുനിൽക്കാം. മെയ്- ജൂൺ, സെപ്തംബർ – ഒക്ടോബർ മാസങ്ങളാണ് വാണിജ്യാടിസ്ഥാനത്തിലുള്ള വഴുതന കൃഷിക്ക് യോജ്യമായ സമയം. വീടുകളിൽ ഗ്രോബാഗുകളിലും മറ്റും വളർത്തുമ്പോൾ വേനൽകാലത്തും കൃഷിചെയ്യാം. വിത്തുകൾ നഴ്സറികളില പാകി മുളപ്പിച്ച് തൈകൾ പറിച്ചു നട്ടാണ് വഴുതനയുടെ കൃഷി. ഒരു സെന്റ് സ്ഥലത്തേക്ക് രണ്ടു ഗ്രാം വിത്തു മതിയാകും. 25 പ്രായമായ തൈകൾ പറിച്ചു നടാവുന്നതാണ്. വീട്ടിൽ വളർത്തുമ്പോൾ പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യണം. ചാണകം, ആട്ടിൻ കാഷ്ടം, വേപ്പിൻ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവ വളമായി നൽകാം.
