അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കുകളോടെ കാറിനുള്ളിൽ അകപ്പെട്ട യുവതിയെ ആറുദിവസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തി
അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കുകളോടെ കാറിനുള്ളിൽ അകപ്പെട്ട യുവതിയെ ആറുദിവസങ്ങൾക്ക് ശേഷം ജീവനോടെയാണ് കണ്ടെത്തിയത്. ഇന്ത്യൻ വംശജയായ ബ്രിയോണ കാസലിനെയാണ് കണ്ടെത്തിയത്. ചിക്കാഗോയിലെ ബ്രൂക്കിൽ വെച്ചാണ് അപകടമുണ്ടായത്.
പ്രദേശത്തുകൂടി കടന്നുപോയ വഴിയാത്രക്കാരനാണ് യുവതിയെ കണ്ടെത്തിയതെന്ന് ന്യൂട്ടൺ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ പറയുന്നു. റോഡരികിൽ ഒരു വാഹനം കണ്ട ഉടനെ അടുത്തുള്ള മൊറോക്കോ പട്ടണത്തിലെ ഫയർ ചീഫ് കൂടിയായ സൂപ്പർ വൈസർ ജെറമി വാർഡർവെല്ലിനെ ബന്ധപ്പെട്ടു. കാസൽ കാറിൽ ഒറ്റയ്ക്കായിരുന്നുവെന്നും സംസാരിക്കുന്നുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. ഒരുകയ്യും രണ്ട് കാലുകളും ഒടിഞ്ഞിട്ടുണ്ട്. നെറ്റിയിൽ വലിയ ഒരു പോറലുമുണ്ടായിരുന്നു. ഗുരുതര പരിക്കുകളോടെ അപകടത്തിൽപ്പെട്ട് കാറിനുള്ളിൽ ആറ് ദിവസം കുടുങ്ങിക്കിടന്നിട്ടും യുവതിയ്ക്ക് ബോധമുണ്ടായിരുന്നുവെന്ന് ഷെരീഫ് ഓഫീസ് പറഞ്ഞു. കാറിൽ നിന്ന് പുറത്തെടുത്ത ഉടനെ യുവതിയെ ചിക്കാഗോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.മൂന്ന് കുട്ടികളുടെ അമ്മയാണ് 41കാരിയായ ബ്രിയോണ കാസൽ.
കഴിഞ്ഞ ബുധനാഴ്ച തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു. ചിക്കാഗോയിൽ നിന്ന് ഏകദേശം 80 മൈൽ തെക്ക് ബ്രൂക്ക് എന്ന ചെറിയ പട്ടണത്തിലെത്തിയപ്പോൾ അവർ ഉറങ്ങിപ്പോയതായി റിപ്പോർട്ടുണ്ട്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതോടെ റോഡിൽ നിന്ന് വാഹനം തെന്നിമാറി ഒരു ചരിവിൽ കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ഫോണിന്റെ ബാറ്ററി തീർന്നു പോവുകയും സഹായത്തിനായി വിളിക്കാൻ ഒരു മാർഗവുമില്ലെന്നായിരുന്നുവെന്ന് യുവതിയുടെ പിതാവ് ഡെൽമർ കാൾഡ്വെൽ പറഞ്ഞു. ആരും തന്നെ കണ്ടെത്തുമെന്ന് കരുതിയില്ലെന്നും ഈ കുഴിയിൽ കിടന്ന് മരിക്കുമെന്നാണ് വിചാരിച്ചതെന്നും യുവതി പ്രതികരിച്ചു.
