
ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെ ബസും പാചക വാതക സിലിണ്ടറുകൾ നിറച്ച ട്രക്കും തമ്മിലുണ്ടായ കൂട്ടിയിടിയിൽ 18 തീർത്ഥാടകർ മരണപ്പെട്ടു. അപകടത്തിൽ 23 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.Bus-truck accident in Deoghar: 18 Kanwaris killed
മോഹൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജമുനിയ വനത്തിന് സമീപം രാവിലെ 4.30ഓടെയായിരുന്നു അപകടം. ബാബ ബൈദ്യനാഥ് ധാമിലേക്ക് കൻവാർ തീർത്ഥാടനത്തിനായി യാത്ര ചെയ്തിരുന്ന 35 ഓളം ആളുകളായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തിൽ മരിച്ചവർ എല്ലാവരും ബസിലെ യാത്രികരാണ്.
കൂട്ടിയിടിയിൽ ബസ് പൂർണമായി തകർന്നതിനാൽ നിരവധി യാത്രികർ അതിനകത്ത് കുടുങ്ങി. ജില്ലാ അധികൃതരും, ദേശീയ ദുരന്ത നിവാരണ സേനയും (NDRF), പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആരോഗ്യ കേന്ദ്രത്തിലേക്കും ദിയോഘർ സർദാർ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. ചിലരുടെ നില അതീവ ഗുരുതരമാണ്.അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭീകര അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആശ്വസവുമായി ദിയോഘർ എംപി നിഷികാന്ത് ദുബെ പ്രതികരിച്ചു. “ശ്രാവണ മാസത്തിലെ കൻവാർ യാത്രയ്ക്കിടെ ദിയോഘറിൽ നടന്ന അപകടത്തിൽ പതിനെട്ട് ഭക്തർ മരിച്ചു. ബാബ ബൈദ്യനാഥ് ജി അവരുടെ കുടുംബങ്ങൾക്ക് ഈ ദുഃഖം താങ്ങാൻ ശക്തി നൽകട്ടെ,” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.