കൊച്ചി: എമ്പുരാന്റെ പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ബി.ജെ.പി തൃശൂർ ജില്ലാ കമ്മിറ്റിയംഗം വിജേഷാണ് ഹർജി നൽകിയത്. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് കാരണമാകുമെന്നും മനുഷ്യർക്കിടയിൽ കലാപവും അതൃപ്തിയും മതവൈരവും ഉയർത്തുമെന്നും ഹർജിയിൽ പറയുന്നുണ്ട്.
സിനിമ മോഹൻലാൽ കാണാതെയാണ് റിലീസ് ചെയ്തതെന്ന മേജർ രവിയുടെ പരാമർശം ആന്റണി പെരുമ്പാവൂർ തള്ളി. മോഹൻലാലിനും എല്ലാവർക്കും കഥ അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ എല്ലാവരും ഈ സിനിമയെ കുറിച്ച് മനസിലാക്കിയതാണ്. അതിൽ തെറ്റുകൾ തിരുത്തുക ഞങ്ങളുടെ ചുമതലയാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.
ദേശീയ അന്വേഷണ ഏജൻസികളെ ഉൾപ്പെടെ ചിത്രത്തിൽ വികലമായി അവതരിപ്പിക്കുന്നു, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ മോശമായി പരാമർശിക്കുന്നു, മതസ്പർധ വളർത്താൻ കാരണമാകുന്നു, ഗോധ്ര കലാപത്തെ അടക്കം തെറ്റായി ദൃശ്യവത്കരിക്കുന്നു, ചരിത്രത്തെ വളച്ചൊടിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളാണ് ഹർജിയിൽ പറയുന്നത്.
