
തിരുവനന്തപുരം: നിര്‍ണ്ണായക തീരുമാനം ഇന്ന് എടുക്കുന്നുവെന്ന് എന്‍ പ്രശാന്ത് ഐഎഎസ്. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ‘സസ്പെന്‍സ്’ നല്‍കികൊണ്ടുള്ള എന്‍ പ്രശാന്തിന്റെ പോസ്റ്റ്. ‘ആ തീരുമാനം ഇന്ന് എടുക്കുന്നു’ എന്ന് മാത്രമാണ് പോസ്റ്റിലുള്ളത്. റോസാപ്പൂവിന്റെ ഇതളുകളുടെ ചിത്രവും പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.
സംതിങ് ന്യൂ ലോഡിങ് എന്ന് ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ പ്രമുഖര്‍ അടക്കം നിരവധി പേര് കമന്റ് ചെയ്തിട്ടുണ്ട്. ‘നിരാശപ്പെടുത്തി’യെന്നാണ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം കമന്റ് ചെയ്തത്. ആശംസകള്‍ അറിയിച്ച് സുധാ മേനോനും കോടതിയിലേക്ക് പോകാന്‍ ആയിരിക്കും തീരുമാനം എന്ന് കരുതുന്നുവെന്ന് ഹരീഷ് വാസുദേവനും കമന്റ് ചെയ്തു.
എന്‍ പ്രശാന്തിന്റെ സസ്പെന്ഷന് ആറ് മാസം കഴിഞ്ഞിരിക്കുകയാണ്. സസ്പെന്ഷന് റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിലാണ് സസ്പെന്ഷന്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിന് അവമതിപ്പുണ്ടാകും വിധം പ്രവര്‍ത്തിച്ചെന്നുമാണ് സസ്പെന്ഷന് ഉത്തരവിലുള്ളത്.