പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ചിത്രം റിലീസിന് ശേഷം വ്യാപക വിമർശനങ്ങളാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളുൾപ്പെടെ നിരവധി പേർ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഹൈബി ഈഡൻ എംപിയും ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ‘ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വകയല്ല, നട്ടെL’ എന്ന കുറിപ്പോടെ സുപ്രിയ മേനോനും പൃഥ്വിരാജ് സുകുമാരനുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.
തിരക്കഥാകൃത്ത് മുരളി ഗോപിയെയും സുപ്രിയയെയും പൃഥ്വിരാജിനെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രത്തിലെ നായകൻ മോഹൻലാലിനെ എംപി പോസ്റ്റിൽ ടാഗ് ചെയ്തിട്ടില്ല. ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നുകൊണ്ടിരിക്കെ ചിത്രം ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടം പിടിച്ചു. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസം കൊണ്ടാണ് എമ്പുരാൻ 200 കോടി ക്ലബിലെത്തിയത്. നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചത്. അതേസമയം ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് ഉടൻ തീയേറ്ററുകളിലെത്തും. പ്രമേയവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെത്തുടർന്ന് മൂന്ന് മിനിറ്റുള്ള രംഗമാണ് ചിത്രത്തിൽ നിന്ന് നീക്കം ചെയ്തത്.
