
സോഷ്യല്‍ മീഡിയയില്‍ ചാറ്റ് ജിപിടി-4o യുടെ ജിബിലി തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. നിരവധിപ്പേരാണ് തങ്ങളുടെ ചിത്രങ്ങൾ ജാപ്പനീസ് അനിമേഷന്‍ സ്റ്റൈലിലുള്ള ചിത്രങ്ങള്‍ ആക്കി മാറ്റി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ഇപ്പോഴിതാ തരുണ്‍ മൂര്‍ത്തിയും അദ്ദേഹത്തിന്റെ ‘തുടരും’ ടീമും ഈ ട്രെന്‍ഡിനൊപ്പം കൂടുകയാണ്. ‘തുടരും’ എന്ന സിനിമയിലെ മോഹന്‍ലാലും ശോഭനയും ഉള്‍പ്പെടുന്ന പോസ്റ്ററിന്റെ ജിബിലി വേര്‍ഷൻ ‘ട്രെന്‍ഡ് തുടരും’ എന്ന ക്യാപ്ഷനോടെ തരുണ്‍ മൂര്‍ത്തി പങ്കുവെച്ചിരിക്കുകയാണ്.
കെ.ആര്. സുനിലിന്റെ കഥയിൽ ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന “തുടരും” എന്ന സിനിമയില്‍ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം. രഞ്ജിത്ത് ആണ്. ചിത്രത്തിലെ നടന്റെ കഥാപാത്രത്തെ കണ്ടപ്പോൾ ഭ്രമരത്തിലെ മോഹൻലാലിനെ ഓർമ്മ വന്നു എന്നാണ് ഛായാഗ്രഹകൻ ഫായിസ് സിദ്ദിഖ് ഈ അടുത്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ഛായാഗ്രഹണം: ഷാജികുമാര്‍, എഡിറ്റിങ് -നിഷാദ് യൂസഫ്, ഷഫീഖ് വി.ബി. ചിത്രത്തില്‍ ബിനു പപ്പു, മണിയന്‍പിള്ള രാജു, ഫര്ഹാന് ഫാസില്‍, ഇര്‍ഷാദ് അലി, കൃഷ്ണ പ്രഭ, തോമസ് മാത്യു, അമൃത വര്‍ഷിണി, അബിന്‍ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.