
The President Droupadi Murmu in her office with former President Shri Ram Nath Kovind at Rashtrapati Bhavan, in New Delhi on July 25, 2022.
ന്യൂഡല്‍ഹി: പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ദിനാഘോഷങ്ങളുടെയും ലക്ഷ്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണമെന്നും കഴിയുന്നത്ര അവ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നുമുള്ള സന്ദേശം നല്‍കുന്നതായി രാഷ്ട്രപതി പറഞ്ഞു. സമൂഹത്തിന്റെ അവബോധത്തിലൂടെയും എല്ലാവരുടെയും പങ്കാളിത്തത്തിലൂടെയുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ പരിസ്ഥിതിസംരക്ഷണം സാധ്യമാകൂ എന്ന് രാഷ്ട്രപതി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ‘പരിസ്ഥിതി – 2025’ ദ്വിദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
പാരിസ്ഥിതിക പരിവര്‍ത്തനത്തെ വളരെ വിശാലമായ തോതില്‍ നേരിടേണ്ടി വരുന്നത് നമ്മുടെ കുട്ടികള്‍ക്കും യുവതലമുറയ്ക്കുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഓരോ കുടുംബത്തിലെയും മുതിര്‍ന്നവര്‍ കുട്ടികള്‍ ഏത് സ്കൂളില്‍ അല്ലെങ്കില്‍ ഏത് കോളേജില്‍ പഠിക്കും, ഏത് കരിയര്‍ തിരഞ്ഞെടുക്കും എന്നതിനെക്കുറിച്ച് ആശങ്കാകുലരാണ്. എന്നാല്‍, നമ്മുടെ കുട്ടികള്‍ ഏതുതരം വായു ശ്വസിക്കും, ഏതുതരം വെള്ളം കുടിക്കും, പക്ഷികളുടെ മധുരശബ്ദം അവര്‍ക്ക് കേള്‍ക്കാന്‍ കഴിയുമോ, സസ്യശ്യാമളമായ വനങ്ങളുടെ ഭംഗി അവര്‍ക്ക് അനുഭവിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ചും നാമെല്ലാവരും ചിന്തിക്കേണ്ടതുണ്ട്. ഈ വിഷയങ്ങള്‍ക്ക് സാമ്പത്തിക, സാമൂഹിക, ശാസ്ത്രീയ വശങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ക്ക് ധാര്‍മ്മിക വശമുണ്ട് എന്നതാണെന്ന് അവര്‍ പറഞ്ഞു. വരുംതലമുറകള്‍ക്ക് ശുദ്ധമായ പാരിസ്ഥിതിക പാരമ്പര്യം നല്‍കേണ്ടത് നമ്മുടെ ധാര്‍മ്മിക ഉത്തരവാദിത്വമാണ്. ഇതിനായി, പരിസ്ഥിതിയെ സംരക്ഷിക്കുക മാത്രമല്ല,അതിനെ മെച്ചപ്പെടുത്തുകയും കൂടുതല്‍ ഊര്‍ജസ്വലമാക്കുകയും ചെയ്യുന്നതിനായി പാരിസ്ഥിതിക അവബോധമുള്ള, സംവേദനക്ഷമതയുള്ള ജീവിതശൈലി നാം സ്വീകരിക്കേണ്ടതുണ്ട്. സംശുദ്ധ പരിസ്ഥിതിയും ആധുനിക വികസനവും സന്തുലിതമാക്കുക എന്നത് ഒരേ സമയം അവസരവും വെല്ലുവിളിയുമാണ്.
പ്രകൃതി അമ്മയെപ്പോലെ നമ്മെ പരിപാലിക്കുന്നു എന്ന് നാം വിശ്വസിക്കുന്നതായും അതിനാല്‍ പ്രകൃതിയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ വികസന പൈതൃകത്തിന്റെ അടിസ്ഥാനം ചൂഷണമല്ല, പോഷണമാണ്; ഉന്മൂലനമല്ല, സംരക്ഷണമാണ്. ഈ പാരമ്പര്യം പിന്തുടര്ന്ന്, വികസിത ഇന്ത്യയിലേക്ക് മുന്നേറാന്‍ നാം ആഗ്രഹിക്കുന്നു. കഴിഞ്ഞ ദശകത്തില്‍, അന്താരാഷ്ട്ര കരാറുകള്‍ പ്രകാരം ദേശീയമായി നിര്‍ണയിക്കപ്പെട്ട വിഹിതം (NDC), നിശ്ചിത സമയപരിധിയ്ക്ക് മുന്‍പ് പൂര്‍ത്തിയാക്കിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇന്ത്യയ്ക്കുണ്ടെന്നതു സന്തോഷമേകുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ പാരിസ്ഥിതികനിര്വഹണത്തില് ദേശീയ ഹരിത ട്രൈബ്യൂണല്‍ (NGT) പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. പാരിസ്ഥിതിക നീതി അല്ലെങ്കില്‍ കാലാവസ്ഥാ നീതി മേഖലയില്‍ അത് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചരിത്രപരമായ തീരുമാനങ്ങള്‍ നമ്മുടെ ജീവിതത്തിലും ആരോഗ്യത്തിലും ഭൂമിയുടെ ഭാവിയിലും വലിയ സ്വാധീനം ചെലുത്തുന്നു. പരിസ്ഥിതി പരിപാലനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും പൗരന്മാരും പരിസ്ഥിതി സംരക്ഷണത്തിനും പ്രോത്സാഹനത്തിനും വേണ്ടി നിരന്തരം പരിശ്രമിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
നമ്മുടെ രാജ്യവും ലോക സമൂഹമാകെയും പരിസ്ഥിതിസൗഹൃദപരമായ പാത പിന്തുടരണമെന്ന് രാഷ്ട്രപതി പറഞ്ഞു. അപ്പോള്‍ മാത്രമേ മാനവികത യഥാര്‍ത്ഥ പുരോഗതി കൈവരിക്കൂ. ഇന്ത്യ അതിന്റെ ഹരിത സംരംഭങ്ങളിലൂടെ ലോക സമൂഹത്തിന് നിരവധി മാതൃകാപരമായ രീതികള്‍ സമ്മാനിച്ചിട്ടുണ്ടെന്ന് അവര്‍ പ്രസ്താവിച്ചു. എല്ലാ തല്പര കക്ഷികളുടെയും പങ്കാളിത്തത്തോടെ, ആഗോളതലത്തില്‍ ഇന്ത്യ ഹരിതനേതൃത്വത്തിന്റെ ഭാഗമാകുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വായു, ജലം, ഹരിതാഭ, സമൃദ്ധി എന്നിവയിലൂടെ ലോക സമൂഹത്തെ മുഴുവന്‍ ആകര്‍ഷിക്കുന്ന ഇടമായ ഇന്ത്യയെ, 2047 ആകുമ്പോഴേക്കും വികസിത രാഷ്ട്രമാക്കി മാറ്റാന്‍ നമുക്കു കഴിയണമെന്നും അവര്‍ പറഞ്ഞു. പാരിസ്ഥിതിക വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനും, മികച്ച രീതികള്‍ പങ്കിടുന്നതിനും, സുസ്ഥിര പരിസ്ഥിതിപരിപാലനത്തിനായുള്ള ഭാവി കര്‍മപദ്ധതികളില്‍ സഹകരിക്കുന്നതിനും പ്രധാന പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനാണ് എന്‍ജിടി സംഘടിപ്പിക്കുന്ന ‘പരിസ്ഥിതി – 2025’ ദേശീയ സമ്മേളനം ലക്ഷ്യമിടുന്നത്.