
മറഡോണയെ പരിചരിച്ച വൈദ്യസംഘത്തിന്റെ പിഴവാണ് മരണകാരണമെന്ന കേസിൽ നടക്കുന്ന വിചാരണയിലാണ് കാസിനെല്ലിയുടെ മൊഴി രേഖപ്പെടുത്തിയത്
അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ മരിക്കുന്നതിന് മുമ്പ് കഠിനവേദന അനുഭവിച്ചിരുന്നെന്ന് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ ഡോക്ടർമാരിൽ ഒരാൾ. 12 മണിക്കൂർ മുമ്പ് മുതൽ കഠിനവേദന അനുഭവിച്ചിരുന്നെന്നും ഹൃദയഘാതമായിരുന്നു മരണകാരണമെന്നും ബ്യൂനസ് ഐറിസ് സയന്റഫിക് പൊലീസ് സൂപ്രണ്ടൻസിയിലെ ഫൊറൻസിക് മെഡിസിൻ ഡയറക്ടർ കാർലോസ് കാസിനെല്ലി പറഞ്ഞു.
മറഡോണയെ പരിചരിച്ച വൈദ്യസംഘത്തിന്റെ പിഴവാണ് മരണകാരണമെന്ന കേസിൽ നടക്കുന്ന വിചാരണയിലാണ് കാസിനെല്ലിയുടെ മൊഴി രേഖപ്പെടുത്തിയത്. ഹൃദയത്തിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടിയിരുന്നു. അതിൽനിറയെ രക്തത്തുള്ളികളുമുണ്ടായിരുന്നു. അദ്ദേഹം കഠിനവേദനയിലൂടെയാണ് കടന്നുപോയത് എന്നതിന്റെ തെളിവാണിത്. പരിചരിച്ചിരുന്ന ഡോക്ടർമാർക്ക് എന്ത് കൊണ്ട് ഇത് മനസ്സിലായില്ലെന്ന് അറിയില്ലെന്നും കാസിനെല്ലി പറഞ്ഞു. 2020 നവംബർ 20നായിരുന്നു അറുപതുകാരൻ മറഡോണയുടെ അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം വീട്ടിൽ വിശ്രമിക്കവേയാണ് ഹൃദയാഘാതമുണ്ടായത്. ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞിട്ടും മറഡോണയ്ക്ക് മതിയായ ചികിത്സയും കരുതലും നൽകിയില്ലെന്ന കുറ്റം ചുമത്തി വൈദ്യസംഘത്തിലെ ഏഴുപേർക്കെതിരെയാണ് കേസ് നടക്കുന്നത്.