
പൊന്മാൻ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന ‘മരണമാസി’ലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ഫ്ളിപ് സോങ്’ എന്ന പ്രമോ ഗാനത്തിൽ ബേസിൽ ജോസഫിനൊപ്പം അനിഷ്മ, സുരേഷ് കൃഷ്ണ, സിജി സണ്ണി, പൗലോസ്, രാജേഷ് മാധവൻ, എന്നിവരും ബേസിൽ ജോസഫിനൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇലക്ട്രോണിക്ക് കിൽ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മനു മൻജിത്ത് ആണ്. വിജയ് ആനന്ദ് ആലപിച്ചിരിക്കുന്ന ഗാനം യൂട്യൂബിൽ റിലീസ് ചെയ്ത് 4 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. താരങ്ങളെല്ലാം ചേർന്ന് ഒരു ബസ്സിൽ ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്ന സാങ്കൽപ്പിക ദൃശ്യങ്ങളാണ് ഗാനത്തിലുള്ളത്.അടുത്തിടെ ‘മരണമാസ്സി’ന്റേതായി റിലീസ് ചെയ്ത ടീസർ സോഷ്യൽ മീഡിയയിൽ 20 ലക്ഷത്തിനടുത്ത് കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 14 വിഷു റിലീസായിട്ടാണ് മരണമാസ് തിയറ്ററുകളിലെത്തുന്നത്. മരണമാസിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് താൽക്കാലികമായൊരു ഇടവേളയെടുക്കുകയാണ് എന്ന ബേസിൽ ജോസഫ് അടുത്തിടെ പൊന്മാൻ എന്ന ചിത്രത്തോടനുബന്ധിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു.
മാത്രമല്ല മിന്നൽ മുരളിക്ക് ശേഷം താൻ സംവിധാന രംഗത്തേക്ക് വീണ്ടും കടയ്ക്കാൻ തയാറെടുക്കുകയാണ് എന്നും ബേസിൽ ജോസഫ് പറഞ്ഞു. എന്നാൽ രൺവീർ സിംഗിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ശക്തിമാൻ’ തന്നെയാണോ അടുത്തതായി ബേസിൽ ചെയ്യുന്ന ചിത്രമെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.