ഇംഗ്ലണ്ട് ലയണൽസിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിൽ കരുൺ നായർ ഇടം പിടിക്കാൻ സാധ്യത. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് ഇന്ത്യ എ ടീമിലേക്ക് കരുണിന് അവസരമൊരുക്കുന്നത്.
അതേസമയം റുതുരാജ് ഗെയ്ക്വാദാകും ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനാകുക.
വിജയ് ഹസാരെ ട്രോഫിയിൽ എട്ട് ഇന്നിംഗ്സുകളിൽ നിന്നായി 779 റൺസാണ് കരുൺ അടിച്ചുകൂട്ടിയത്. അഞ്ച് സെഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. രഞ്ജി ട്രോഫിയിലും കരുൺ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 16 ഇന്നിംഗ്സുകളിലായി കരുൺ 863 റൺസ് രഞ്ജി ട്രോഫിയിൽ അടിച്ചുകൂട്ടിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം ഇന്ത്യ എയ്ക്കായി നടത്താൻ കഴിഞ്ഞാൽ ദേശീയ ടീമിലേക്കും കരുണിന് അധികം വൈകാതെ മടങ്ങിയെത്താൻ സാധിക്കും.
ഇംഗ്ലണ്ടിനെതിരെ ജൂൺ 30ന് ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുമ്പായി ഇന്ത്യയുടെ മുൻ നിര താരങ്ങളും ഇന്ത്യ എ ടീമിൽ കളിച്ചേക്കുമെന്നാണ് സൂചനകൾ. മെയ് 25ന് നടക്കുന്ന ഐപിഎൽ ഫൈനലിന് ശേഷം എത്ര താരങ്ങളാണ് ഇന്ത്യ എ ടീമിനൊപ്പം ചേരുക എന്നാണ് ഇനി അറിയാൻ ഉള്ളത്.
