തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാരുടെ സമരം ശക്തമായി തുടരുന്നതിനിടെ, നിർണായക രാഷ്ട്രീയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഡിഎഫ്. യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആശാ വർക്കർമാർക്കുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആശാ പ്രവർത്തകർക്ക് പ്രത്യേക അലവൻസ് നൽകും.
കോൺഗ്രസ് പാർട്ടിയുടെ നിർദ്ദേശം യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. ഇതിനെത്തുടർന്ന്, ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം യുഡിഎഫ് ജില്ലാ കമ്മിറ്റികൾക്ക് കൈമാറിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫ് നടത്തുന്ന ഈ നീക്കം രാഷ്ട്രീയപരമായി ഏറെ ശ്രദ്ധേയമാണ്.
യുഡിഎഫ് നേതാവായ സി പി ജോൺ മാധ്യമങ്ങളോട് സംസാരിക്കവെ ഈ നീക്കത്തെക്കുറിച്ച് വിശദീകരിച്ചു. “കേന്ദ്രത്തിലോ സംസ്ഥാനത്തോ യുഡിഎഫ് ഇപ്പോൾ അധികാരത്തിലില്ല. എന്നാൽ, നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ ഞങ്ങൾക്ക് ഭരണമുണ്ട്. എറണാകുളം ജില്ലയിൽ നിന്നാണ് ആദ്യമായി ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം വന്നത്. ആശാ വർക്കർമാർക്ക് 2000 രൂപ അധികമായി നൽകാം എന്നതായിരുന്നു ആ നിർദ്ദേശം. ഇത് യുഡിഎഫ് അംഗീകരിക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.നേരത്തെ തന്നെ യുഡിഎഫ് ഭരിക്കുന്ന കൊല്ലം ജില്ലയിലെ തൊടിയൂർ ഗ്രാമപഞ്ചായത്തും തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തും ആശാ വർക്കർമാർക്ക് ഇൻസെന്റീവ് വർദ്ധിപ്പിച്ചിരുന്നു. തൊടിയൂരിൽ ഗ്രാമപഞ്ചായത്ത് ബജറ്റിൽ 1000 രൂപ വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു. ഈ പഞ്ചായത്തിൽ 46 ആശാ വർക്കർമാരാണ് സേവനമനുഷ്ഠിക്കുന്നത്. പഴയന്നൂർ പഞ്ചായത്തിൽ ആശാ വർക്കർമാർക്ക് 2000 രൂപ ഇൻസെന്റീവായി നൽകാനാണ് തീരുമാനം. ഇതിനായി എട്ട് ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുമുണ്ട്.
