കോഴിക്കോട്: ഇന്ത്യൻ വനിതാ ലീഗിൽ ഇന്ന് ഗോകുലം കേരള എഫ്.സി ശ്രീഭൂമി എഫ്.സിയെ നേരിടും. സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ കിരീട സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോകുലം കേരള എഫ്.സി ഇന്ന് ഇറങ്ങുക. അവസാനമായി നടന്ന എവേ മത്സരത്തിൽ ഹോപ്സ് ഫുട്ബോൾ ക്ലബിനോട് ഗോകുലം പരാജയം നേരിട്ടിരുന്നു.
തുടർച്ചയായ അഞ്ച് മത്സരങ്ങളിലെ ജയത്തിനു ശേഷമായിരുന്നു അപ്രതീക്ഷിത തോൽവി. സീസണിൽ ഒമ്പത് മത്സരം പൂർത്തിയാക്കിയ ഗോകുലം 20 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇത്രയും മത്സരത്തിൽ നിന്നും 24 പോയിന്റുള്ള ഈസ്റ്റ് ബംഗാളാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 12 പോയിന്റുമായി ശ്രീഭൂമി എഫ്.സി നാലാം സ്ഥാനത്താണ്.
‘‘അവസാന മത്സരത്തിൽ നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. മത്സരത്തിൽ ജയിക്കാമായിരുന്നെങ്കിലും ചില പിഴവുകളാണ് വിനയായത്. അവസാന മത്സരത്തിലെ പിഴവുകൾ പരിഹരിച്ചാകും ഇന്ന് ഇറങ്ങുക. ഹോം മത്സരത്തിലെ മൂന്ന് പോയിന്റ് ഇന്ന് നേടുമെന്ന ആത്മവിശ്വാസം ഉണ്ട്’’-ഗോകുലം പരിശീലകൻ രഞ്ജൻ ചൗധരി വ്യക്തമാക്കി. വൈകീട്ട് 3.30 മുതലാണ് മത്സരം.
