റിയാദ്: മണ്ണാര്‍ക്കാട് 16 വയസുള്ള പെണ്‍കുട്ടിയെ കെട്ടി ഏതാനും ദിവസങ്ങള്‍ക്കുശേഷം സൗദിയിലേക്ക് മടങ്ങിയ പ്രവാസി മലയാളിക്കെതിരെ ഒടുവില്‍ ലൈംഗീക പീഡന പരാതി നല്കി പെണ്‍കുട്ടിയുടെ കുടുംബം. പോക്സോ, ശൈശവ വിവാഹ കേസുകളില്‍ കുടുങ്ങിയ യുവാവിനെ മണ്ണാര്‍ക്കാട് പൊലീസ് റിയാദിലെത്തി സൗദി പൊലീസില്‍ നിന്ന് ഏറ്റുവാങ്ങി നാട്ടിലേക്ക് തിരിച്ചു.
മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. നാട്ടിലെത്തിയശേഷം വെളിപ്പെടുത്താം എന്ന നിലപാടിലാണ് പൊലീസ്. മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി സുന്ദരനും സംഘവുമാണ് കഴിഞ്ഞദിവസം റിയാദിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
ചൈല്‍ഡ് മാരേജ് ആക്റ്റ് ലംഘനം, പോക്സോ കേസ് എന്നിവയാണ് പ്രതിക്കെതിരെയുള്ളതെന്ന് പൊലീസ് സംഘം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 2022-ലാണ് 16 വയസുള്ള കുട്ടിയെ യുവാവ് വിവാഹം കഴിച്ചത്. റിയാദില്‍ ജോലി ചെയ്യുന്ന ഇയാള്‍ കല്യാണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുശേഷം അവധി കഴിഞ്ഞ് മടങ്ങി. മാസങ്ങള്‍ക്ക് ശേഷം വധുവും ബന്ധുക്കളും ഭര്‍ത്താവ് പീഡിപ്പിച്ചെന്ന് ആരോപിച്ച് മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ശൈശവ വിവാഹ നിരോധന നിയമമനുസരിച്ചുള്ള കുറ്റമുണ്ടെന്നും കണ്ടെത്തി അതുംകൂടി യുവാവിനെതിരെ ചാര്‍ജ് ചെയ്തത്. മാത്രമല്ല ശൈശവ വിവാഹ നിരോധന നിയമപ്രകാരം വധുവിന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രതി സൗദിയിലായതിനാല്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. കേസ് നിലവിലുണ്ടെന്നും അറസ്റ്റ് ഉണ്ടാകുമെന്നും ഭയന്ന് 2022-ന് ശേഷം പ്രതി നാട്ടിലേക്ക് വന്നിട്ടില്ല. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പടുവിച്ചു. ഇത് ഇറങ്ങിയതോടെ നാഷനല്‍ സെന്‍ട്രല്‍ ബ്യുറോ ഓഫ് ഇന്ത്യയുടെ ആവശ്യപ്രകരം സൗദി ഇന്റര്‍പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ജനുവരി 15 നാണ് അറസ്റ്റ് സംബന്ധിച്ച വിവരം കേരള പൊലീസിന് ലഭിക്കുന്നത്. പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള തുടര്‍നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഈ മാസം 20-നാണ് മണ്ണര്‍ക്കാട് ഡി.വൈ.എസ്.പി സുദര്ശന്, എസ്.സി പോലീസ് ഓഫീസര്‍ കെ. നൗഷാദ്, സിവില്‍ പൊലീസ് ഓഫീസര്‍ റംഷാദ് എന്നിവരടങ്ങുന്ന സംഘം റിയാദിലെത്തിയത്.
തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പ്രതിയെ കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച (മാര്‍ച്ച് 25) രാത്രി 10 ഓടെ സൗദി നാഷനല്‍ ക്രൈം ബ്യുറോ പ്രതിയെ റിയാദ് കിങ് ഖാലിദ് എയര്‍പ്പോര്‍ട്ടില്‍ വെച്ച് കേരള പൊലീസ് സംഘത്തിന് കൈമാറി. രാത്രി 11.55-ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പ്രതിയുമായി പൊലീസ് നാട്ടിലേക്ക് പുറപ്പെട്ടു. റിയാദില്‍ വന്നിറങ്ങിയത് മുതല്‍ എല്ലാ സൗകര്യങ്ങളും സൗദി ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ചിരുന്നു. മടക്കയാത്ര വരെ റിയാദ് പൊലീസ് ഒപ്പമുണ്ടായിരുന്നു. വാഹന, താമസ സൗകര്യങ്ങളും സൗദിയധികൃതര്‍ ഒരുക്കിനല്കിയെന്നും ഡി.വൈ.എസ്.പിയും സംഘവും പറഞ്ഞു.
അറബ് തര്‍ജമ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സാമൂഹികപ്രവര്ത്തകന് സിദ്ധിഖ് തുവ്വൂരും സംഘത്തെ സഹായിച്ചു. 2010-ല്‍ അന്നത്തെ പ്രധനമന്ത്രി ഡോ. മന്മോഹന് സിങ്ങിന്റെ സൗദി സന്ദര്‍ശന വേളയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള സുപ്രധാന കരാറുണ്ടാക്കിയത്. അതിനുശേഷം നാട്ടിലുണ്ടായ കേസുകളില്‍ പ്രതികളായ നിരവധി ഇന്ത്യാക്കാരെ സൗദിയില്‍നിന്ന് റെഡ്കോര്‍ണര്‍ നോട്ടീസിലൂടെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ടുണ്ട്. ഇന്ത്യയില്‍ കുറ്റകൃത്യം നടത്തിയശേഷം സൗദിയിലേക്ക് രക്ഷപ്പെടാന്‍ ഇനി ഒരാള്‍ക്കും കഴിയില്ല.
