കാക്കനാട്: കാക്കനാട് ജില്ലാ ജയിലിലെ ജാതി അധിക്ഷേപത്തിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ ജയിലിലെ ഡോക്ടർ ബെൽന മാർഗരറ്റ് ഫാർമസിസ്റ്റായ യുവതിക്ക് നേരെ ഗുരുതര ജാതി അധിക്ഷേപം നടത്തിയ വാർത്ത റിപ്പോർട്ടറാണ് പുറത്ത് കൊണ്ടുവന്നത്. ഡിവൈഎസ്പി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ടും സമർപ്പിക്കണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി.
ജില്ലാ ജയിൽ സൂപ്രണ്ട് പ്രത്യേകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം എന്നും അറിയിച്ചു. ഡോക്ടർ ഉപയോഗിച്ച ടോയ്ലറ്റിൽ വെള്ളം ഒഴിക്കേണ്ടത് ഫാർമസിസ്റ്റ് ആണെന്നും ജാതിപ്പേര് വിളിച്ചും പാടത്ത് പണിക്കു പോകാൻ പറഞ്ഞും ജയിലിലെ മെഡിക്കൽ ഓഫീസർ ഫാർമസിസ്റ്റിനെ അവഹേളിച്ചിരുന്നു. ഇതിന് പുറമേ ഡോക്ടർക്ക് ഭക്ഷണം വാങ്ങാനും ആഹാരം കഴിച്ച ശേഷം പാത്രം കഴുകാനും ടേബിൾ തുടയ്ക്കാനുമെല്ലാം യുവതിയെ നിയോഗിച്ചതായും യുവതി പരാതി ആയി ഉന്നയിച്ചിരുന്നു.
ഒരേ ക്യാബിനിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് ആരോപിച്ച് ഡോക്ടർ സീലിംഗ് വെച്ച് വേർതിരിച്ച് മറ്റൊരു ക്യാബിനിലേക്ക് മാറ്റിയതായും ഫാർമസിസ്റ്റ് ആരോപിച്ചിരുന്നു. ജാതിപ്പേര് വിളിച്ച് നിരന്തരം തന്നെ കളിയാക്കുമായിരുന്നു എന്നും യുവതി പരാതി ആയി ഉന്നയിച്ചിരുന്നു. ഈ സംഭവത്തിലാണ് നുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുന്നത്.
