മലയാള സിനിമാ പ്രേമികള്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ‘ബസൂക്ക’. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏപ്രില്‍ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. മാര്‍ച്ച് 26 ന് ട്രെയിലര്‍ എത്തും.
മാര്‍ച്ച് 26 ന് രാത്രി 8 മണിക്ക് തൃശൂര്‍ രാഗം തിയേറ്ററില്‍ സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശനം നടക്കും. ഇതിന് ശേഷം 8:10 ന് ഡിജിറ്റലായി ട്രെയിലര്‍ പുറത്തിറങ്ങും. മോഹന്‍ലാല്‍ ചിത്രം എമ്പുരാന് റിലീസിന് ഒരു ദിവസം മുന്‍പേയാണ് മമ്മൂട്ടിയുടെ ബസൂക്ക ചിത്രത്തിന്റെ ട്രെയിലര്‍ എത്തുന്നത്. കേരളത്തിലെ തിയേറ്ററുകളില്‍ എമ്പുരാന് റിലീസിന് മുന്നോടിയായി ബസൂക്കയുടെ ട്രെയിലറും പ്രദര്‍ശിപ്പിക്കും.
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന് നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിന്‍ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോന് ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്, ബാബു ആന്റണി, ഹക്കീം ഷാജഹാന്, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. സരിഗമയും തീയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
