നവ്യ അഖിലേഷ്
ക്ഷയരോഗം ഒരു പകർച്ചവ്യാധിയാണ്, എങ്കിലും ഇത് ചികിത്സിക്കാവുന്നതാണ്. ഈ രോഗം യഥാസമയം ചികിത്സിച്ചാൽ രോഗിയെ പൂർണ്ണമായും സുഖപ്പെടുത്താൻ കഴിയും. ഇന്ത്യയില് ഓരോ വർഷവും ദശലക്ഷക്കണക്കിന് ക്ഷയ രോഗികളെ ആണ് കണ്ടെത്തുന്നത്. എല്ലാ വർഷവും മാർച്ച് 24 ന് ലോക ക്ഷയരോഗ ദിനം (ടിബി ഡേ) ആഘോഷിക്കുന്നു. ലോക ക്ഷയരോഗ ദിനത്തിൽ, വിവിധ പ്രദേശങ്ങളിലെയും രാജ്യങ്ങളിലെയും ദരിദ്രരായ ആളുകൾക്ക് പരിചരണവും പിന്തുണയും നൽകാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നോട്ട് വരുന്നുണ്ട്. ക്ഷയരോഗ നിയന്ത്രണത്തിൽ കൈവരിച്ച നേട്ടങ്ങളെ ഓർമ്മിപ്പിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. മൈകോബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് ക്ഷയരോഗം (ടിബി).
ലോക ക്ഷയരോഗ ദിനത്തിന്റെ ചരിത്രം
യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച്, 1882 മാർച്ച് 24 ന് ആണ് ഡോക്ടർ റോബർട്ട് കോച്ച് ക്ഷയരോഗത്തിന് കാരണമാകുന്ന മൈക്രോ ബാക്ടീരിയ ക്ഷയരോഗ ബാക്ടീരിയയെ കണ്ടെത്തിയത്. റോബർട്ട് കോച്ചിന്റെ ഈ കണ്ടെത്തൽ പിന്നീട് ക്ഷയരോഗ ചികിത്സയിൽ വളരെ സഹായകരമാണെന്ന് തെളിഞ്ഞു. 1905-ൽ റോബർട്ട് കോച്ചിന് നൊബേൽ സമ്മാനം ലഭിച്ചു. ക്ഷയരോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് മാർച്ച് 24 തിരഞ്ഞെടുത്തത്. അതിനുശേഷം എല്ലാവർഷവും മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.
2025 ലെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം – ‘അതെ!’ നമുക്ക് ക്ഷയരോഗം അവസാനിപ്പിക്കാം: പ്രതിജ്ഞാബദ്ധരാകുക, നിക്ഷേപിക്കുക, ഫലങ്ങൾ നേടുക എന്നതാണ്

ടിബി എങ്ങനെയാണ് ഉണ്ടാകുന്നത്?
ടിബി എന്നത് പ്രാഥമികമായി ശ്വാസകോശത്തെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ്, എന്നിരുന്നാലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇത് പടരാം. മൈകോബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയ മൂലമാണ് ക്ഷയരോഗം ഉണ്ടാകുന്നത്. രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, സംസാരിക്കുമ്പോഴോ ഈ ബാക്ടീരിയകളുടെ ചെറിയ കണികകൾ വായുവിലേക്ക് പടരുന്നു. ഈ കണികകൾ ശ്വസനത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.
നാം നേരത്തേ പറഞ്ഞ മൈകോബാക്ടീരിയം ട്യൂബർ ക്കുലോസിസ് എന്ന രോഗാണുവിന് അതിജീവന ശേഷി കൂടുതലായതിനാൽ ദീർഘകാലം ഈ കണങ്ങൾ തങ്ങി നിൽക്കുകയും അത് മറ്റുള്ളവരിലേയ്ക്ക് രോഗം പടർത്തുകയും ചെയ്യുന്നു. Droplet infection എന്നാണ് ഇതിന് പറയുക.
ഇപ്രകാരം ക്ഷയരോഗമുള്ള ഒരാൾ പ്രതിവർഷം 10-15 പേർക്ക് രോഗം പകർത്തുന്നുണ്ടന്നാണ് കണക്കാക്കിയിരിക്കുന്നത്. രോഗാണു ഉള്ളിൽ ചെന്ന എല്ലാവരിലും രോഗം വരണമെന്നില്ല. നല്ല ആരോഗ്യമുള്ള വ്യക്തികളിൽ രോഗാണുവിനെ ചെറുത്ത് തോൽപ്പിക്കാൻ സാധിക്കും.
ആരാണ് പ്രതിരോധശേഷി കുറഞ്ഞവർ?

മദ്യപാനം, പുകവലി, ലഹരി വസ്തുക്കളുടെ ഉപയോഗം, പ്രമേഹം, പോഷകാഹാരക്കുറവ്, പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്ന് കഴിക്കുന്നവർ, കാൻസർ രോഗികൾ, അവയവം മാറ്റിവച്ചവർ, എച്ച്. ഐ.വി ബാധിതർ ഇവരിൽ രോഗാണു സജീവമാകാനും ക്ഷയരോഗം ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. ഇവർ കൃത്യമായ ഇടവേളകളിൽ കഫം പരിശോധിക്കുകയും രോഗം ഇല്ല എന്ന് ഉറപ്പുവരുത്തുകയും വേണം.
പ്രതിരോധ ശേഷി കുറഞ്ഞ ആളുകളിൽ ഭാവിയിൽ അസുഖം ഉണ്ടാക്കുകയും അതിന്റെ ലക്ഷണങ്ങൾ പുറത്ത് പ്രകടമാക്കുകയും ചെയ്യും. രോഗാണു ഉള്ളിൽ ചെന്ന ആൾക്കാരിൽ 10-15ശതമാനം ആളുകളിൽ മാത്രമേ രോഗം പിടിപെടാറുള്ളു.
രോഗലക്ഷണങ്ങൾ
രോഗം ബാധിക്കുന്ന അവയവവുമായി ബന്ധപ്പെട്ടാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. രണ്ടാഴ്ച്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ, പ്രത്യേ കിച്ചും വൈകുന്നേരങ്ങളിൽ കണ്ടുവരുന്ന പനി, കാര്യമായി തൂക്കം കുറയൽ, രക്തം ചുമച്ച് തുപ്പുക, വിശപ്പില്ലായ്മ, രാത്രിയിൽ ഉള്ള അമിത വിയർപ്പ് തുടങ്ങിയവ ശ്വാസകോശ ടി.ബി യുടെ ലക്ഷണങ്ങളാണ്.കഴലവീക്കം, സന്ധിവേദന, സന്ധിവീക്കം, അപസ്മാരം, നടുവേദന, വയറുവേദന, തൊലിയിൽ മാറാതെയുള്ള വ്രണങ്ങൾ എന്നിവ ശ്വാസകോശേതര ടി ബി യുടെ ലക്ഷണങ്ങളായി കാണപ്പെടുന്നു.
രോഗനിർണ്ണയം എങ്ങനെ?

ടി.ബി ബാധിക്കുന്ന അവയവങ്ങൾക്കനുസരിച്ച് രോഗനിർണ്ണയ രീതിയും വ്യത്യാസപ്പെടുന്നു. ശ്വാസകോശ ടി.ബി യിൽ കഫ പരിശോധനയാണ് രോഗനിർണ്ണയത്തിലെ ആണിക്കല്ല്. കഫത്തിന്റെ മൈക്രോസ്കോപ്പി പരിശോധനയാണ് ഏറ്റവും ലളിതമായ രോഗനിർണ്ണയ രീതി. ഇതിനായി രണ്ട് സാംപിളുകൾ എടുക്കണം (spot sample & early morning sample). സർക്കാർ ലാബുകളിലും, തെരഞ്ഞെടുത്ത സ്വകാര്യ ലാബുകളിലും പരിശോധന സൗജന്യമാണ്.
തുറസ്സായ സ്ഥലത്ത് നിന്ന് വേണം കഫം എടുക്കാൻ. ചുമച്ച് ഉള്ളിൽ നിന്നും വരുന്ന കട്ടിയായ കഫം എടുക്കണം. കഫം എടുക്കുന്നതിന് മുമ്പായി പല്ലുതേക്കുകയും വായ വൃത്തിയായി കഴുകുകയും വേണം.
അതുകൂടാതെ, TrueNat, CBNAAT, LPA എന്നിങ്ങനെയുളള ചില ആധുനിക രോഗനിർണ്ണയ രീതികളുമുണ്ട്. കഫം, മറ്റ് സ്രവങ്ങൾ, ബയോപ്സി ഭാഗങ്ങൾ ഇവയെല്ലാം ഈ പരിശോധനകൾക്ക് വിധേയമാക്കാം. ക്ഷയരോഗാണുക്കളുടെ DNA കണ്ടെത്തുന്ന മോളിക്കുലാർ പരിശോധനയാണിത്. അതോടൊപ്പം ഈ അണുക്കൾ മരുന്നിനോട് പ്രതികരിക്കുന്ന താണോ അല്ലെയോ എന്നും അധികമായി ഈ പരിശോധന യിലൂടെ അറിയാൻ സാധിക്കും.
ഇതുകൂടാതെ, കഫത്തിന്റെ കൾച്ചർ പരിശോധന, നെഞ്ചിന്റെ എക്സ്റേ, ചിലപ്പോൾ സി.ടി സ്കാൻ, ട്യൂബർക്കുലിൻ സ്കിൻ ടെസ്റ്റ്, IGRA tests എന്നിവയും രോഗനിർണ്ണയത്തിൽ ആവശ്യമായി വരാറുണ്ട്. ചിലപ്പോൾ കഫം തീരെ പരിശോധനയ്ക്ക് ലഭ്യമാകാത്ത രോഗികളിൽ ശ്വാസനാളത്തിന്റെ ഉള്ളിൽ പരിശോധന നടത്തി സാമ്പിൾ ശേഖരിക്കുന്ന ബ്രോങ്കോസ്കോപ്പി എന്ന രോഗനിർണ്ണയ രീതിയും അവലംബിക്കാറുണ്ട്.
ശ്വാസകോശേതര ടി.ബി യിൽ പലപ്പോഴും ടി.ബി ബാധയുള്ള അവയവങ്ങളുടെ കുത്തി പരിശോധനയോ (FNAC), ബയോപ്സി പരിശോധനയോ ആണ് രോഗനിർണ്ണയത്തെ സഹായിക്കുക.
ചികിത്സ എങ്ങനെ?
തുടർച്ചയായി കൃത്യമായ അളവിൽ മരുന്ന് കഴിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്ന അസുഖമാണ് ക്ഷയ രോഗം. ചികിത്സാ കാലയളവ് ചുരുങ്ങിയത് 6 മാസമാണ്. 8 ആഴ്ച്ച തുടർച്ചയായി 4 മരുന്നുകൾ അടങ്ങിയ ഗുളിക ദിവസവും കഴിക്കണം. ഇവ റിഫാംപിസിൻ, ഐസോനിയാസിഡ്, എത്താംബ്യൂട്ടോൾ, പൈറസിനമൈഡ് തുടങ്ങിയവയാണ്. ഇതിന് ശേഷം 16 ആഴ്ച്ച പൈറാസിനാമൈഡ് ഒഴികെ ബാക്കി 3 മരുന്നുകൾ അടങ്ങിയ ഗുളികകൾ ദിവസവും കഴിക്കണം. ആദ്യത്തെ 8 ആഴ്ചയെ തീവ്രഘട്ടം എന്നും പിന്നീടുള്ള 16 ആഴ്ചയെ തുടർഘട്ടം എന്നും വിളിക്കുന്നു.
ക്ഷയരോഗചികിത്സ പൂർണ്ണമായും സൗജന്യമാണ്. എല്ലാ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ലഭ്യമാണ്. ക്ഷയരോഗത്തിന്റെ മരുന്നിനും പാർശ്വഫലങ്ങൾ അപൂർവ്വമായി ഉണ്ടാകാം. പല പാർശ്വഫലങ്ങളും നിസ്സാരങ്ങളാണ്. അങ്ങനെയുണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഡോക്ടറെ സമീപിക്കണം.
മൂത്രത്തിൽ നിറവ്യത്യാസം, വയറെരിച്ചിൽ, വിരലുകളിൽ തരിപ്പ്, സന്ധിവേദന, കണ്ണിലും തൊലിപ്പുറത്തും മഞ്ഞനിറം എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന പാർശ്വഫലങ്ങൾ.

ക്ഷയരോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും വായും മൂക്കും മാസ്ക് കൊണ്ട് മൂടണം.
2. പൊതു സ്ഥലങ്ങളിൽ തുപ്പരുത്.
3. കഫം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കിയതിന് ശേഷം കുഴിച്ചിടണം.
4. രോഗിയുടെ മുറിയിലെ ജനലുകൾ തുറന്നിടുക. നല്ല വായുസഞ്ചാരം ഉറപ്പുവരുത്തുക.
കൃത്യമായ ചികിത്സയിലൂടെ ടി.ബി രോഗിക്ക് സാധാരണ ജീവിതം നയിക്കുവാൻ സാധിക്കും. ഏതാനും ദിവസത്തെ ചികിത്സ കൊണ്ട് തന്നെ രോഗപകർച്ച ഇല്ലാതാക്കാൻ കഴിയും. ചികിത്സിക്കുന്ന ഡോക്ടറു ടെ നിർദ്ദേശപ്രകാരം ജോലിക്കോ പഠനത്തിനോ മറ്റും പോകാനും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വരാനും സാധിക്കും. ഇതിന് സമൂഹത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്.
ക്ഷയരോഗ ലക്ഷണങ്ങൾ കാണിക്കുന്ന ആളുകളെ കഫം പരിശോധിക്കാൻ പ്രോത്സാഹിപ്പിക്കുകയും രോഗം നിർണ്ണയി ക്കപ്പെട്ടാൽ ആത്മവിശ്വാസവും മുടങ്ങാതെ മരുന്ന് കഴിക്കാനുള്ള പ്രേരണയും നൽകാനുള്ള കടമ സമൂഹത്തിനുണ്ട്. അങ്ങനെ, സർക്കാർ സംവിധാനങ്ങളും ആരോഗ്യരംഗവും പൊതുജനങ്ങളും ഒറ്റക്കെട്ടായി പ്രയത്നിച്ചാൽ ക്ഷയരോഗം തുടച്ചു നീക്കാൻ സാധിക്കും. അതുവഴി ഈ വർഷത്തെ ടി.ബി ദിന സന്ദേശം അന്വർത്ഥമാകുകയും ചെയ്യും. ‘അതെ, നമുക്ക് ടി.ബി അവസാനിപ്പിക്കാൻ കഴിയും” (Yes We can end TB).
