
ഷീറ്റ് മാസ്കുകൾ ഇപ്പോൾ വളരെ സുലഭമാണ്. അക്കൂട്ടത്തിൽ തന്നെ റൈസ് വാട്ടർ ഷീറ്റുകളോട് ആളുകൾക്ക് പ്രിയം ഏറെയാണ്. ചർമ്മത്തിന് ജലാംശം ലഭിക്കാനും ചർമ്മത്തിന്റെ ഘടന നിലനിർത്താനുമെല്ലാം മാസ്ക് സഹായിക്കും.
എങ്ങനെയാണ് മാസ്ക് ഉപയോഗിക്കേണ്ടതെന്നും ഇവയുടെ ഗുണങ്ങളെന്താണെന്നും വിശദമായി പരിശോധിക്കാം
ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നു. ജലാംശം നിലനിർത്താനുള്ള സിറം ഇവയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ മുഖം വരണ്ട് പോകുന്നത് തടയും. മാത്രമല്ല ചർമ്മത്തിന് പോഷകം ലഭിക്കാനും സഹായിക്കും. വരണ്ട ചർമ്മം ഉള്ളവർക്ക് അതുകൊണ്ട് തന്നെ ധൈര്യമായി ഇത് ഉപയോഗിക്കാം. മുഖത്തിന് തിളക്കം കിട്ടാനും ഇത് സഹായിക്കും . ഇവയിൽ വിറ്റാമിൻ സി, അരിയുടെ സത്ത് അല്ലെങ്കിൽ നിയാസിനാമൈഡ് പോലുള്ള ചേരുവകൾ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കും. ഇവ മുഖത്തെ കറുത്ത പാടുകളെ തുരത്തും. ഹൈപ്പർപിഗ്മെന്റേഷനും ഇല്ലാതാക്കും.
ഒന്ന് വെയിൽ കൊണ്ടാൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത ഏറെയാണ്, പ്രത്യേകിച്ച് സൺസ്ക്രീൻ പോലുള്ളവ ഉപയോഗിക്കാതിരുന്നാൽ. അരി കൊണ്ടുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് സൂര്യപ്രകാശം മൂലം ചർമ്മത്തിൽ ഉണ്ടാകുന്ന കേടുപാടുകൾ ഇല്ലാതാക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ റൈസ് പേപ്പർ ഷീറ്റുൾ ഉപയോഗിക്കുന്നത് ഈ സമയത്ത് വളരെ നല്ലതാണ് .ചർമ്മത്തിലെ പാടുകൾ മിനുസപ്പെടുത്താൻ ഈ മാസ്കുകൾ ധൈര്യമായി ഉപയോഗിക്കാം. ഇത് ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ ഉപരിതലം മൃദുവാകാൻ സഹായിക്കും. മൃതകോശങ്ങളെ നീക്കി ചർമ്മം പുനഃരുജ്ജീവിക്കാനും ഈ ഷീറ്റ് ഉപയോഗിക്കാം.
റൈസ് പേപ്പർ ഫെയ്സ് മാസ്കിൽ കൊളാജൻ, ഹൈലൂറോണിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മം പ്രായമാകുന്നത് തടയും. ഇവയുടെ ഉപയോഗം ചർമ്മത്തിലെ ഇലാസ്തികത മെച്ചപ്പെടുത്താൻ സഹായിക്കും. അതുവഴി ചർമ്മത്തിലെ വരകളും ചുളിവുകളുമെല്ലാം ഇല്ലാതാക്കും, മുഖത്ത് യൗവനം നിലനിർത്തും.
എങ്ങനെയാണ് മാസ്ക് തയ്യാറാക്കുന്നതെന്ന് നോക്കാം
ചൂടുവെള്ളത്തിൽ രണ്ടോ മൂന്നോ മിനിറ്റ് മാസ്ക് കുതിർത്ത് വെക്കാം. ഇത് മാസ്ക് സോഫ്റ്റും ഫ്ലെക്സിബിളുമാകാൻ സഹായിക്കും. ഇതിനുശേഷം ഇതിലേക്ക് അൽപം പനിനീരോ അല്ലെങ്കിൽ കറ്റാർവാഴ ജെല്ലോ തേച്ച് കൊടുക്കാം. ഈ മാസ്ക് നേരെ മുഖത്ത് വെക്കാം. കുറഞ്ഞത് 15 മുതൽ 20 മിനിറ്റ് വരെ മാസ്ക് മുഖത്ത് വെയ്ക്കുന്നത് മികച്ച ഫലം ലഭിക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ മാസ്ക് ഉപയോഗിക്കാം.