നമ്മുടെ ദൈനം ദിന ജീവിതത്തില്‍ നാവിഗേഷന്‍ ആപ്പുകളുടെ സേവനങ്ങള്‍ ഒഴിച്ചുകൂടാനാകാത്തതാണ്. വിപണിയില്‍ വിവിധങ്ങളായ നാവിഗേഷന്‍ ആപ്പുകള്‍ ലഭ്യമാണ്. ഗൂഗിള്‍ മാപ്സ്, വേസ്, ആപ്പിള്‍ മാപ്സ് എന്നിവയാണ് അതില്‍ മുന്‍നിരയിലുള്ളത്. ഇതില്‍ ഏറ്റവും അധികം വിപണി വിഹിതമുള്ളത് ഗൂഗിള്‍ മാപ്പിനാണ്. 1000 കോടി ഡൗണ്‍ലോഡുകളാണ് പ്ലേ സ്റ്റോറില്‍ മാത്രം ഗൂഗിള്‍ മാപ്പിനുള്ളത്. 200 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുമുണ്ട്.
എന്നാല്‍ വ്യാപകമായി ഉപയോഗത്തിലുള്ള ഈ നാവിഗേഷന്‍ ആപ്പുകള്‍ ചിലയാളുകള്‍ ദുരുപയോഗം ചെയ്യുകയാണ്. ആഗോള തലത്തില്‍ തട്ടിപ്പുകാരും തട്ടിപ്പ് സ്ഥാപനങ്ങളും ഗൂഗിള്‍ മാപ്പ് നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് വര്‍ധിച്ചുവരികയാണ്. സ്ഥാപനങ്ങളുടെ ലൊക്കേഷന്‍ വ്യാജമായി മാപ്പുകളില്‍ ചേര്‍ത്താണ് തട്ടിപ്പ്. ആയിരത്തിൽ ഏറെ വ്യാജ ലൊക്കേഷനുകളാണ് ഗൂഗിള്‍ മാപ്പില്‍ സൃഷ്ടിച്ചിരിക്കുന്നത്. തട്ടിപ്പുകാര്‍ അവരുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ ലൊക്കേഷന്‍ ഉപയോഗിക്കുന്നത്.
പ്ലംബര്‍മാര്‍, പഞ്ചര്‍/മെക്കാനിക്ക് പോലുള്ള റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങി അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായി വന്നേക്കാവുന്ന സേവനങ്ങളുടെ പേരിലാണ് വ്യാജ ലിസ്റ്റിങുകള്‍ തട്ടിപ്പുകാര്‍ ഗൂഗിള്‍ മാപ്പില്‍ നിര്‍മിക്കുക. ഇവരെ ഫോണില്‍ ബന്ധപ്പെടുന്നവരെയാണ് തട്ടിപ്പുകാര്‍ വലയിലാക്കുക. ഇരകളുടെ അടിയന്തര സാഹചര്യം മുതലെടുത്ത് അവരില്‍ നിന്ന് അമിതമായ തുക ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള തട്ടിപ്പുകളാണ് ഇവര്‍ നടത്തുന്നത്.
