കൊച്ചി: കയര്‍ ബോര്‍ഡില്‍ അഡൈ്വസറായി നിയമനം പ്രതീക്ഷിച്ചിരുന്ന ബോര്‍ഡിന്റെ മുന്‍ സെക്രട്ടറി ജിതേന്ദ്ര കുമാര്‍ ശുക്ലയുടെ സ്വപ്നം പൊലിഞ്ഞു. കേന്ദ്ര മന്ത്രിയുടെ ശുപാര്ശയിന്മേല് സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കി അഡൈ്വസര്‍ എന്ന ഇല്ലാത്ത ഒരു തസ്തിക സൃഷ്ടിച്ച് കയര്‍ ബോര്‍ഡില്‍ തന്നെ തുടരാനുള്ള ശുക്ലയുടെ ശ്രമമാണ് വിഫലമായത്. ഇതിന്മേല് ഒരു നടപടിയും കൈക്കൊള്ളേണ്ടതില്ലെന്നും ഇതൊരു അടഞ്ഞ വിഷയമാണെന്നും കാണിച്ച് എംഎസ്എംഇ മന്ത്രാലയത്തില്‍ നിന്നും നിര്‍ദ്ദേശം വന്നു. കയര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥ ജോളി മധുവിന്റെ മരണത്തില്‍ കുറ്റാരോപിതനായ വ്യക്തിയാണ് ശുക്ല. ജോളിയുടെ കുടുംബത്തിന്റെ പരാതിയിലും മാധ്യമങ്ങളുടെ നിരന്തര ഇടപെടലും ഫലം കണ്ടെന്ന് വേണം പറയാന്‍. ഇനി അറിയാനുള്ളത് വകുപ്പ് പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണം നടക്കുമോ ഇല്ലയോ എന്നതാണ്.
ആരോപണ വിധേയരായവരായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തികച്ചും ജൂനിയര്‍മാരായ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ടവര്‍. ജോളിയുടെ കുടുംബവും ബോര്‍ഡിലെ ജീവനക്കാരും ഈ അന്വേഷണ കമ്മീഷനില്‍ തൃപ്തരല്ല. ആരോപണം ഉയര്‍ന്നുവന്നതിനുശേഷം 2 മാസം ആയിട്ടും കുറ്റാരോപിതരായവര്‍ ഇന്നും തല്‍സ്ഥാനങ്ങളില്‍ തന്നെ തുടരുന്ന വിചിത്ര കാഴ്ചയാണ് കയര്‍ ബോര്‍ഡില്‍ കാണുന്നത്. അന്വേഷണ കമ്മീഷന് അന്വേഷണം പൂര്‍ത്തിയാക്കിയോ റിപ്പോര്‍ട്ട് കൊടുത്തോ തുടങ്ങിയ കാര്യങ്ങളില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കുറ്റാരോപിതരായ ഉദ്യോഗസ്ഥരുടെ കയര്‍ ബോര്‍ഡിലെ നിയമനവും വഴിവിട്ടാണ് നടത്തിയെന്ന ആരോപണവും ഉയര്‍ന്ന് വരുന്നുണ്ട്. കേന്ദ്ര വിജിലന്‍സ് ഇതില്‍ അന്വേഷണം നടത്തി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഒന്നും കൈക്കൊണ്ടിട്ടില്ലെന്നാണ് ആരോപണം. ഇതെല്ലാം അഡ്മിനിസ്ട്രേഷന് വിഭാഗത്തിലെ സെക്ഷന്‍ ഓഫീസറായിരുന്ന ജോളി മധുവിന് അറിയാമായിരുന്നിരിക്കണം. അന്വേഷണത്തിന്റെ പരിധിയില്‍ ഇതെല്ലാം കൊണ്ട് വരണമെന്നാണ് ബോര്‍ഡിലെ ജീവനക്കാരുടെ ആവശ്യം. കുറ്റാരോപിതര്‍ ഇപ്പോഴും സര്‍വീസില്‍ തന്നെ തുടരുന്നതിനാല്‍ തുറന്ന് പറയാന്‍ ജീവനക്കാര്‍ക്ക് ഭയവുമാണ്.
