അഡ്വ.വിഷ്ണു വിജയന്
ലോകത്തെയാകെ ബാധിച്ച ക്യാന്‍സറായിരുന്നു കോവിഡെന്ന മഹാമാരി. ഒരുപാട് പേര് മരിച്ചു വീണപ്പോഴും നാട് ഒറ്റക്കെട്ടായി കോവിഡിനെ അതിജീവിക്കുകയായിരുന്നു. ഒരു മഹാമാരിക്കാലത്തെ അതിജീവിച്ചു നില്‍ക്കുമ്പോഴും അതിന്റെ തിക്തഫലങ്ങള്‍ ഇന്നും നാടിനെ വിടാതെ പിന്തുടരുകയാണ്. നാട്ടില്‍ അക്രമങ്ങള്‍ പെരുകുകയാണ്. പുറത്തുമാത്രമല്ല, കുടുംബത്തിനകത്തും സംഘര്‍ഷം പുകയുന്നു. പലയിടത്തും അത് കൊലപാതകത്തിലേക്കോ ആത്മഹത്യയിലേക്കോ നയിക്കുന്നു. ലഹരിഉപയോഗമാണ് ഈ അവസ്ഥയുടെ മൂലകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശെരിക്കും ഇത് ഇവിടെ മാത്രം നടക്കുന്നതല്ല. കേരളത്തിന്റെ മാത്രം പ്രശ്നമല്ല. ലോകത്തു മറ്റു പലയിടത്തും സമാനമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. കോവിഡിനുശേഷമുള്ള ദുര്‍ബലമായ ശാരീരിക- മാനസികാവസ്ഥയും മറ്റു രോഗലക്ഷണങ്ങളുമാണ് നാടിനെ ഈ ദുര്‍ഗതിയിലേക്ക് തള്ളിവിട്ടതെന്ന് പറയാം. കോവിഡ് മഹാമാരി കാരണം രണ്ടു വര്‍ഷക്കാലം കുട്ടികള്‍ ഒറ്റപ്പെട്ടു വീടിനുള്ളില്‍ കഴിയേണ്ട സാഹചര്യമുണ്ടായിരുന്നു.
ഈ സാഹചര്യമാണ് കുട്ടികളില്‍ അക്രമവാസനയും ആസക്തിയും കൂട്ടിയതായി വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. ആരോടും കൂട്ടുകൂടാനില്ലാതെ വീട്ടില്‍ മൊബൈല്‍ ഫോണ്‍ വഴി പഠനത്തിനും വിനോദത്തിനും ഒരുപോലെ സമയം കണ്ടെത്തിയ കുട്ടികള്‍ ഇന്റര്‍നെറ്റിലൂടെ പലതും അറിഞ്ഞു. ആ അറിവാണ് ഇന്നത്തെ പല സഹചര്യങ്ങള്‍ക്കും വഴിയൊരുക്കിത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എതെങ്കിലും തരത്തില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 300 കുട്ടികളെ തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളജ്, എസ്എടി ആശുപത്രിയിലെ ശിശുരോഗ വിഭാഗം പഠനവിഷയമാക്കിയപ്പോള്‍ മാതാപിതാക്കളുടെ വേര്‍പിരിയല്‍ കുട്ടികളില്‍ അക്രമവാസന വളര്ത്തുന്നതായിട്ടാണ് തെളിഞ്ഞത്. ഓരോ സ്കൂളുകളിലും അഞ്ചു മുതല്‍ ഏഴു ശതമാനം വരെ കുട്ടികള്‍ കുറ്റവാസനയുള്ളവരാണ് എന്നും പഠനത്തില്‍ തെളിത്തു. എന്നാല്‍ കൃത്യമായ സമയത്തു അവര്‍ക്ക് ചികില്‍സകളും തെറാപ്പികളും നല്കാന് കഴിയുന്നില്ലെന്നതാണ് കുട്ടികളുടെ സ്വഭാവപ്രശ്നങ്ങള്‍ ഇത്ര ഗുരുതരമാകാന്‍ കാരണം.
സമൂഹത്തെ മാതൃകയാക്കി വളരേണ്ട കുട്ടികള്‍ക്ക് മുന്നില്‍ ഇന്നത്തെ സമൂഹം നല്‍കുന്നത് എന്താണ്. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. ഒരിക്കലും മുഴുനീള സിനിമകള്‍ അല്ല, മറിച്ച് അതിനുള്ളിലെ ചില രംഗങ്ങള്‍ മാത്രമാണ് റീലുകളായും മറ്റും വിദ്യാര്‍ത്ഥികള്‍ പരമാവധി പിന്തുടരുകയും പങ്കുവെക്കുകയും ചെയ്യുന്നത്. വയലന്‍സ് സിനിമകളിലെ താരങ്ങളെ അനുകരിക്കുന്നത് പുതുതലമുറ പതിവാക്കിയിരിക്കുന്നു. കോവിഡ് കാലഘട്ടത്തിലാണ് കുട്ടികളും മുതിര്‍ന്നവരും കൂടുതലായും സാമൂഹ്യ മാധ്യമങ്ങളിലേക്ക് എത്തിപ്പെടുന്നത്. സ്കൂള്‍-കോളേജ് വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ ഒപ്പം സാമൂഹ്യ മാധ്യമങ്ങളും കുട്ടികള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങുകയായിരുന്നു. സൈബര്‍ ലോകത്തെ അനിയന്ത്രിതമായ ചെലവിടല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മാനസിക നിലയെ പലതരത്തില്‍ ബാധിച്ചു. മണിക്കൂറുകളോളം സാമൂഹ്യമാധ്യമങ്ങളില്‍ അമിതമായി സമയം ചെലവഴിക്കുന്നത് ഉറക്കം നഷ്ടപ്പെടാന്‍ കാരണമായി. ഇത് കുട്ടികളുടെ പെരുമാറ്റത്തെയും പഠനമേഖലയെയും സാരമായി ബാധിച്ചു.
കൗമാരക്കാരില്‍ ഉറക്കക്കുറവ്, വിഷാദം, അമിത ഉത്കണ്ഠ, അമിത ദേഷ്യം, ആത്മഹത്യ പ്രവണത തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമായി അതിരുവിട്ട സാമൂഹ്യ മാധ്യമ ഉപയോഗം കാരണമായി. സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് കൈകാര്യം ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പടെയുള്ള പലവിധ ചതിക്കുഴികളില്‍ വീഴാനും ചൂഷണത്തിന് ഇരയാകാനും അറിഞ്ഞോ അറിയാതെയോ നമ്മുടെ കൗമാരങ്ങള്‍ ഇടയായി. കൗമാര പ്രായത്തിലുള്ള കുട്ടികള്‍ മിക്കവാറും ലോക പരിചയം കുറവുള്ളവരാണ്. സമൂഹത്തിന്റെ പൊള്ളയായ നിലപാടുകളെകുറിച്ചൊന്നും വലിയ ധാരണ ഉണ്ടാകണം എന്നില്ല. അധ്യാപകന് വഴക്ക് പറഞ്ഞാലോ സഹപാഠികള്‍ കളിയാക്കിയാലോ പെട്ടന്ന് വിഷമം വരുന്ന ഇവര്‍ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ നൂറുകണക്കിന് ആളുകള്‍ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നത് അവരുടെ മാനസിക നിലയെ വലിയ രീതിയില്‍ ബാധിക്കും. ഇത് തുറന്ന് ചര്‍ച്ച ചെയ്യാന്‍ പാകത്തിനുള്ള പിന്തുണ വീട്ടില്‍ നിന്ന് ലഭിക്കാത്ത പക്ഷം വിഷാദത്തിലേക്ക് കൂപ്പുകുത്തപ്പെടും. ഇത് ആത്മഹത്യയിലേക്കും മറ്റ് കൊലപാതകം പോലെയുള്ള കുറ്റകൃത്യങ്ങളിലേക്കും പുതിയ തലമുറയെ എത്തിക്കുന്നുണ്ട്. ശരിക്കും ഈ സാഹചര്യത്തില്‍ കൃത്യമായ പഠനങ്ങള്‍ നടത്തി അതിന് അനുസൃതമായ ശ്രദ്ധയും ബോധവല്‍ക്കരണവും ഇടപെടലുകളും ഭരണതലത്തില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്.
