കൊച്ചി: നിയമസബ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഇടതുമുന്നണിയിലെ ചെറുഘടകകക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുക്കാനൊരുങ്ങി സിപിഐഎം. നിലവില്‍ ചെറുഘടകകക്ഷികള്‍ മത്സരിക്കുന്ന പല സീറ്റുകളിലും അവര്‍ തന്നെ മത്സരിച്ചാല്‍ പരാജയപ്പെടുവാനാണ് സാധ്യതയെന്ന് സിപിഎം നേതൃത്വം വിലയിരുത്തുന്നു. അതനുസരിച്ച് നിലവില്‍ ഘടകകക്ഷികള്‍ മത്സരിക്കുന്ന കണ്ണൂര്‍, എലത്തൂര്‍, ചിറ്റൂര്‍, കുട്ടനാട് സീറ്റുകള്‍ സിപിഎം തന്നെ ഏറ്റെടുക്കനാണ് സാധ്യത. കണ്ണൂരില്‍ സ്ഥിരമായി മത്സരിക്കാറുള്ളത് കോണ്‍ഗ്രസ് എസ്സിന്റെ കടന്നപ്പള്ളി രാമചന്ദ്രന് ആയിരുന്നു. നിലവില്‍ മന്ത്രി കൂടിയായ അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ സാധ്യതയില്ല. പകരം മറ്റൊരാള്‍ കോണ്‍ഗ്രസ് എസില്‍ നിന്ന് മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന് സിപിഎമ്മം കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ കടന്നപ്പള്ളി മത്സരിക്കാത്ത സാഹചര്യത്തില്‍ സീറ്റ് ഏറ്റെടുക്കുവാനാണ് സിപിഎം ആലോചിക്കുന്നത്.
കുട്ടനാട്ടില്‍ നിലവിലെ എംഎല്‍എ തോമസ് കെ തോമസ് മത്സരിച്ചാല്‍ ഒരു കാരണവശാലും ഇടതുമുന്നണി മണ്ഡലത്തില്‍ വിജയിക്കില്ലെന്ന് സിപിഎം വിലയിരുത്തുന്നു. കഴിഞ്ഞ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ തോമസ് കെ തോമസിനെതിരായ അഭിപ്രായ പ്രകടനാണ് പ്രതിനിധികള്‍ നടത്തിയത്. അതുകൊണ്ടുതന്നെ കുട്ടനാട് മണ്ഡലം എന്സിപിഎസില് നിന്ന് ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. എന്‍സിപി എസിന്റെ കൈവശമുള്ള മറ്റൊരു സീറ്റാണ് നിലവില്‍ എ കെ ശശീന്ദ്രന് പ്രതിനിധീകരിക്കുന്ന എലത്തൂര്‍ മണ്ഡലം. എലത്തൂരില്‍ ഇനി ശശീന്ദ്രന് നിന്നാല്‍ പോലും ഇടതുമുന്നണി പച്ചതൊടില്ലെന്ന് സിപിഎം മനസ്സിലാക്കുന്നു. എലത്തൂരില്‍ സിപിഎമ്മിന്റെ നിലവിലെ കോഴിക്കോട് ജില്ലാ സെക്രട്ടറി മെഹബൂബ് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മണ്ഡലത്തിലേക്ക് വന്നാല്‍ നിലവില്‍ മന്ത്രി കൂടിയായ കെ കൃഷ്ണന്‍കുട്ടിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അടുത്ത തവണ അദ്ദേഹത്തിന്റെ മകനെ മത്സരിപ്പിക്കുവാനുള്ള നീക്കം നടക്കുന്നതായി സൂചനകളുണ്ട്. എന്നാല്‍ സിപിഎമ്മിന് അതിനോട് യോജിപ്പില്ല. അതുകൊണ്ടുതന്നെ മണ്ഡലം തിരിച്ചെടുത്ത് സിപിഎം മത്സരിക്കണമെന്ന വികാരമാണ് പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന് ഉള്ളത്. സിപിഎം ജില്ലാ കമ്മറ്റിക്കും സമാനഭിപ്രായമാണെന്ന് അറിയുന്നു. ഘടകകക്ഷികളെ കൂടെ നിര്‍ത്തുകയും അതേസമയം അവരുടെ സീറ്റുകള്‍ സ്വന്തമാക്കി വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഐഎം. അതുവഴി മൂന്നാംവട്ടഭരണവും സിപിഎം ലക്ഷ്യം വെക്കുന്നു.
