സിനിമയുടെ ഓള് ഇന്ത്യ ബുക്കിങ് ആണ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ ആരംഭിച്ചത്. പല തിയേറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകള്‍ തീര്‍ന്ന അവസ്ഥയാണ്. വെളുപ്പിന് ആറ് മണി മുതല്‍ ഫാന്‍സ് ഷോകള്‍ ആരംഭിക്കും. ആറ് മണിക്കും, ആറേ കാലിനും, ആറര മണിക്കും വരെ ഷോസ് നല്കുന്ന തിയേറ്ററുകള്‍ ഉണ്ട്.
മാര്‍ച്ച് 27ന് ആണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്നത്. ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാന്. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്ലര് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബ്രഹ്മാണ്ഡ കാഴ്ചകളിലേക്കാണ് എമ്പുരാന് പ്രേക്ഷകരെ എത്തിക്കുക എന്നത് ട്രെയ്ലറില് നിന്നും വ്യക്തമാണ്. 3.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറില് സ്റ്റീഫനായും അബ്രാം ഖുറേഷിയായും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
