ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ബോബാക്രമണങ്ങള്‍ ജീവിച്ചിരിക്കുന്നവരെ കൂടി രക്തസാക്ഷികളാക്കുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആക്രമണങ്ങളെ അതിജീവിച്ച കുട്ടികളും ചെറുപ്പക്കാരുമടക്കമുള്ള പലരും ഇപ്പോള്‍ കഠിനമായ മുടി കൊഴിച്ചില്‍ അനുഭവിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
2023 ല്‍ ഗാസയില്‍ ഇസ്രായേല്‍ സൈനിക ആക്രമണം ആരംഭിച്ചതിനുശേഷം എട്ട് വയസ്സുകാരി സാമ തുബൈലിന് അനുഭവിച്ച ആഘാതം കാരണം അവളുടെ മുടിയുടെ ഏതാണ്ട് മുഴുവന്‍ കൊഴിഞ്ഞുപോയതായി ഡോക്ടര്‍മാര്‍ പറഞ്ഞതായി ഒരു സിഎന്‍എന്‍ റിപ്പോര്‍ട്ട് പറയുന്നു. ഗാസയിലെ 1.2 ദശലക്ഷം കുട്ടികള്‍ക്കും മാനസിക പിന്തുണ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.
ഇസ്രയേലിന്റെ നിരന്തരമായ ബോംബാക്രമണങ്ങള്‍ ഗാസയിലെ കുട്ടികളില്‍ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ വ്യോമാക്രമണങ്ങളെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടെങ്കിലും ഈ സംഭവങ്ങള്‍ അവരെ മാനസികമായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇസ്രയേല്‍ നടത്തുന്ന വ്യാപക ആക്രമണങ്ങള്‍ അവരെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. മാനസിക ആഘാതം വളരെ ഗുരുതരമാണ്, അത് ശാരീരികമായി പ്രകടമാകാന്‍ തുടങ്ങിയിരിക്കുന്നു.
