രാമ നവമി കാരണം ഐപിഎല്‍ മത്സരം പുനഃക്രമീകരിക്കുന്നത് ഇതാദ്യമല്ല
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം മത്സരം മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാമ നവമി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ പ്രശ്നങ്ങളാല്‍ ഏപ്രില്‍ ആറിന് നടക്കാനിരിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ ഹോം മത്സരം പുനഃക്രമീകരിക്കാനാണ് സാധ്യത. നൈറ്റ് റൈഡേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സിലാണ് ലഖ്നൗവിനെതിരായ മത്സരം നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍ രാമ നവമി ആഘോഷങ്ങള്‍ കാരണം കൊല്‍ക്കത്ത പൊലീസിന് ഈഡന് ഗാര്‍ഡന്‍സില്‍ മതിയായ സുരക്ഷ ഒരുക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് ക്രിക്കറ്റ് അസോസിയേഷന് ഓഫ് ബംഗാള്‍ (സിഎബി) പ്രസിഡന്റ് സ്നേഹാശിഷ് ഗാംഗുലി വെളിപ്പെടുത്തി. മത്സരത്തിന് ഇതുവരെ പൊലീസ് സുരക്ഷാ ക്ലിയറന്‍സ് നല്‍കിയിട്ടില്ല. ഇതോടെ മത്സരം മാറ്റിവെക്കുമെന്നാണ് സൂചന.
