ന്യൂഡല്‍ഹി: വായനാടിനായുള്ള പ്രത്യേക പാക്കേജിനെ ചൊല്ലി ലോക്സഭയില്‍ ബഹളം. വയനാട് എം.പി. പ്രിയങ്ക ഗാന്ധിയാണ് വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്. പാക്കേജ് ഗ്രാന്റ് ആയി പ്രഖ്യാപിക്കണം എന്നായിരുന്നു പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടത്. ചൂരല്‍മലയിലെ ദുരിതബാധിതരുടെ അവസ്ഥ പരിഗണിച്ച് കേന്ദ്രം നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി വിഷയം സഭയിലും ഉന്നയിച്ചത്.
പ്രധാനമന്ത്രി കേരളത്തില്‍ വന്നുപോയിട്ടും വിഷയത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാനോ സഹായം അനുവദിക്കാനോ കേന്ദ്രം തയ്യാറായില്ല എന്ന് പ്രിയങ്ക ആരോപിച്ചു. പ്രധാനമന്ത്രി കേരളത്തിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ കേന്ദ്രം സഹായനടപടികള്‍ സ്വീകരിക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ വയനാട്ടിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ ഇതുവരെ നിറവേറ്റപ്പെട്ടില്ല എന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
