
സിപിഐഎമ്മിന് വീണ്ടും തലവേദനയായി ഉന്നത നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇ ഡി നീക്കം
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ദേശീയതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ട ഏറ്റവും വലിയ സഹകരണ ക്രമക്കേടുകളിൽ ഒന്നാണ്. സിപിഐഎം ഭരണത്തിൻ കീഴിലായിരുന്ന സഹകരണ ബാങ്കിൽ നടന്ന 300 കോടി രൂപയുടെ തട്ടിപ്പ് രാഷ്ട്രീയ പ്രതിയോഗികളുടെ പ്രധാന ആയുധമായി മാറി. പാർലമെന്റ് തിരഞ്ഞെടുപ്പോടെ ഇ ഡിയുടെ നടപടികളിലും ദുരൂഹതയുയർന്നു. നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള നടപടികളുണ്ടാവുമെന്ന് ഉറപ്പു നൽകിയത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. കുന്നംകുളത്ത് തിരഞ്ഞെടുപ്പ് റാലിയിൽ നരേന്ദ്രമോദി നടത്തിയ ഈ പ്രഖ്യാപനം നിക്ഷേപകർക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം 11 മാസങ്ങൾ കടന്നുപോയപ്പോഴും കരുവന്നൂർ കേസിൽ നീതി അകലെയായിരുന്നു. കരുവന്നൂർ വിഷയം തിരിച്ചടിയായെന്ന് ബോധ്യപ്പെട്ട സിപിഐഎം നിക്ഷേപ സമാഹരണം ഉൾപ്പെടെയുള്ള നടപടികളിലൂടെ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിലാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കൂടുതൽ ഉന്നത നേതാക്കളെ ചോദ്യം ചെയ്യാനും പ്രതിചേർക്കാനും ഇഡി നീക്കം തുടങ്ങിയത്.
ഇതോടെ കരുവന്നൂരിൽ സിപിഐഎം വീണ്ടും പ്രതിരോധത്തിലാവുകയാണ്. മുൻമന്ത്രിയും നിലവിൽ ആലത്തൂർ എം പിയുമായ കെ രാധാകൃഷ്ണനാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി ആദ്യം നോട്ടീസ് നൽകിയത്. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ഇ ഡി കാത്തിരിക്കണമെന്നാണ് എംപിയുടെ മറുപടി. ഇതിന് തൊട്ടുപിന്നാലെയാണ് മുൻമന്ത്രിയും എംഎൽഎയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ സി മൊയ്തീൻ, മുൻ ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവരെ പ്രതിചേർക്കാൻ കോടതിയോട് ഇ ഡി അനുമതി ചോദിച്ചിരിക്കുന്നത്.
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും കള്ളപ്പണം വെളുപ്പിക്കാൻ നേതാക്കൾ കൂട്ടുനിന്നെന്നും പാർട്ടി ഓഫീസ് നിർമാണത്തിന് വെളുപ്പിച്ച പണം വിനിയോഗിച്ചു എന്നുമാണ് ഇഡി കണ്ടെത്തിയത്. പാർട്ടിയുടെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ച അഞ്ചുകോടി രൂപ ഇ ഡി കഴിഞ്ഞ വർഷം കണ്ടുകെട്ടിയിരുന്നു. കേരള രാഷ്ട്രീയത്തിൽ വൻവിവാദങ്ങൾക്ക് ഇടയാക്കിയ കേസാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസ്. വ്യാജ രേഖകളുണ്ടാക്കി ബാങ്കിൽ നിന്ന് പലരുടെ പേരിൽ വ്യാജ വായ്പാ രേഖകൾ ഉണ്ടാക്കി കോടികൾ തട്ടിയെടുത്തുവെന്നാണ് കേസ്. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്നാണ് ഈ തട്ടിപ്പിന് നേതൃത്വം നൽകിയതെന്നായിരുന്നു ആരോപണം. ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസും പിന്നീട് വിജിലൻസും കേസിൽ അന്വേഷണം നടത്തി. ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പുമാത്രമായാണ് ആദ്യ അന്വേഷണത്തിൽ വ്യക്തമായത്.
കരുവന്നൂർ സഹകരണ ബാങ്കിൽ നടത്തിയ വൻതട്ടിപ്പിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കലും നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ഇ ഡി ഏറ്റെടുക്കുകയായിരുന്നു. ഇ ഡിയുടെ വരവിനെ സംസ്ഥാന സർക്കാരും സിപിഐഎമ്മും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും അന്വേഷണ ചുമതല ഇ ഡി ഏറ്റെടുത്തു. പിന്നീട് സംസ്ഥാന വിജിലൻസും ഇ ഡിയും തമ്മിൽ അഭിപ്രായ ഭിന്നത ഉടലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത രേഖകൾ കൈമാറുന്നതിലും മറ്റും തർക്കങ്ങളുണ്ടായി.മുൻമന്ത്രിയും എം എൽ എയുമായ എ സി മൊയ്തീന്റെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തിയതോടെ സി പി എം കേന്ദ്രങ്ങൾ പ്രതിരോധത്തിലായി. പ്രാദേശിക നേതാവായ അരവിന്ദാക്ഷൻ അറസ്റ്റു ചെയ്യപ്പെട്ടു. നേതാക്കൾക്ക് നിരന്തരം ചോദ്യം ചെയ്യലിന് ഹാജരാവാനായി നോട്ടീസ് നൽകുന്നതും മറ്റും സ്ഥിരം സംഭവമായി. ഒരുവേള നേതാക്കൾ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭീതിപോലും ഉണ്ടായതോടെ സി പി എം നേതാക്കൾ കടുത്ത പ്രതിരോധം സൃഷ്ടിക്കാൻ രംഗത്തിറങ്ങി.
കരുവന്നൂർ കേസ് ബിജെപി ശക്തമായ തിരഞ്ഞെടുപ്പ് ആയുധമാക്കാൻ തീരുമാനിച്ചു. സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്കിന് മുന്നിൽ നിന്ന് തൃശ്ശൂർ വരെ കാൽനട ജാഥ നടത്തി. ബിജെപിയുടെ പ്രാദേശിക നേതാക്കൾ മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദിവരെയുള്ള നേതാക്കൾ കരുവന്നൂർ കേസ് സിപിഐഎമ്മിനെതിരെ രാഷ്ട്രീയ ആയുധമാക്കിതിരഞ്ഞെടുപ്പിന് ശേഷം മെല്ലെപ്പോക്കിലായിരുന്നു കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്. എന്നാൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള ധൃതിപിടിച്ചുള്ള നീക്കത്തിലാണ് ഇ ഡി ഇപ്പോൾ. നേരത്തെയുള്ള അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് കേസിനെ വിപരീതമായി ബാധിക്കുമോ എന്ന സംശയം നിലനിൽക്കെയാണ് എ സി മൊയ്തീൻ, എം എം വർഗീസ് എന്നിവർക്കെതിരെ കേസെടുക്കാനുള്ള അനുമതി തേടി ഇ ഡി കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകർക്ക് തിരികെ നൽകുന്നതിനുള്ള നടപടികൾ ഇ ഡി സ്വീകരിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ ഉടൻ റിപ്പോർട്ട് നൽകിയാൽ മാത്രമേ നിക്ഷേപകർക്ക് പണം ലഭ്യമാകൂ.