ബിഹാറില്‍ അച്ഛനും മകനും ചേർന്ന് അമ്മയെയും മകളെയും കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച്ചയോടെയാണ് സംഭവം നടന്നത്. ചുടിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ പിയാരകലയിലാണ് സംഭവം. മകൾ അച്ഛൻ തെരഞ്ഞെടുത്ത വരനെ വിവാഹം കഴിക്കാൻ തയ്യാറാവാതെ, സ്വന്തം ഇഷ്ടപ്രകാരം ഒരാളെ തെരഞ്ഞെടുത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അമ്മ പാർവതി ദേവി, മകൾ പ്രതിമ കുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ പ്രദേശത്തെ പവർ ഗ്രിഡ് സബ്സ്റ്റേഷന് സമീപമുള്ള ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് കണ്ടെടുത്തായി പൊലീസ് അറിയിച്ചു. കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്തതായും പൊലീസ് കൂട്ടിച്ചേർത്തു.
വീടിന് പുറത്തെ മോട്ടോർ പമ്പ് പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് അമ്മയും മകളും മരിച്ചതെന്നായിരുന്നു ആദ്യം പ്രതികൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇരുവരുടെയും മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതും മൃതദേഹങ്ങളിൽ മുറിവുകൾ കണ്ടതും നിർണായകമായെന്ന് റോഹ്താസ് എസ്പി റൗഷൻ കുമാർ പറഞ്ഞു. പാർവതിയുടെ ഭർത്താവ് രാം നാഥ് റാമിനെയും, ഇളയ മകൻ ഛോട്ടു കുമാറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കാൻ ജില്ലാ പൊലീസ് ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും എസ്പി പറഞ്ഞു.
