കേരളത്തിന്റെ പ്രശ്നങ്ങളവതരിപ്പിക്കാൻ മുഖ്യമന്ത്രിക്ക് ഒപ്പം ഗവർണറും പങ്കുചേർന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങളിൽ നിറഞ്ഞുനിന്നു. ഏറെ കാലത്തിനുശേഷമാണ് കേരളം കാത്തിരുന്ന ഒരു ചിത്രം പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തിന്റെ പ്രതിസന്ധികളെയും ആവശ്യങ്ങളെയും കുറിച്ച് വിശദമായി മനസിലാക്കുന്നതിനാണ് മുഖ്യമന്ത്രിയുമായും കേരളത്തിൽ നിന്നുള്ള എംപിമാരുമായും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്. പ്രശ്നങ്ങളെ രാഷ്ട്രീയവത്ക്കരിക്കാതെ എല്ലാവരും ഒന്നിച്ചുനിന്ന് ആവശ്യങ്ങൾ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഗവർണർ യോഗം വിളിച്ചത്. ഗവർണറുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു യോഗം വിളിക്കുന്നത് ആദ്യമായാണ്. കേരളഹൗസിലെ കോൺഫ്രൻസ് റൂമിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അത്താഴ വിരുന്നും ഗവർണർ ഒരുക്കിയിരുന്നു. കൂടിക്കാഴ്ചയിൽ സംസാരിച്ച എംപിമാരുടെ ഉൾക്കാഴ്ചയുള്ള കാഴ്ചപ്പാടുകൾക്ക് ഗവർണർ നന്ദി പറഞ്ഞു. മാത്രമല്ല കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കേരളഹൗസിലെത്തി ഗവർണറേയും മുഖ്യമന്ത്രിയെയും സന്ദർശിച്ച് ചർച്ച നടത്തി. മൂവരും പ്രഭാതഭക്ഷണത്തിലും പങ്കുചേർന്നു.
കേരളത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് താനും ബോധവാനാണ്. ഈ പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്കൊപ്പം താനും ഉണ്ടാകുമെന്നാണ് ഗവർണറുടെ വാഗ്ദാനം. ഒറ്റക്കെട്ടായി രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി കേരളത്തിലെ എംപിമാർ മുന്നോട്ടുപോകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അഭ്യർത്ഥിച്ചതും ഏറെ പുതുമയോടെയാണ് കേരളം ശ്രവിച്ചത്.
കുറച്ചുകാലങ്ങളായി ഗവർണറും സർക്കാരും പരസ്പരം ഏറ്റുമുട്ടുന്നതും കോടതി കയറുന്നതും വെല്ലുവിളിക്കുന്നതും ആണ് കേരളം കണ്ടിരുന്നത്. തികച്ചും രാഷ്ട്രീയമായ സമീപനമായിരുന്നു ഇതുവരെ നാം കേട്ടത്. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ സമീപനമാണ് ഇപ്പോഴത്തെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്വീകരിച്ചത്. കേരളത്തിന്റെ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നിച്ച് നിൽക്കണമെന്ന ആഹ്വാനമാണ് ഗവർണറിൽ നിന്നും നാം കേട്ടത്. വ്യത്യസ്ത രാഷ്ട്രീയ ചേരിയിൽ നിൽക്കുമ്പോഴും കേരളത്തിന്റെ ആവശ്യങ്ങൾക്കായി ഒന്നിച്ച് നിൽക്കുന്ന കാഴ്ച ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്.
നിരവധിയായ പ്രശ്നങ്ങളിലൂടെയാണ് കേരളമെന്ന നമ്മുടെ സംസ്ഥാനം കടന്നുപോകുന്നത്. പലപ്പോഴും രാഷ്ട്രീയ പകപോക്കലുകളുടെ നടുവിൽ നഷ്ടമാകുന്നത് കേരളത്തിന്റെ ആവശ്യങ്ങളായിരുന്നു. അത് ജനങ്ങളുടെ ആവശ്യങ്ങളായിരുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞാൽ ബഹുഭൂരിപക്ഷം വരുന്ന കേരളജനതയുടെ കഷ്ടപ്പാടുകൾക്ക് ഒരറുതി വരുമെന്ന കാര്യത്തിൽ തർക്കമില്ല. രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ ഇതിനൊന്നും പരിഹാരം ഉണ്ടാകാറില്ല. എന്നാൽ ഏറെ പ്രത്യാശ നൽകുന്ന ചിത്രമാണ് രാജ്യതലസ്ഥാനത്തും നിന്ന് നാം കണ്ടത്. പതിവിൽ നിന്നും വ്യത്യസ്തമായി ഗവർണർ അത്താഴവിരുന്ന് നടത്തുന്നു. ്അതിലേക്ക് ക്ഷണിക്കപ്പെടുന്നതാകട്ടെ കേരളത്തിൽ നിന്നുള്ള എംപിമാരും മുഖ്യമന്ത്രിയും സംസ്ഥാനത്തിന്റെ പ്രതിനിധിയും.
കേരളത്തിന്റെ ആവശ്യങ്ങൾ ഒറ്റക്കെട്ടായി നിന്ന് കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞാൽ നേടിയെടുക്കാൻ കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല. ഗവർണർകൂടെ ജനപ്രതിനിധികൾക്കൊപ്പം കൂടുമ്പോൾ അതിന് ശക്തികൂടും. ഈ സഹകരണം എല്ലാക്കാലത്തും ഉണ്ടാകട്ടെ എന്നാണ് ആശംസിക്കാനുള്ളത്. കേരളത്തിന്റെ ആവശ്യങ്ങൾക്കായി രാഷ്ട്രീയം മാ്റ്റിവെക്കാം. ഗവർണർ തുടക്കംകുറിച്ച ഈ മഹത്തായ നീക്കം ഫലം കാണുമെന്ന കാര്യത്തിൽ സംശയമില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്താതിരിക്കാം. സ്വാർത്ഥ പിന്തിരിപ്പൻ ചിന്തകൾക്ക് ഇനി ഇടം കൊടുക്കരുത്. എങ്കിൽ മാത്രമേ കേരളത്തിൽ വലിയ മാറ്റം ഉണ്ടാവുകയുള്ളൂ. ഈ മാറ്റത്തിനുള്ള നല്ല തുടക്കമാകട്ടെ പുതിയ സഹകരണം.
