ബ്ലഡ് മൂണിന് ലോകം സാക്ഷ്യംവഹിച്ചപ്പോൾ ചന്ദ്രനില്‍ എങ്ങനെയായിരിക്കും അത് അനുഭവപ്പെട്ടിട്ടുണ്ടാവുക..! ആ കൗതുകത്തിന്റെ ചുരുളഴിക്കുന്ന വിസ്മയ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുകയാണ് ഫയര്‍ഫ്ലൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍. മേര് ക്രിസിയം തടത്തില്‍ നിന്ന് പൂര്‍ണ ചന്ദ്രഗ്രഹണത്തിന്റെ ചിത്രവും വീഡിയോയും ഭൂമിയിലേക്ക് അയച്ചിരിക്കുകയാണ് ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍. ഗ്രഹണ സമയത്ത് സൂര്യനെ മറച്ചിരിക്കുന്ന ഭൂമിയുടെ മനോഹര ചിത്രം ബ്ലൂ ഗോസ്റ്റിലെ ക്യാമറ പകര്‍ത്തി.
സെന്‍ട്രല്‍ ഡേലൈറ്റ് ടൈം രാവിലെ 3.30നാണ് ഈ ഫോട്ടോ പേടകത്തിലെ ക്യാമറ പകര്‍ത്തിയത്. ഭൂമിക്ക് പിന്നില്‍ നിന്ന് ഉദിച്ചുയരുന്ന സൂര്യന് ഭൂമിക്ക് ‘ഡയമണ്ട് വളയം’ സമ്മാനിച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. ഇത് കൂടാതെ ബ്ലൂ ഗോസ്റ്റ് പകര്‍ത്തിയ ബ്ലഡ് മൂണ്‍ ദിനത്തിന്റെ വീഡിയോയും ഫയര്‍ഫ്ലൈ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ബ്ലൂ ഗോസ്റ്റ് ചുവപ്പണിഞ്ഞു എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ഫയര്‍ഫ്ലൈ പങ്കുവെച്ചത്.
