എമ്പുരാന്’ സിനിമയുടെ റിലീസ് മാറ്റി വച്ചു എന്നതടക്കമുള്ള അഭ്യൂഹങ്ങള്‍ തള്ളി പൃഥ്വിരാജ്. റിലീസ് തീരുമാനിച്ച അതേ ദിവസം തന്നെ സിനിമ തിയേറ്ററുകളില്‍ എത്തും. ‘ചെകുത്താന് പ്രയോഗിച്ച ഏറ്റവും വലിയ വിദ്യ, അവന് ജീവിച്ചിരിപ്പില്ല എന്ന് ലോകത്തെ വിശ്വസിപ്പിച്ചതാണ്’ എന്ന ക്യാപ്ഷനോടെ പൃഥ്വിരാജ് പങ്കുവച്ച പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
3 വര്‍ഷം മുമ്പ് എമ്പുരാന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന സമയം പൃഥ്വിരാജ് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച ലൂസിഫറിലെ മോഹന്‍ലാലിന്റെ ഒരു ചിത്രത്തിനും ഇതേ ക്യാപ്ഷനാണ് നല്‍കിയത്. പ്രശസ്ത നടന് ഡെന്സ്വല് വാഷിങ്ങ്ടണിന്റെതാണ് ഈ വാക്കുകള്‍ എന്ന് 2022ലെ ഓസ്കര് വേദിയില്‍ വില്‍ സ്മിത്ത് പറഞ്ഞിരുന്നു.
പള്ളിയെന്ന് തോന്നിക്കുന്ന ഒരു കെട്ടിടത്തിന് മുന്നില്‍ മോഹന്‍ലാല്‍ നില്ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ‘നിങ്ങളുടെ ഏറ്റവും വലിയ ഉയര്‍ച്ചയുടെ നിമിഷത്തില്‍, സൂക്ഷിക്കുക. അപ്പോഴാണ് ചെകുത്താന് നിങ്ങളെ തേടി വരുന്നത്’ എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. മാര്‍ച്ച് 27 എന്ന ഹാഷ്ടാഗോടെയാണ് ആശിര്‍വാദ് സിനിമാസ്, ആശിര്‍വാദ് സിനിമാസ് ദുബായ് ഒഫീഷ്യല്‍ പേജ് ഈ വാര്‍ത്ത പങ്കുവെച്ചത്.
