
തിരുവനന്തപുരം : സിപിഐഎം സംസ്ഥാന സമിതി തിരഞ്ഞെടുപ്പില്‍ അഭിപ്രായ വ്യത്യാസം പരസ്യമായി പറഞ്ഞ എ പത്മകുമാറിനെ താക്കീത് ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിക്കകത്ത് പറയേണ്ട കാര്യങ്ങൾ പരസ്യമായി പറയുന്നത് തെറ്റാണ്. അങ്ങനെ ആര് പറഞ്ഞാലും കൃത്യമായ സംഘടനാ നടപടി ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
ഒരാൾ എത്രവവർഷം പ്രവർത്തിച്ചു എന്നതല്ല മാനദണ്ഡം. പഴയതും പുതിയതുമായ നേതാക്കൾ ചേർന്ന കൂട്ടായ നേതൃത്വം ആണ് പാർട്ടിയിൽ വേണ്ടത്. മെറിറ്റും മൂല്യവും വ്യക്തിപരമായി ഓരോരുത്തർക്കും ബോധ്യപ്പെടേണ്ടതാണ്.
പാർട്ടിയേയും സർക്കാരിനെയും ദുർബലപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ വീണ്ടും കേരളത്തിൽ എത്തിയെന്നും സഹകരണ മേഖലയെ തകർക്കാൻ ആണ് കേന്ദ്രത്തിന്റെ ശ്രമമെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. മൂലധന ശക്തികൾക്ക് പരവതാനി വിരിച്ചുകൊടുക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള സഹകരണ മേഖല കൈപ്പിടിയിൽ ഒതുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. കരുവന്നൂർ ബാങ്ക് വിഷയത്തിൽ പാർട്ടി തെറ്റ് തിരുത്തി ആണ് പോകുന്നത്. എന്നാൽ ഇഡി ഇത് രാഷ്ട്രീയമായി കൈകാര്യം ചെയ്യുകയാണ്. കെ രാധാകൃഷ്ണനെ ഇഡി നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നു. നേരത്തെയുള്ള ഗൂഡലോചനകളുടെ തുടർച്ചയാണിതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. ഇത് നിയമപരമായും രാഷ്ട്രീയമായും നേരിടും എന്നും എം വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.