രമ്യ പി പി
എക്കാലത്തും സാഹിത്യം സിനിമയുടെ മനോഹരമായ ഒരു രുചിക്കൂട്ടാണ്. ലോക സിനിമയിൽ തന്നെ സാഹിത്യത്തിന്റെ അകകാമ്പ് തുടക്കം മുതൽക്കേ കാണാം. മലയാള സിനിമയുടെ വളർച്ചാ കാലവും സാഹിത്യ രചനകളെ ആശ്രയിച്ചായിരുന്നു. തകഴി എന്ന എഴുത്തുകാരനും രാമു കാര്യാട്ട് എന്ന സംവിധായകനും നമുക്ക് സമ്മാനിച്ച രാഷ്ട്രപതിയുടെ സുവർണ കമലം ആദ്യമായി നേടി തന്ന ചെമ്മീൻ എന്ന ചിത്രം സാഹിത്യവും സിനിമയും തമ്മിലുള്ള ബന്ധം കാലഭേദമേന്യ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന അക്ഷരങ്ങളും ദൃശ്യങ്ങളുമാണ്. വൈക്കം മുഹമ്മദ് ബഷീർ, തകഴി, ഉറൂബ്, എസ്.കെ. പൊറ്റക്കാട്, കേശവദേവ്, പാറപ്പുറത്ത്, പൊൻകുന്നം വർക്കി, എം.ടി വാസുദേവൻനായർ, കെ സുരേന്ദ്രൻ, ജി വിവേകാനന്ദൻ, മുട്ടത്തു വർക്കി, കാനം ഇ.ജെ. ,മൊയ്തു പടിയത്ത്, തോപ്പിൽ ഭാസി, കെ. ടി. മുഹമ്മദ് തുടങ്ങി മലയാളത്തിലെ പ്രശസ്തരായ ഒട്ടനവധി എഴുത്തുകാരുടെ കൃതികളൊക്കെ മലയാള സിനിമയുടെ കഥകളായി മാറി. മിക്ക സിനിമകളുടേയും തിരക്കഥകൾ രചിച്ചതും സാഹിത്യകാരന്മാരായിരുന്നു. മലയാള കാവ്യങ്ങളായ കുമാരനാശാന്റെ കരുണയും ചങ്ങമ്പുഴയുടെ രമണനും ചലച്ചിത്രാവിഷ്ക്കാരമായിട്ടുണ്ട്. മുടിയനായ പുത്രൻ, ചെമ്മീൻ, ഭാർഗ്ഗവീനിലയം, ഇരുട്ടിന്റെ ആത്മാവ്, മുറപ്പെണ്ണ്, ഓടയിൽനിന്ന്, തുലാഭാരം, അശ്വമേധം, കാട്ടുകുരങ്ങ്, യക്ഷി, അടിമകൾ, കടൽപ്പാലം, ഓളവും തീരവും, കുട്ട്യേടത്തി, വാഴ്വേമായം, അനുഭവങ്ങൾ പാളിച്ചകൾ, അരനാഴികനേരം, കള്ളിച്ചെല്ലമ്മ, കരകാണാക്കടൽ, പണിതീരാത്ത വീട് തുടങ്ങിയ സിനിമകൾ മലയാള സാഹിത്യ സിനിമകളുടെ ഉദാഹരങ്ങളാണ്.
പകർപ്പവകാശ നിയമം ലംഘിച്ചതിന്റെ പേരിൽ സിനിമ നിരോധിക്കപ്പെട്ട മലയാളസിനിമയുടെ രണ്ടാമത്തെ ചിത്രമായ സുന്ദർരാജ് നിർമ്മിച്ച് വി. വി. റാവു സംവിധാനം ചെയ്ത മാർത്താണ്ഡവർമ്മ സി. വി. രാമൻപിള്ളയുടെ നോവലിനെ ആധാരമാക്കി ചിത്രീകരിച്ചതാണ്. ശേഷം അമ്പതുകളുടെ രണ്ടാം പകുതിയിലാണ് മലയാളസിനിമയും സാഹിത്യവും ഒരുമിച്ച് യാത്ര ആരംഭിക്കുന്നത്. 1957ൽ മുട്ടത്തുവർക്കിയുടെ പാടാത്ത പൈങ്കിളി എന്ന നോവൽ സിനിമയാക്കിക്കൊണ്ട് പി. സുബ്രമണ്യം ഇതിനു തുടക്കം കുറിച്ചു. തുടർന്ന് നാലുവർഷത്തിനിടയിൽത്തന്നെ സാഹിത്യത്തെ ആധാരമാക്കി അഞ്ചു സിനിമകൾക്ക് അദ്ദേഹം രൂപം നല്കി. ഇവയിൽ നാലും മുട്ടത്തുവർക്കിയുടെ നോവലുകളായിരുന്നു. ഒന്ന് തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവലും. രാമു കാര്യാട്ട്, കെ. എസ്. സേതുമാധവൻ, വിൻസന്റ്, പി. ഭാസ്ക്കരൻ, പി. എൻ. മേനോൻ, എം.കൃഷ്ണൻനായർ, പി.സുബ്രഹ്മണ്യം തുടങ്ങിയ സംവിധായകരുടേയും ടി. കെ. പരീക്കുട്ടി, ശോഭനാ പരമേശ്വരൻ നായർ, എം.ഒ. ജോസഫ്, രവി തുടങ്ങിയ നിർമ്മാതാക്കളുടേയും ഒട്ടുമിക്ക സിനിമകളും അനുരൂപണങ്ങളായിരുന്നു. പി. കേശവ് ദേവിൻ്റെ ഓടയിൽ നിന്നും കെ.എസ്. സേതുമാധവനുംബഷീറിൻ്റെ മതിലുകൾ അതേ പേരിലും സക്കറിയയുടെ ഭാസ്കര പട്ടേലറും എൻ്റെ ജീവിതവും വിധേയൻ എന്ന പേരിൽ അടൂർ ഗോപാലകൃഷ്ണനും സിനിമയാക്കി. സംവിധാനം ചെയ്തും തിരക്കഥ ഒരുക്കിയും എം.ടി വാസുദേവൻ നായർ തന്റെ ഒട്ടനവധി കഥകൾക്ക് സിനിമ ദൃശ്യമൊരുക്കി. എം.ടിയുടെ രചനകൾ മറ്റു സംവിധായകരും സിനിമയാക്കി നമുക്ക് മുമ്പിൽ എത്തിച്ചു.
ടി.പി. രാജീവൻ്റെ പാലേരി മാണിക്യം ഒരു പാതിര കൊലപാതകം രഞ്ജിത്തും ബഷീറിൻ്റെ ബാല്യകാലസഖി പ്രമോദ് പയ്യന്നൂരും ലളിതാംബിക അന്തർജനത്തിൻ്റെ അഗ്നിസാക്ഷി ശ്യാമപ്രസാദും കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ പ്രിയനന്ദനും അതേ പേരിൽ സിനിമാ-സാഹിത്യ സൃഷ്ടികളിൽ ചിലതാണ്. സംവിധായകൻ പത്മരാജൻ എഴുതിയ ഓർമ എന്ന ചെറുകഥയിൽ നിന്നും ബ്ലസി തന്മാത്രയും പി.എഫ്. മാത്യുവിൻ്റെ ചാവുനിലം ലിജോ ജോസ് പല്ലിശേരി ഇ.മാ.യൗ എന്ന പേരിലും പത്മരാജൻ തന്നെ തൻ്റെ നോവലുകളായ പെരുവഴിയമ്പലം, കള്ളൻ പവിത്രൻ, രതിനിർദേവം എന്നിവ അതേ പേരിലും മലയാറ്റൂരിൻ്റെ യക്ഷി എന്ന നോവൽ ശാലിനി ഉഷ നായർ അകം എന്ന പേരിലും ഉണ്ണി ആറിൻ്റെ ലീലയെ രഞ്ജിത്തും വെള്ളിത്തിരയിലെത്തിച്ചിട്ടുള്ള ശ്രദ്ധേയ ചിത്രങ്ങളാണ്. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രശംസ നേടിയ ലിജോ ജോസ് പല്ലിശേരിയുടെ ജെല്ലിക്കെട്ട് എസ്. ഹരീഷിൻ്റെ മാവോയിസ്റ്റ് എന്ന കഥയിൽ നിന്നുമാണ് രൂപപ്പെടുത്തിയത്. എഴുത്തുകാരൻ എം. മുകുന്ദൻ ആദ്യമായി തിരക്കഥ എഴുതിയ ഹരികുമാർ സംവിധാനം ചെയ്ത ഓട്ടോറിക്ഷാക്കരൻറെ ഭാര്യ എന്ന ചിത്രം എം. മുകുന്ദൻറെ തന്നെ അതേ പേരിലുള്ള ശ്രദ്ധേമായ കഥയാണ്. ഒരു തെക്കൻ തല്ല് കേസ് എന്ന സനിമ എഴുത്തുകാരൻ ജി.ആർ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ട് കേസ്’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു. കാവ്യ പ്രകാശ് സംവധാനം ചെയ്ത ആദ്യ ചിത്രമായ വാങ്ക് ഇതേ പേരിൽ പുറത്തിറങ്ങിയ ഉണ്ണി. ആറിന്റെ ചെറുകഥയാണ്. ബെന്യാമിന്റെ ഏറെ ജനപ്രീതി നേടിയ ആടുജീവിതം എന്ന നോവൽ സംവിധായകൻ ബ്ലെസിയാണ് സിനിമ ദൃശ്യമൊരുക്കിയിരിക്കുന്നത്.
ഇത്തരത്തിൽ എല്ലാ കാലത്തും സാഹിത്യം സിനിമയുടെ ഭാഗമായിട്ടുണ്ട്. സാഹിത്യത്തെ അടിസ്ഥാനമാക്കി ഒരുങ്ങിയ മലയാള ചിത്രങ്ങൾ അനവധിയാണ്. അതിൽ പലതും നോവലിനെ സ്വീകരിച്ച പോലെ ആസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. എം.ടിയുടെ നാട്ടിൻപുറവും തകഴിയുടെ കടലും ടി.പി രാജീവന്റെ ദുഷ്ടൻമാരായ പ്രമാണിമാരെയും ബെന്യാമിന്റെ പ്രവാസത്തെയും തുടങ്ങി അനവധി ജീവിതങ്ങളും അനുഭവങ്ങളും കാഴ്ചകളും നാം സിനിമകളിലൂടെ കണ്ടു. നവമലയാള സിനിമയും സാഹിത്യത്തെ ചേർത്തുപിടിക്കുന്നു. കാഴ്ചക്കാരായ നാം ഓരോ കഥളിലൂടെയും അക്ഷരങ്ങളിൽ സഞ്ചരിക്കുന്ന അതേ മനം കൊണ്ട് കാഴ്ച കൊണ്ട് ദൃശ്യങ്ങളെ കാണുന്നു. സാഹിത്യം അങ്ങനെയാണ് പ്രിയപ്പെട്ട ഓരോ ഇടങ്ങളിൽ കൂടിയും അവ നമ്മുടെ മുന്നിലെത്തുന്നു. സിനിമയും സാഹിത്യവും ഒരു കാഴ്ചയായി കാലത്തെ അടയാളപ്പെടുത്തി ഒരു തോണിയിൽ യാത്ര തുടരുന്നു….
