
കളമശ്ശേരി: ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിവാഹവാഗ്ദാനം നൽകി പണം തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ മലപ്പുറം ചേലേമ്പ്ര കാക്കഞ്ചേരി സ്വദേശി കാർത്തിക് വേണുഗോപാലിനെയാണ് (വിപിൻ കാർത്തിക് -31) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയെ വിവാഹ വാഗ്ദാനം നൽകി പണവും വാഹനങ്ങളും കൈവശപ്പെടുത്തിയ ശേഷം തനിക്ക് കാൻസറാണെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ബെംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്.
അതേസമയം നിരവധി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിട്ടുള്ള ഇയാൾ, വിവാഹ വാഗ്ദാനം നൽകി അവരിൽനിന്ന് പണം കൈക്കലാക്കിയശേഷം വഞ്ചിക്കുകയായിരുന്നു. നിരവധി പേരിൽ നിന്ന് വ്യാജരേഖ ചമച്ച് വായ്പ തട്ടിയതിനും വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഉണ്ടാക്കി ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതിനും ഇയാൾക്കെതിരെ കേസുകളുണ്ട്.
ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ ആവശ്യപ്രകാരം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ് പ്രതിയെ ഇടപ്പള്ളി ലുലു മാളിൽ നിന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് ഫോണും ലാപ്ടോപ്പും പണവും പിടിച്ചെടുത്തു.