
രമ്യ പി പി
തമിഴ് ഇതിഹാസമായ ചിലപ്പതികാരത്തോട് സാമ്യമുള്ള ആറ്റുകാലമ്മയുടെ തോറ്റം പാട്ടിൽ, വടക്കുംകൊല്ലത്തെ കന്യാവ് കാളി രൂപം പൂണ്ട് തന്റെ ഭർത്താവിനെ അന്യായമായി വധിച്ച പാണ്ട്യരാജാവിനെ വധിച്ച ശേഷം ശിരസ് ശ്രീമഹാദേവന് സമർപ്പിക്കുന്ന ഭാഗം പാടിയാണ് ആറ്റുകാൽ പൊങ്കാല ആരംഭിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ ഭഗവതി ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്.
കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവമായ ആറ്റുകാൽ പൊങ്കാല പൂരം നാളും പൗർണമിയും ചേർന്ന് വരുന്ന ദിവസമായതിനാൽ ആദിപരാശക്തിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം ഭക്തർക്ക് ഉണ്ടാകുമെന്നാണ് വിശ്വാസം. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 10 കി. മീറ്ററോളം റോഡിന് ഇരുവശത്തും വരിവരിയായി പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. ആറ്റുകാലിൽ പൊങ്കാല ഇട്ടു പ്രാർത്ഥിച്ചാൽ ആഗ്രഹ സാഫല്യം ഉണ്ടാകുമെന്നും, ആപത്തുകളിൽ ആറ്റുകാലമ്മ തുണയായി ഉണ്ടാകുമെന്നും, ഒടുവിൽ പരാശക്തിയിൽ മോക്ഷം പ്രാപിക്കുമെന്നുമാണ് ഭക്തരുടെ വിശ്വാസം. പ്രധാനമായും സ്ത്രീ വിശ്വാസികളാണ് ഇതിൽ പങ്കെടുക്കുന്നത്.
പൊങ്കാല
മകര കൊയ്ത്ത് കഴിഞ്ഞ് കിട്ടുന്ന എല്ലാം അരിയാക്കി മാറ്റി, അതിൽ നിന്ന് ആദ്യത്തെ പങ്ക് ഭഗവതിക്ക് നൽകുന്ന രീതിയിൽ ആണ് പ്രധാനമായും ഈ ചടങ്ങ് നടക്കാറുള്ളത്. പുരാതന കാർഷിക സംസ്കാരവും ആയി ബന്ധപ്പെട്ട പൊങ്കാല എന്ന വാക്കിനർത്ഥം തിളച്ചു മറിയുക എന്നാണ്. മനം ഉരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃത്വസ്നേഹം നിറഞ്ഞു തുളുമ്പുന്ന നൈവേദ്യമാണ് പൊങ്കാല. അമ്മയുടെ തിരുസന്നിധിയിൽ മകൾ അമ്മയോടെന്ന പോലെ തന്റെ ദു:ഖങ്ങൾക്ക് ആശ്വാസമേകുമെന്ന പ്രതീക്ഷയോടുകൂടി അർപ്പിക്കുന്ന പൊങ്കാല ഒരു ദിവ്യ ഔഷധമായി കരുതിപ്പോരുന്നു. ആചാരപരമായി അരിയും ശർക്കരനീരും നാളികേരം ചിരകിയതും അണ്ടിപരിപ്പുകളും ഉണക്ക മുന്തിരിയും ചേർത്തുണ്ടാകുന്ന വിഭവം ദൈവത്തിനു നേദിക്കലാണ്.
ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ആചാരമായ പൊങ്കാല കേരളത്തിലെ ദുർഗ്ഗ, ഭദ്രകാളി, ശ്രീപാർവതി, ഭുവനേശ്വരി, ഭഗവതി തുടങ്ങിയ പരാശക്തി ക്ഷേത്രങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ചു പ്രാർത്ഥിച്ചാൽ ഭക്തരുടെ ആഗ്രഹങ്ങൾ ആറ്റുകാലമ്മ സാധിച്ച് തരും എന്നുള്ള വിശ്വാസമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാലയ്ക്ക് മുൻപ് ഭക്തർ വ്രതം നോൽക്കുകയും ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യാറുണ്ട്.
ചിലർ അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി വ്രതം ആരംഭിക്കുകയും സ്വന്തം വീടുകളിൽ തന്നെ പൊങ്കാല അർപ്പിക്കുകയും ചെയ്യാറുണ്ട്. ഇന്ന് അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ഓസ്ട്രേലിയ, യുകെ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ആറ്റുകാൽ പൊങ്കാല നടക്കുന്നതായി കണ്ടുവരുന്നു. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം. സാധാരണയായി പുതിയ മൺകലത്തിലാണ് പൊങ്കാല ഇടാറുള്ളത്. ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ.
പൊങ്കാലയിൽ പ്രധാനമായും മൂന്ന് വിഭവങ്ങൾ ആണ് കാണപ്പെടാറുള്ളത്. പായസം, മണ്ടപ്പുറ്റ്, തെരളിയപ്പം അഥവാ കുമ്പിളപ്പം, മോദകം തുടങ്ങിയവ ആണത്. സാധാരണയായി അരി കൊണ്ടുള്ള ശർക്കര പായസമാണ് നിവേദിക്കാറുള്ളത്. എന്നാൽ ചിലർ അരിക്ക് പകരം പയർ, കടല തുടങ്ങിയവ കൊണ്ടുള്ള ശർക്കര പായസവും ഉണ്ടാക്കാറുണ്ട്. മാറാരോഗങ്ങൾ മാറുവാനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടിയാണ് മണ്ടപ്പുറ്റ് നിവേദിക്കാറുള്ളത്. രോഗബാധിതനായ വ്യക്തിയുടെ ശിരസിന്റെ ആകൃതിയിലോ അല്ലെങ്കിൽ അവയവത്തിന്റെ ആകൃതിയിലോ ചേരുവകൾ കുഴച്ചാവും മണ്ടപുറ്റ് ഉണ്ടാക്കുക. അരി, പയർ, ശർക്കര എന്നിവ ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. കൂടാതെ കടുംപായസം, പ്രഥമൻ, വെള്ള ചോറ്, സേമിയ, പാൽപ്പായസം, പാലട, ഇലയട മുതലായ പല ഭക്ഷ്യ വസ്തുക്കളും നിവേദിച്ചു കാണാറുണ്ട്. നിവേദ്യവസ്തു എന്തു തന്നെ ആയാലും ഭക്തിയോടെ സമർപ്പിച്ചാൽ ഭഗവതി സ്വീകരിക്കും എന്നാണ് വിശ്വാസം. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.
ഇന്ന് ലോകത്തിന്റെ പല കോണുകളിലും, വിദേശ രാജ്യങ്ങൾ ഉൾപ്പെടെ മലയാളികൾ ഉള്ള ഇടങ്ങളിലും, വീടുകളിലും മറ്റും ആറ്റുകാൽ പൊങ്കാല നടക്കാറുണ്ട്. അനന്തപുരിയുടെ ദേശീയ ഉത്സവമായ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്.