ബസുകൾ വഴിയുള്ള ലഹരിക്കടത്ത് തടയാൻ നടപടി കർശനമാക്കിയതോടെ ട്രെയിനിൽ കടത്ത് കൂടാനുള്ള സാധ്യത മുന്നിൽകണ്ട്സംയുക്ത പരിശോധന ശക്തമാക്കിയത്.
തിരുവനന്തപുരം: അന്തർസംസ്ഥാന ലഹരിക്കടത്ത് തടയാനായി ട്രെയിനുകളിലും റെയിൽവെ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കി. റെയിൽവെ പൊലീസും ആർപിഎഫും എക്സൈസും “ഓപ്പറേഷൻ ഡി ഹണ്ടി”ന്റെ ഭാഗമായി പാഴ്സലുകളും ലഗേജുകളും സംയുക്തമായി പരിശോധന നടത്തുകയാണ്. പരിശോധന ഊർജിതമാക്കിയതോടെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 168 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. ബസുകൾ വഴിയുള്ള ലഹരിക്കടത്ത് തടയാൻ നടപടി കർശനമാക്കിയതോടെ ട്രെയിനിൽ കടത്ത് കൂടാനുള്ള സാധ്യത മുന്നിൽകണ്ട്സംയുക്ത പരിശോധന ശക്തമാക്കിയത്.
ഉത്തരേന്ത്യയിൽ നിന്നുമെത്തുന്ന ട്രെയിനുകളിൽ ലഹരിക്കടത്ത് സംഘങ്ങൾ കഞ്ചാവ് കയറ്റി അയക്കുന്നത് പതിവാണ്. കഞ്ചാവ് വെച്ചിട്ടുള്ള സ്ഥലത്തിന്റെ ചിത്രങ്ങൾ കയറ്റി അയക്കുന്നവർ ഇടനിലക്കാർക്ക് കൈമാറും. ഇടനിലക്കാർ സ്റ്റേഷനുകളിൽ നിന്ന് ഇത് പുറത്തേയ്ക്ക് കടത്തും. ഇത് തടയാനാണ് പൊലിസും റെയിൽവെ സംരക്ഷണ സേനയും എക്സൈസും ചേർന്നുള്ള പരിശോധകൾ എല്ലാ സ്റ്റേഷനുകളിലും ശക്തമാക്കിയത്. ട്രെയിൻ വഴി ലഹരി കടത്തിയ കേസുകളിലെ പ്രതികളുടെ ചിത്രങ്ങളടങ്ങിയ ഫയൽ റയിൽവെ പൊലീസ് തയ്യാറാക്കി. ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് ഇത് കൈമാറിയിട്ടുണ്ട്. ലഹരിക്കടത്തു സംഘത്തിലുള്ളവരുടെ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നുള്ള അന്വേഷണവും നടക്കുന്നുണ്ടെന്ന് റെയിൽവെ എസ്.പി അരുൺ ബി.കൃഷ്ണ അറിയിച്ചു.
