മെറ്റ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ട്രെയിനിംഗിനായി ഇന്‍-ഹൗസ് ചിപ്പ് നിര്‍മ്മിക്കുന്നു, നിലവില്‍ എന്‍വിഡിയയില്‍ നിന്നാണ് മെറ്റ കൂടുതലും ജിപിയുകള്‍ വാങ്ങുന്നത്
ന്യൂയോര്‍ക്ക്: ചിപ്പ് രംഗത്ത് സ്വയംപര്യപ്തത നേടാന്‍ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനിയായ മെറ്റ. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ത്രഡ്സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ മാതൃ കമ്പനിയായ മെറ്റ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകളുടെ പരിശീലനത്തിനായി സ്വന്തം ചിപ്പിന്റെ പരീക്ഷണം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മെറ്റയുടെ പരീക്ഷണം വിജയിച്ചാല്‍ പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എൻവിഡിയക്ക് തിരിച്ചടിയാവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളെ പരിശീലിപ്പിക്കാന്‍ ആദ്യ ഇന്‍-ഹൗസ് ചിപ്പ് തയ്യാറാക്കുകയാണ് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. എൻവിഡിയ പോലുള്ള കമ്പനികളില്‍ നിന്നാണ് ലോകത്തെ പ്രധാന ടെക് കമ്പനികളെല്ലാം എഐ വികസനത്തിനായി ചിപ്പുകള്‍ വാങ്ങുന്നത്. ഈ ആശ്രയത്വം കുറയ്ക്കുക ലക്ഷ്യമിട്ടാണ് മെറ്റ സ്വന്തം ചിപ്പിന്റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. പരീക്ഷണം വിജയമായാല്‍ ഇന്‍-ഹൗസ് ചിപ്പുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ മെറ്റ വികസിപ്പിക്കും. എഐ രംഗത്ത് ശതകോടികള്‍ നിക്ഷേപിക്കുന്ന മെറ്റയ്ക്ക് നിലവില്‍ വലിയ തുകയാണ് എന്‍വിഡിയ ചിപ്പുകള്‍ക്കായി മുടക്കേണ്ടിവരുന്നത്.
