ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്
തിരുവനന്തപുരം : പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ എൻ ആനന്ദകുമാർ ക്രൈബ്രാഞ്ചിന്റെ കസ്റ്റഡിയിൽ. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ക്രൈം ബ്രാഞ്ച് നടപടി. ശാസ്തമംഗലത്തെ വീട്ടിൽ നിന്നാണ് കെ എൻ ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. പകുതി വില തട്ടിപ്പിൽ കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ആനന്ദകുമാറിനെ പ്രതി ചേർത്തിട്ടുണ്ട്. മൂവാറ്റുപുഴയിൽ രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ മുഖ്യ പ്രതിയാകുമെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ആനന്ദകുമാർ മുൻകൂർ ജാമ്യം തേടിയത്.ജാമ്യഹർജിയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു.
തന്റെ അക്കൗണ്ടിൽ വന്ന പണമെല്ലാം ട്രസ്റ്റിന് ലഭിച്ചതാണെന്നും ഇത് വ്യക്തിപരമായി കിട്ടിയതല്ലെന്നും രേഖാമൂലം നികുതി അടച്ച പണമാണെന്നും അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ തയാറാണെന്നും ആനന്ദ കുമാർ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ആനന്ദ കുമാറിന് ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് റിപ്പോർട്ട് ലഭിക്കാതിരുന്നതിനെത്തുടർന്ന് അഞ്ചു തവണ മാറ്റിവെച്ച കേസിൽ തിങ്കളാഴ്ച കോടതി വാദം കേൾക്കുകയായിരുന്നു.
കണ്ണൂർ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങൾക്ക് സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് 50 ശതമാനം ശതമാനം നിരക്കിൽ ഇരുചക്രവാഹനങ്ങൾ നൽകാമെന്നു വാഗ്ദാനംചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ആനനന്ദകുമാർ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി അനന്തകൃഷ്ണനാണ്. ഡോ. ബീന സെബാസ്റ്റ്യൻ, ഷീബാ സുരേഷ്, സുമ കെ.പി., ഇന്ദിര, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് എന്നിവരടക്കം ഏഴുപേരാണ് കേസിലെ പ്രതികൾ.
