ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയകിരീടം ചൂടി നാട്ടിലേക്ക് തിരിച്ചെത്തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. കഴിഞ്ഞ കൊല്ലം ടി20 വേള്‍ഡ് കപ്പില്‍ വിജയികളായി തിരിച്ചെത്തിയ ടീമിന് വന്‍ വരവേല്‍പ്പാണ് രാജ്യം നല്‍കിയത്. ഇത്തവണ താരങ്ങളും മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും പല സമയങ്ങളിലാണ് ദുബായില്‍ നിന്നും രാജ്യത്തേക്ക് എത്തുക. ദുബായി നടന്ന മത്സരങ്ങള്‍ക്ക് ശേഷം ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ ചൊവ്വാഴ്ച ദില്ലിയില്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അതേദിവസം മുംബൈയിലെ വീട്ടിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം വാങ്കഡേ സ്റ്റേഡിയത്തില്‍ ടി20 ലോകകപ്പ് ജേതാക്കളായ ടീമിന് വലിയ വരവേല്‍പ്പും ഒപ്പം ബസ് പരേഡും നടന്നിരുന്നു. ഇത്തവണ അങ്ങനെ ഒരു ഒരുക്കം ഇതുവരെയും നടത്തിയിട്ടില്ല. ഐപിഎല്‍ 2025 ക്യാമ്പയിന് മാര്‍ച്ച് 22ന് ആരംഭിക്കാനിരിക്കെ താരങ്ങള്‍ ഐപിഎല്‍ ക്യാമ്പുകളില്‍ ഉടന്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. വലിയ ഒരു പരമ്പര നേട്ടത്തിന് ശേഷം താരങ്ങള്‍ക്കെല്ലാം വിശ്രമം ആവശ്യമായ സാഹചര്യത്തില്‍ ബസ് പരേഡ് നടക്കാന്‍ സാധ്യത കുറവാണ്.
