കഴിഞ്ഞമാസം 28-നാണ് പി സി ജോർജിന് ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ജാമ്യം ലഭിച്ചത്
കോട്ടയം: പാലായിൽ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ കൂടുതൽ പരാതികൾ. പി സി ജോർജിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് യൂത്ത് ലീഗ് പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗിന് പുറമെ ദിശ സംഘടന അംഗങ്ങളും പൊലീസിൽ പരാതി.ഓൺലൈൻ മുഖേന സംഘടന അംഗം ദിനു വെയിൽ പാലാ പൊലീസ് സ്റ്റേഷനിലേയ്ക്ക് പരാതി നൽകുകയായിരുന്നു. കഴിഞ്ഞമാസം 28-നാണ് പി സി ജോർജിന് ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ജാമ്യം ലഭിച്ചത്. കർശന ഉപാധികളോട് കൂടിയായിരുന്നു ജാമ്യം. സമാനമായ പരാമർശങ്ങൾ ഇനി ഉണ്ടാകരുതെന്ന് കോടതി താക്കീത് നൽകിയിരുന്നു. വീണ്ടും കുറ്റകൃത്യം ആവർത്തിക്കുന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്.
ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോർജിൻറെ പ്രസ്താവന. പ്രസംഗത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 22,23 വയസാകുമ്പോൾ പെൺകുട്ടികളെ കെട്ടിച്ചുവിടണം, ഇക്കാര്യം ക്രൈസ്തവ സമൂഹം ശ്രദ്ധിക്കണമെന്നും പി.സി ജോർജ് പറയുന്നു. മുസ്ലിം പെൺകുട്ടികൾ വഴിപിഴച്ച് പോകുന്നില്ല അവരെ പതിനെട്ട് തികയുമ്പോഴെ പിടിച്ചുകെട്ടിക്കുകയാണ്. നമ്മളോ 28,29 ആയാലും വല്ല ശമ്പളവും കിട്ടുന്നവരാണെങ്കിൽ കെട്ടിക്കില്ല. ആ ശമ്പളം ഇങ്ങ് പോരട്ടെ എന്നാണ് നിലപാട്. അതാണ് പ്രശ്നമെന്നും പി.സി ജോർജ് പറഞ്ഞു.
പാലായിൽ KSEB ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു PC ജോർജ്. നാർക്കോട്ടിക് ജിഹാദിനെതിരെയും ലൗ ജിഹാദിനെതിരെയും ഒരുമിച്ച് തന്നെ നീങ്ങണമെന്നും ഇതിന് ഹൈന്ദവ സഹോദരങ്ങളെ കൂടെകൂട്ടണമെന്നും അതല്ലാതെ രാജ്യത്ത് രക്ഷയില്ലെന്നും പി.സി ജോർജ് പറയുന്നു.
