ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ പതിമൂന്നും ഇന്ത്യയിലാണെന്ന് റിപ്പോർട്ട്. അസമിലെ ബൈർണിഹത്താണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം ഡൽഹിയാണ്. 2024 ൽ ലോകത്തിലെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. 2023 ൽ ഇത് മൂന്നാം സ്ഥാനത്തായിരുന്നു.
ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിലെ 13 ഇന്ത്യൻ നഗരങ്ങൾ ബൈർനിഹാത്ത്, ഡൽഹി, മുള്ളൻപൂർ (പഞ്ചാബ്), ഫരീദാബാദ്, ലോണി, ന്യൂഡൽഹി, ഗുരുഗ്രാം, ഗംഗാനഗർ, ഗ്രേറ്റർ നോയിഡ, ഭിവാദി, മുസാഫർനഗർ, ഹനുമാൻഗഡ്, നോയിഡ എന്നിവയാണ്. ഇന്ത്യയിലെ 35 ശതമാനം നഗരങ്ങളിലും വാർഷിക PM2.5 ലെവൽ WHO പരിധിയായ ക്യുബിക് മീറ്ററിന് 5 മൈക്രോഗ്രാമിന്റെ 10 മടങ്ങ് കൂടുതലാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇന്ത്യയിൽ വായു മലിനീകരണം ഗുരുതരമായ ആരോഗ്യ ഭീഷണിയായി തുടരുന്നു. ഇത് ആയുർദൈർഘ്യം ഏകദേശം 5.2 വർഷം കുറയ്ക്കുന്നു. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് പഠനമനുസരിച്ച്, 2009 മുതൽ 2019 വരെ ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 1.5 ദശലക്ഷം മരണങ്ങൾ PM2.5 മലിനീകരണം കാരണം സ്ഥിരീകരിച്ചിട്ടുണ്ട്.
2024 ൽ ഇന്ത്യയിൽ PM2.5 സാന്ദ്രതയിൽ 7 ശതമാനം കുറവ് ഉണ്ടായതായും, ഒരു ക്യൂബിക് മീറ്ററിന് ശരാശരി 50.6 മൈക്രോഗ്രാം കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു. 2023 ൽ ഇത് ഒരു ക്യൂബിക് മീറ്ററിന് 54.4 മൈക്രോഗ്രാം ആയിരുന്നു. ഡൽഹിയിൽ സ്ഥിരമായി ഉയർന്ന മലിനീകരണ തോത് രേഖപ്പെടുത്തി. വാർഷിക ശരാശരി PM2.5 സാന്ദ്രത ഒരു ക്യൂബിക് മീറ്ററിന് 91.6 മൈക്രോഗ്രാം ആയിരുന്നു. 2023-ൽ ഇത് ഒരു ക്യൂബിക് മീറ്ററിന് 92.7 മൈക്രോഗ്രാമായിരുന്നു.
