ശബരിമല ദർശന രീതിയിൽ മാറ്റം വരുത്താൻ തീരുമാനമായെന്നും മെയ് മാസത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. കൊടിമരച്ചുവട്ടിലൂടെ ബലികല്ല് വഴി ശ്രീകോവിലിൽ എത്തി അയ്യപ്പനെ ദർശിക്കാൻ സൗകര്യം ഒരുക്കും. ദർശനത്തിന്റെ ട്രയൽ മാർച്ച് 5 മുതൽ ആരംഭിക്കും. 20-25 സെക്കൻഡ് വരെ ജനത്തിന് ദർശനം കിട്ടും. വിജയിച്ചാൽ വിഷുവിന് ഇത് പൂർണ തോതിൽ നടപ്പിലാക്കും. അയ്യപ്പൻ്റെ രൂപമുള്ള സ്വർണ ലോക്കറ്റ് ഇറക്കും. ഏപ്രിൽ 1 മുതൽ ബുക്കിംഗ് ആരംഭിക്കുമെന്നും വിഷുകൈനീട്ടമായി നൽകുമെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകൾ ഏകീകരിക്കും. 9 വർഷത്തിന് ശേഷമാണ് ഏകീകരിക്കുന്നത്. 30 ശതമാനം നിരക്ക് വർധിപ്പിക്കും. ഇതിനായി ഹൈക്കോടതി ഉത്തരവ് നേരത്തെ ഉണ്ട്. ആന എഴുന്നള്ളിപ്പിൽ തന്ത്രി സമൂഹവുമായി ചർച്ച നടത്തും. പത്തു ദിവസത്തെ ഉത്സവത്തിൽ എല്ലാ ദിവസവും ആനയെ ഉപയോഗിക്കുന്നുണ്ട്. ആന ഇണങ്ങുന്ന മൃഗമല്ല. മെരുക്കി എടുക്കുന്നതാണ്. പ്രധാനപ്പെട്ട ദിവസം അല്ലാതെ ആനയെ ഉപയോഗിക്കുന്നത് നല്ലതല്ല. ആനയുടെ പുറകെ ഡിജെ വാഹനം, ലേസർ, നാസിക് ഡോൾ എന്നിവ കൊണ്ടു പോവുന്നു. ഇതൊക്കെ നിരോധിക്കണം. ആചാരങ്ങൾ പരിഷ്ക്കരിക്കേണ്ടത് ആവശ്യമാണെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.
ശബരിമലയിൽ ഫ്ലൈഓവർ ഒഴിവാക്കി ഭക്തർക്ക് നേരിട്ട് ദർശനം നടത്താൻ ദേവസ്വം ബോർഡ് ഒരുക്കുന്ന പുതിയ വഴിയുടെ നിർമാണം അവസാനഘട്ടത്തിലാണ്. താൽക്കാലിക പാതയുടെ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പതിനെട്ടാം പടി കയറി എത്തുന്ന തീർഥാടകരെ നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് കടത്തിവിടാൻ കഴിയുന്നതാണ് പുതിയ സംവിധാനം.
