എം. എസ്. സനിൽ കുമാർ
കൊല്ലം: മുതിർന്ന നേതാവ് പി ജയരാജനെ സംസ്ഥാന സെക്രട്ടറിയറ്റിന്റെ പരിസരത്ത് പോലും അടുപ്പിക്കാതെ സിപിഎം വീണ്ടും ഒതുക്കി. നിലവിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഏറ്റവും കരുത്തനായ നേതാവും പോരാളിയുമാണ് കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി കൂടിയായ പി ജയരാജൻ. ഇത്തവണയെങ്കിലും പി ജയരാജനെ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തും എന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല, പി ജയരാജന്റെ എത്രയോ ജൂനിയർ ആയ എം വി ജയരാജനെ പകരം സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തി. അത്യാവേശപൂർവ്വം സമ്മേളനം സമാപിച്ചുവെങ്കിലും പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ മാത്രമായിരിക്കും എന്ന തീരുമാനം പ്രവർത്തകരിൽ ആകെ മ്ലാനത പരത്തി. കണ്ണൂരിലെ പ്രവർത്തകർ തീരുമാനത്തിൽ കടുത്ത അമർഷത്തിലാണ്.
കേരളത്തിൽ മറ്റൊരു സിപിഎം നേതാവിനുമില്ലാത്ത പ്രവർത്തക പിന്തുണ ഉള്ള നേതാവാണ് പി ജയരാജൻ. സമൂഹ മാധ്യമ കൂട്ടായ്മകളിൽ പി ജെ ആർമി എന്ന പേരിൽ വലിയ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഈ കൂട്ടായ്മകളിൽ ഒറ്റക്കും തെറ്റക്കും ചില പ്രതിഷേധം ഇതിനകം ഉയർന്നിട്ടുണ്ട്. നിലവിലെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളിൽ നാലുപേർ ഒഴിച്ച് ബാക്കി എല്ലാവരും പി ജയരാജനെക്കാൾ വളരെ ജൂനിയർ ആണ്. ഇത്തവണ കൊല്ലത്ത് സമ്മേളനത്തിൽ ഉൾപ്പെടുത്തിയ എം വി ജയരാജൻ ആകട്ടെ ഡി വൈ എഫ് ഐ നേതാവായാണ് കടന്നുവന്നത്. നിലവിലെ സെക്രട്ടറിയറ്റ് അംഗങ്ങളിൽ എം സ്വരാജ്, പി കെ ബിജു, മുഹമ്മദ് റിയാസ്, ദിനേശൻ പുത്തലത്ത്, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിവർ എസ് എഫ് ഐ നേതാക്കളായിരിക്കെ സിപിഎം അമരത്തെ പ്രധാന നേതാവായിരുന്നു പി ജയരാജൻ. മന്ത്രിമാരായ സജി ചെറിയാനും വി എൻ വാസവനും ഒക്കെ ജില്ലാ സെക്രട്ടറിമാർ ആകുന്നതിനുമുമ്പ് കണ്ണൂർ ജില്ലാ സെക്രട്ടറി ആയ നേതാവുമാണ് പി ജയരാജൻ.
പി ജയരാജനെ ഒതുക്കുന്നത് ഇതാദ്യമല്ല. കോഴിക്കോട് പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിൽ പി ജയരാജൻ സെക്രട്ടറിയറ്റ് അംഗമാകുമെന്നായിരുന്നു ധാരണ. എന്നാൽ, അതുണ്ടായില്ല. പിന്നീട് ലോകസഭ തെരഞ്ഞെടുപ്പിൽ വടകരയിൽ എൽ ഡി എഫ് സ്ഥാനാർഥിയാക്കി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെയായിരുന്നു ഇത്. അവിടെ കെ മുരളീധരനോട് പരാജയപ്പെട്ടു. തിരികെ ജില്ലാ സെക്രട്ടറി ആകുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് എം വി ജയരാജന് സെക്രട്ടറിയുടെ ചാർജ് നൽകി. ഇത്തവണ കണ്ണൂരിൽ മത്സരിച്ച് തോറ്റ എം വി ജയരാജനെ പക്ഷെ വീണ്ടും സെക്രട്ടറിയാക്കി നിലനിർത്തി. പ്രവർത്തകരുടെ പ്രതിഷേധം പരസ്യമാകും എന്നറിഞ്ഞതോടെ സിപിഎം നേതൃത്വം മുൻകയ്യെടുത്ത് ഖാദി ബോർഡ് വൈസ് ചെയർമാനാക്കി മൂലക്കിരുത്തി.
മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ഇ പി ജയരാജന്റെ റിസോർട്ട് വിഷയം, ചില സിപിഎം നേതാക്കളുടെ മക്കളുടെ വഴി വിട്ട സഞ്ചാരം എന്നിവയടക്കം നിരവധി വിഷയങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ ഉയർത്തി കൊണ്ടുവന്നത് പി ജയരാജനായിരുന്നു. ഇതിൽ ഒരു വിഭാഗം നേതാക്കൾ അന്നുമുതൽക്കേ ജയരാജനെതിരെ കരുക്കൾ നീക്കിതുടങ്ങിയിരുന്നു. പി ജയരാജനെ പ്രകീർത്തിച്ച് കണ്ണൂരിൻ താരകമല്ലോ എന്ന ഗാനം ചില നേതാക്കൾ വിവാദമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ പിന്തുണയും ഈ നീക്കത്തിനുപിന്നിലുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് തിരുവോണ നാളിൽ പി ജയരാജനെ വീട്ടിൽ കയറി വീട്ടിക്കൊല്ലാൻ ആർ എസ് എസ് പ്രവർത്തകർ ശ്രമിച്ചിരുന്നു. വധശ്രമത്തെ അതിജീവിച്ച ജയരാജൻ പിന്നീട് സിപിഎം വേദികളിൽ സജീവമായി. ഇതിനുപിന്നാലെയാണ് ജയരാജന് ആരാധന കൂടിതുടങ്ങിയത്.
