ദുബായ്: ഐസിസി ചാംപ്യൻസ് ട്രോഫി മത്സരത്തിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തി. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ ഇന്നിംഗ്സ് പുറത്തെടുത്ത രോഹിത് ശർമയാണ് (76) ഇന്ത്യയുടെ ടോപ് സ്കോറർ. ശ്രേയസ് അയ്യർ 46 റൺസെടുത്തു.

കെ എൽ രാഹുലിന്റെ (33 പന്തിൽ പുറത്താവാതെ 34) ഇന്നിംഗ്സ് നിർണായകമായത്. ഏഴ് വിക്കറ്റുകൾ ന്യൂസിലൻഡിന് നഷ്ടമായി. കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 63 റൺസെടുത്ത ഡാരിൽ മിച്ചലാണ് കിവീസിന്റെ ടോപ് സ്കോറർ. 53 റൺസുമായ പുറത്താവാതെ നിന്ന മൈക്കൽ ബ്രേസ്വെല്ലിന്റെ ഇന്നിംഗ്സാണ് മാന്യമായ സ്കോറിലേക്ക് നയിച്ചത്. ഒന്നാം വിക്കറ്റിൽ രോഹിത് – ശുഭ്മാൻ ഗിൽ സഖ്യം 105 റൺസ് ചേർത്തു. മൂന്ന് സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ (48), അക്സർ പട്ടേൽ (29), ഹാർദിക് പാണ്ഡ്യ (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. രാഹുൽ ഒരറ്റത്ത് നിന്നത് ഇന്ത്യക്ക് ഗുണം ചെയ്തു. 49-ാം ഓവറിന്റെ അവസാന പന്തിൽ ഫോറടിച്ച് രവീന്ദ്ര ജഡേജ (9) ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
വിൽ യംഗ് (15), രച്ചിൻ രവീന്ദ്ര (37), കെയ്ൻ വില്യംസൺ (11), ടോം ലാഥം (14) എന്നിവരുടെ വിക്കറ്റുകൾ ആദ്യ 25 ഓവറിനിടെ കിവീസിന് നഷ്ടമായി. സ്പിന്നർമാരെ ഇരുവരും കരുതലോടെ നേരിട്ടതോടെ കിവീസ് റൺനിരക്ക് കുത്തനെ ഇടിഞ്ഞു. വൈകാതെ ലാഥമിനെ(14) ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കുകയും ചെയ്തു. മിച്ചൽ – ഗ്ലെൻ ഫിലിപ്സ് (34) സഖ്യം കൂട്ടുകെട്ടിൽ 57 റൺസ് കൂട്ടിചേർത്തു. 38-ാം ഓവറിൽ ഫിലിപ്സിനെ വരുൺ ചക്രവർത്തി പുറത്താക്കി. വരുണിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. പിന്നീട് ബ്രേസ്വെല്ലിനൊപ്പം 46 റൺസ് കൂട്ടിചേർത്ത് ബ്രേസ്വെൽ മടങ്ങി. മുഹമ്മദ് ഷമിയുടെ പന്തിൽ ക്യാപ്റ്റൻ രോഹിത്തിന് ക്യാച്ച് നൽകി. മിച്ചൽ സാന്റ്നറാണ് (8) പുറത്തായ മറ്റൊരു താരം. നഥാൻ സ്മിത്ത് (0) പുറത്താവാതെ നിന്നു. 40 പന്തുകൾ നേരിട്ട ബ്രേസ്വെൽ രണ്ട് സിക്സും മൂന്ന് ഫോറും നേടി. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
