അഡ്വ.വിഷ്ണു വിജയന്
സമീപകാലത്ത് ഒട്ടേറെ വ്യാജ കേസുകള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വന്നിട്ടുണ്ട്. വ്യക്തി വൈരാഗ്യവും സാമ്പത്തിക താല്പര്യങ്ങളുമാണ് പലരെയും വ്യാജ കേസുകള്‍ നല്‍കുന്നതിന് പ്രേരിപ്പിക്കുന്നത്. നിരപരാധിയായിട്ടും ഇന്ന് നിലനില്‍ക്കുന്ന നിയമത്തിന്റെ ആനുകൂല്യങ്ങള്‍ വാദി ഉയര്‍ത്തുമ്പോള്‍ പലരും നിയമക്കുരുക്കുകളിലേക്ക് വീണുപോകാറുണ്ട്. സ്വാഭാവികമായും നിയമത്തിന്റെ കുരുക്കുകള്‍ വീഴുമ്പോള്‍ പ്രതിസ്ഥാനത്തേക്ക് എത്തപ്പെടുന്നവര്‍ കോടതിക്ക് പുറത്ത് ലക്ഷങ്ങള്‍ വാരിവിതറി രക്ഷപ്പെടുന്നതിനുള്ള വഴി നോക്കാറാണ് പതിവ്. ചിലരാകട്ടെ ജയിലറകളില്‍ പോലും ആകുന്നുമുണ്ട്. ഇപ്പോഴിതാ അത്തരം കേസുകളില്‍ വ്യാജ ആരോപണങ്ങളില്‍ പെടുന്നവര്‍ക്ക് ആശ്വാസമായൊരു കോടതിവിധി വന്നിരിക്കുകയാണ്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഇതുമായി ബന്ധപ്പെട്ട ഒരു നിരീക്ഷണം നടത്തിയിരിക്കുന്നത്.
സ്ത്രീകള്‍ നല്കുന്ന ലൈംഗികാതിക്രമ പരാതികളെല്ലാം സത്യമാകണമെന്നില്ലെന്നും വിശദമായ അന്വേഷണം അനിവാര്യമാണെന്നും ഹൈക്കോടതിയുടെ നിരീക്ഷണം വന്നിരിക്കുകയാണ്. വ്യാജപരാതിയാണ് ഉന്നയിച്ചതെന്ന് ബോധ്യമായാല്‍ പരാതിക്കാരിക്കെതിരേ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് നിര്‍ദേശിക്കുന്നുണ്ട്. സ്ത്രീകള്‍ നടത്തുന്നത് സുവിശേഷമായി കാണേണ്ടതില്ലെന്ന ഗൗരവകരമായ നിരീക്ഷണവും അദ്ദേഹം നടത്തുന്നുണ്ട്. ആരെങ്കിലും പരാതി ഉന്നയിച്ചാല്‍ അപ്പോള്‍ തന്നെ എഫ്ഐആര്‍ തയ്യാറാക്കി നടപടികളിലേക്ക് കടക്കും മുമ്പ് പരാതിക്കാരനെ കേള്‍ക്കുവാനും പരാതിക്കാരന് മറ്റൊരു പക്ഷം ഉണ്ടെങ്കില്‍ അതില്‍ അന്വേഷണം നടത്തുവാനും പൊലീസ് തയ്യാറാകണമെന്ന നിര്‍ദ്ദേശമാണ് കോടതി മുന്നോട്ടുവയ്ക്കുന്നത്.
പരാതി വ്യാജമാണെന്ന് കണ്ടെത്തിയാലും തിരിച്ചടിയുണ്ടാകുമോ എന്നതിനാല്‍ സ്ത്രീകള്‍ക്കെതിരേ കേസെടുക്കാന്‍ പൊലീസ് മടിക്കുമെന്നും അത്തരം ഭയം വേണ്ടെന്നും കോടതി പറഞ്ഞു. ബോബി ചെമ്മാണ്ണൂരിന്റെ ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്തതും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് തന്നെയായിരുന്നു. ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിന്റെ വേണ്ടിവന്നാല്‍ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് അദ്ദേഹം പറയുകയായിരുന്നു. ബോബി സൂപ്പര്‍ കോടതി ചമയേണ്ട. തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം. പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണനടത്താനും കോടതിക്കറിയാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് മുന്നറിയിപ്പ് നല്കി. ജാമ്യം ലഭിച്ചിട്ടും ബോബി എന്തിന് ജയിലില്‍ തുടര്‍ന്നുവെന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് അറിയിക്കണമെന്നും കോടതി പ്രതിഭാഗം അഭിഭാഷകനോട് നിര്‍ദേശിക്കുകയും ചെയ്യുകയുണ്ടായി. രക്തബന്ധത്തിലുള്ളവര്‍ക്ക് എതിരെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നല്കുന്ന പീഡന പരാതികളില്‍ അറസ്റ്റ് ഉള്‍പ്പെടെ നടപടികളിലേക്കു കടക്കും മുന്‍പു പൊലീസ് അതീവ ശ്രദ്ധയും ജാഗ്രതയും കാണിക്കണമെന്ന് കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
പോക്സോ നിയമത്തിന്റെ ദുരുപയോഗവും കള്ളപ്പരാതികളും കോടതി നടപടികളെ പോലും പ്രതിസന്ധിയിലാക്കുമെന്നും ഇക്കാര്യം പരിശോധിച്ച് സര്‍ക്കാര്‍ മാര്‍ഗരേഖ ഉണ്ടാക്കണമെന്നും കോടതി അന്ന് പറഞ്ഞിരുന്നു. കുടുംബ തര്‍ക്കങ്ങളിലും പിതാവിനെതിരെ കുട്ടികളെ കൊണ്ട് കള്ളപ്പരാതി കൊടുപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി പ്രതികരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കള്ളപ്പരാതി നല്കിയാലും നടപടിയില്‍ നിന്ന് സംരക്ഷിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. പക്ഷേ, ഇത്തരം കള്ളപ്പരാതിയില്‍ അന്യായമായി തടവില്‍ കഴിയേണ്ടി വരുന്നവരുടെ ദുരിതത്തിനും മനോവ്യഥയ്ക്കും ആര് നഷ്ടപരിഹാരം നല്കുമെന്നു കോടതി ചോദിച്ചു. ഇക്കാര്യം സര്‍ക്കാര്‍ തലത്തില്‍ വിശദമായി പരിശോധിക്കണമെന്നും നിര്‍ദേശമുണ്ടായി. കുട്ടികളെയും സ്ത്രീകളെയും പ്രതിയോഗികളെ നേരിടുന്നതിനുള്ള ഉപാധിയായിട്ടാണ് പലരും ഇപ്പോള്‍ ഉപയോഗിക്കുന്നത്.
പ്രണയബന്ധങ്ങള്‍ തകരുമ്പോള്‍ അതിന്റെ വാശി തീര്‍ക്കുവാനും വ്യാജ കേസുകളിലേക്ക് പല സ്ത്രീകളും കടന്നുപോകാറുണ്ട്. പ്രണയകാലത്ത് നടക്കുന്ന ലൈംഗികബന്ധം പീഡനം ആണെന്ന വാദത്തിനുള്ള ലീഗല്‍ ബാക്കിങ്ങ് ഇനി പറയുന്നവയാണ്. സമ്മതമുള്ള ലൈംഗികബന്ധം പീഡനം അല്ലെന്ന് നിയമത്തില്‍ പറയുന്നുണ്ടെങ്കിലും എല്ലാ സമ്മതവും സമ്മതമല്ലെന്ന് നിയമം തന്നെ പറയുന്നുണ്ട്. ഇതനുസരിച്ച് പേടി കൊണ്ടൊ മിസ്കണ്സപ്ഷന് കൊണ്ടൊ ഉണ്ടാകുന്ന സമ്മതം സമ്മതമല്ല. അപ്പൊള്‍ വിവാഹം കഴിക്കാം എന്ന വാഗ്ദാനത്തില്‍ സ്ത്രീക്ക് ഒരു മിസ്കണ്സപ്ഷന് അഥവാ തെറ്റിദ്ധാരണ കൊണ്ട് ഉണ്ടാകുന്ന ലൈംഗിക സമ്മതത്തെ പൂര്‍ണ സമ്മതമായി കാണാവാനാവില്ലെന്നാണ് വാദം. പ്രണയിക്കാന്‍ പഠിച്ചിട്ടില്ല എന്നത് പോലെ മാന്യമായി പിരിയാനും പഠിച്ചിട്ടില്ല എന്നതാണ് പൊതുവെ ഇത്തരം വ്യാജ കേസുകള്‍ക്ക് കാരണമാകുന്നത്.
ഉദാഹരണത്തിന് ഒരു പ്രണയത്തില്‍ ഒരു സ്ത്രീ നോ പറഞ്ഞാല്‍ അവരെ തേപ്പുകാരാക്കി പിന്തുടര്ന്ന് കൊല്ലാന്‍ മടിക്കാത്ത പുരുഷന് ഒരു ഭാഗത്ത്. ഒരു പുരുഷന് നോ പറഞ്ഞാല്‍ കേസ് കൊടുത്ത് അയാളെ ജയിലാക്കുന്ന സ്ത്രീ മറു വശത്ത്. ഇവ രണ്ടും പ്രണയമല്ല എന്ന് തിരിച്ചറിയാന്‍ നമ്മള് പഠിക്കേണ്ടതുണ്ട്. കള്ളപ്പരാതികളെ കുറിച്ച് പറയുമ്പോള്‍ പലരും ചോദിക്കുന്ന ഒരു കാര്യം, അതിനൊക്കയല്ലെ കോടതി..? അതവിടെ തെളിയിച്ചാല്‍ പോരെ എന്നത്. സ്ത്രീകളെ ഉപദ്രവിക്കുന്നതും കുട്ടികളെ പീഡിപ്പിക്കുന്നതിന്റെയുമൊക്കെ പരാതികള്‍ ഉണ്ടായാല്‍ എന്താണ് നടപടി ക്രമങ്ങള്‍ എഞന്ന് മനസ്സിലായാല്‍ തെളിയിക്കലിന് എത്ര കാലമെടുക്കുമെന്ന് മനസ്സിലാകും. ഒരു പൊലീസ് സ്റ്റേഷനില്‍ സ്ത്രീകള്‍ക്ക് കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ പോലുള്ള ഗൗരവകരമായ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പരാതികള്‍ ലഭിച്ചാല്‍ പൊലീസ് ഓഫീസര്‍ അത് രേഖപ്പെടുത്തുകയും കേസ് എടുക്കകയും വേണം. ഇതിന് മജിസ്ട്രേട്രേറ്റിന്റെ അനുമതിയുടെ ആവശ്യമില്ല.
ഇത്തരം കേസുകളില്‍ പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതും പൊലീസിന്റെ ഉത്തരാവാദിത്തമാണ്. അത് കൊണ്ട് തന്നെ പരാതി വ്യാജമാണെങ്കിലും അന്വേഷണം ആരംഭിക്കേണ്ടത് പൊലീസിന്റെ ഉത്തരാവാദിത്തമാണ് എന്നര്‍ത്ഥം. മാത്രവുമല്ല, പരാതി ഉന്നയിക്കുമ്പോള്‍ തന്നെ അത് വ്യാജമാണെന്ന് കരുതാനും പാടില്ലല്ലൊ. ഇത്തരമൊരു കേസില്‍ അറസ്റ്റിലാകപ്പെടുന്ന പ്രതിക്ക് പുറത്തിറങ്ങാന്‍ പിന്നെ പല കടമ്പകളുമുണ്ട്. വകുപ്പുകള്‍ ഇത്രയും ശക്തമാക്കിയിരിക്കുന്നത് ഇരകളെ സംരക്ഷിക്കാനാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഒരു വ്യാജ പരാതിക്ക് ഇരയാകുന്നയാള്‍ക്ക് ജാമ്യം ലഭിക്കാന്‍ തന്നെ ചിലപ്പോള്‍ മാസങ്ങള്‍ എടുക്കും. ഇനി കുറ്റവാളി അല്ല എന്നാണ് തെളിയിക്കേണ്ടതെങ്കില് ഒരു കേസിന്റെ വിചാരണയിലൂടെ മാത്രമെ ഇത് സാധ്യമാവൂ. അത് ഏറെ വര്‍ഷങ്ങള്‍ നീണ്ടുപോകുന്ന ഒന്നാണെന്നതാണ് വസ്തുത.
