പ്രത്യേക ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് ആള്‍ക്കൂട്ടക്കൊലകള്‍ ആവര്‍ത്തിക്കപ്പെടുന്ന ദുരവസ്ഥയാണ് ഇന്നുള്ളത്. സംസ്ഥാനം ഒരുകാലത്തും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത അസാധാരണമായ സംഭവവികാസങ്ങളാണ് സമീപകാലത്ത് അരങ്ങേറുന്നത്. നാട് ഇതെങ്ങോട്ടാണ് പോകുന്നതെന്ന് വലിയ ആശങ്കയോടെ ചിന്തിക്കേണ്ട അവസ്ഥയായിരിക്കുന്നു. യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ വളര്‍ന്നു വരുന്ന അക്രമവാസന നാടിനെ വല്ലാതെ അസ്വസ്ഥമാക്കുന്നതാണ്. ലഹരിയുടെ ഉപയോഗം അടക്കം ഇതിനു കാരണങ്ങള്‍ പലതുണ്ട്. അതു തിരിച്ചറിഞ്ഞ് തിരുത്തല്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തിയില്ലെങ്കില്‍ കേരളത്തിന്റെ സമാധാനാന്തരീക്ഷമാണ് തകരാന്‍ പോകുന്നത്. മനുഷ്യത്വമില്ലാത്ത തലമുറയാണ് വളര്‍ന്നുവരുന്നതെങ്കില്‍ അതിന്റെ ദോഷം നാടിനൊന്നാകെയാണ്.
ഏതാനും ദിവസം മുന്‍പാണ് തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഇരുപത്തിമൂന്നുകാരന് അഫാന് സ്വന്തം കുടുംബത്തിലെ നാലു പേരെയും പെണ്‍സുഹൃത്തിനെയും നിഷ്ക്രൂരം വെട്ടിക്കൊലപ്പെടുത്തിയതും അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചതും. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കണ്ടും കേട്ടും നാടൊന്നാകെ ഭീതിയോടെ വിറങ്ങലിച്ചു നില്ക്കുമ്പോള് തന്നെയാണ് താമരശേരിയില്‍ പതിനഞ്ചുകാരനായ സ്കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് പത്താം ക്ലാസുകാരുടെ കൂട്ടത്തല്ലില്‍ പരുക്കേറ്റു മരിക്കുന്നത്. ട്യൂഷന് സെന്ററില്‍ യാത്രയയപ്പിനിടെയുണ്ടായ പ്രശ്നങ്ങളുടെ തുടര്‍ച്ചയായി ടൗണില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു.രണ്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ കുട്ടികള്‍ തമ്മിലാണ് ട്യൂഷന് സെന്ററില്‍ തര്‍ക്കമുണ്ടാവുന്നത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന ആ സംഭവത്തിനു ശേഷം അതിന്റെ ‘കണക്കുതീര്‍ക്കല്‍’ വ്യാഴാഴ്ചയായിരുന്നു. ട്യൂഷന് സെന്ററിലെ വിദ്യാര്‍ഥിയല്ലാത്ത ഷഹബാസിനെ കൂട്ടുകാരന് വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നുവെന്നും പറയുന്നുണ്ട്. മര്‍ദിച്ചവരില്‍ മുതിര്‍ന്നവരും ഉണ്ടായിരുന്നതായി ഷഹബാസിന്റെ രക്ഷിതാക്കള്‍ ആരോപിക്കുന്നു. ‘ഷഹബാസിനെ കൊല്ലുമെന്നു ഞാന്‍ പറഞ്ഞതാ, കൊന്നിരിക്കും’ എന്നാണ് മര്‍ദനത്തിനു നേതൃത്വം നല്കിയവന്റെ ഇന്‍സ്റ്റഗ്രാമില്‍ വന്ന പ്രതികരണം. കൂട്ടത്തല്ലില്‍ ഒരുത്തന് മരിച്ചാലും ഒരു വിഷയവുമില്ല, കേസെടുക്കില്ല, എടുത്താലും തള്ളിപ്പോകും എന്നൊക്കെയാണവന്‍ പറയുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാനും വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊലക്കുറ്റം ചുമത്തി നടപടികള്‍ തുടരുന്നുണ്ട്. നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിനു മരണകാരണമായ പരുക്കേറ്റതെന്നു പൊലീസ് പറയുന്നു. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഒരു തര്‍ക്കം ഒരു കുട്ടിയുടെ ജീവനെടുക്കുന്നതിലേക്ക് എത്തുന്നുവെങ്കില്‍ എന്തു വിശ്വസിച്ചാണ് കുട്ടികളെ സ്കൂളിലും ട്യൂഷന് സെന്ററിലുമൊക്കെ അയയ്ക്കുക. കൂട്ടത്തല്ലുണ്ടാക്കി തല്ലിക്കൊന്നാലും ഒരു കുഴപ്പവുമില്ല എന്നൊക്കെ ഈ കുട്ടികള്‍ എന്തുകൊണ്ടാണു വിശ്വസിക്കുന്നത്. വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാംപസില്‍ ഒരു സംഘം വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനത്തിന് ഇരയായ രണ്ടാം വര്‍ഷ ബിവിഎസ് സി വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥനെ പിന്നീട് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവമുണ്ടായിട്ട് ഒരു വര്‍ഷം ആയതേയുള്ളൂ. അപ്പോഴാണ് അതിനേക്കാള്‍ ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.
ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സിദ്ധാര്‍ഥനെ കാണുന്നത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പതിനെട്ടിനാണ്. ഒരു സംഘം സീനിയര്‍ വിദ്യാര്‍ഥികളുടെ മൃഗീയമായ റാഗിങ് സിദ്ധാര്‍ഥനെ ശാരീരികമായും മാനസികമായും തളര്‍ത്തുകയായിരുന്നു. നൂറോളം വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ പരസ്യ വിചാരണ നടത്തുകയും വിവസ്ത്രനാക്കി മര്‍ദിക്കുകയും ചെയ്തു. ബെല്റ്റു കൊണ്ട് അടിച്ചെന്നും മൂന്നു ദിവസം വെള്ളവും ഭക്ഷണവും നല്‍കിയില്ലെന്നും പറയുന്നുണ്ട്. അതിനു ശേഷവും യുവാക്കളും വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് പല അക്രമ സംഭവങ്ങളും കേരളം കാണുകയുണ്ടായി. കോട്ടയത്ത് ഗവണ്മെന്റ് നഴ്സിങ് കോളെജില്‍ റാഗിങ്ങുമായി ബന്ധപ്പെട്ടുണ്ടായ ക്രൂരതകള്‍ സമീപനാളുകളിലാണു കേട്ടത്. നഗ്നരാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ കെട്ടിത്തൂക്കുക, സൂചി ഉപയോഗിച്ച് ശരീരത്തില്‍ മുറിവേല്‍പ്പിക്കുക, ശരീരത്തില്‍ കോമ്പസ് ഉപയോഗിച്ച് വരഞ്ഞു മുറിവുണ്ടാക്കിയ ശേഷം മുറിവുകളില്‍ ലോഷന്‍ ഒഴിക്കുക, വേദനയെടുത്തു പുളയുമ്പോള്‍ വായിലും ശരീര ഭാഗങ്ങളിലും ക്രീം തേച്ചു പിടിപ്പിക്കുക തുടങ്ങിയ ക്രൂരകൃത്യങ്ങളാണ് അവിടെ നടമാടിയിരുന്നത്. സല്യൂട്ട് നല്‍കിയില്ലെങ്കില്‍ അസഭ്യം പറയുക, കട്ടിലില്‍ കെട്ടിയിട്ടു മര്‍ദിക്കുക, മദ്യപിക്കാന്‍ ജൂനിയര്‍ വിദ്യാര്‍ഥികളില്‍ നിന്ന് പണം വാങ്ങുക തുടങ്ങി പലവിധത്തിലായിരുന്നു പീഡനങ്ങള്‍. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി മറ്റു ജൂനിയര്‍ വിദ്യാര്‍ഥികളെ കാണിച്ച് അവരെ ഭയപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ. കട്ടിലില്‍ കെട്ടിയിട്ടു ശരീരം മുഴുവന്‍ ലോഷന്‍ പുരട്ടിയ ശേഷം ഡിവൈഡര്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുന്നതും ഇരകള്‍ വേദനകൊണ്ടു പുളയുമ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ അട്ടഹസിക്കുന്നതും പോലുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ മനസാക്ഷിയുള്ള ആരും ഞെട്ടിയിട്ടുണ്ടാവും. തൃപ്പൂണിത്തുറയില്‍ പതിനഞ്ചു വയസുകാരന് ഫ്ലാറ്റിനു മുകളില്‍ നിന്നു ചാടി മരിച്ചത് സ്കുളില്‍ സഹപാഠികളുടെ റാഗിങ്ങിനെത്തുടര്‍ന്നാണെന്നു പരാതി ഉയര്‍ന്നതും സമീപകാലത്ത് തന്നെയാണ്.
വീടുകളിലായാലും സ്കൂളുകളിലായാലും കോളെജുകളിലായാലും മറ്റുള്ളവരോട് മനുഷ്യത്വം കാണിക്കാത്ത തലമുറയല്ല വളര്‍ന്നുവരുന്നതെന്ന് ഉറപ്പിക്കേണ്ടതുണ്ട്. വിവേകം നഷ്ടപ്പെടുന്ന കുട്ടികളെയല്ല നാടിനു വേണ്ടത്. നല്ല മൂല്യങ്ങള്‍ പകര്‍ന്നു നല്കേണ്ടവയാണ് വിദ്യാലയങ്ങള്‍. സ്നേഹവും സഹവര്‍ത്തിത്വവും അച്ചടക്കവും എല്ലാം പഠിക്കേണ്ടത് വിദ്യാലയങ്ങളില്‍ നിന്നാണ്. കാസര്‍ഗോഡ് ഒരു സ്കൂളില്‍ നടന്ന പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പാര്‍ട്ടിക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി മരുന്നുകള്‍ എത്തിച്ചത് പൊലീസ് പിടികൂടിയത് കേവലം ദിവസങ്ങള്‍ക്കു മുന്‍പാണ്. സംസ്ഥാനത്തെ എത്രയെത്ര കലാലയങ്ങള്‍ ലഹരി മരുന്നുകളുടെ വില്‍പ്പന കേന്ദ്രങ്ങളായി മാറുന്നുവെന്ന് അതീവ ഗൗരവത്തോടെ നോക്കിക്കാണേണ്ട ഒന്നാണ്. വയലന്‍സ് പ്രമേയം ആകുന്ന സിനിമകളുടെയും സോഷ്യല്‍ മീഡിയയുടെയും സ്വാധീനം, മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗം തുടങ്ങി കുട്ടികളുടെ മാനസികാവസ്ഥ മാറ്റിമറിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയുണ്ടെന്നു പരിശോധിക്കേണ്ടതുണ്ട്. കൊലവിളി നടത്താനും കൊലക്കത്തിയെടുക്കാനും ഒരു മടിയുമില്ലാത്ത തലമുറ വളര്‍ന്നുവരുന്നത് ഏതു വിധത്തിലും നമുക്കു തടയേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയുള്ള പരിശ്രമമാണ് എല്ലാവരും നടത്തേണ്ടത്.
